കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസ്: നാലുപേരെ അറസ്റ്റ് ചെയ്തു
text_fieldsപാലക്കാട്: കണ്ണാടിയിൽ കോൺഗ്രസ് പ്രവർത്തകരെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ നാല് യുവാക്കളെ അറസ്റ്റ് ചെയ്തു. മാത്തൂർ തച്ചങ്കാട് ആങ്കിരംകാട് ദിനേശ് (33), മാത്തൂർ മല്ലൻകുടം ഗണേഷ് (45), കൊടുന്തരപ്പുള്ളി നെടുംപറമ്പ് സിജിൽ (27), മാത്തൂർ അക്കരക്കാവ് സുനിൽ (43) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച സ്വിഫ്റ്റ് കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിന്റെ പിടിയിലായ യുവാക്കൾ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചിരുന്നു.
തിങ്കളാഴ്ച രാവിലെയാണ് കണ്ണനൂർ ജങ്ഷനിൽ വെച്ച് കോൺഗ്രസ് പ്രവർത്തകരായ വിനീഷ്, റെനിൽ, അമൽ, സുജിത്ത് എന്നിവർക്കു നേരെ ആക്രമണമുണ്ടായത്. പരിക്കേറ്റ നാലുപേരെയും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സാമ്പത്തിക ഇടപാടിലെ പ്രശ്നങ്ങൾ ചോദ്യംചെയ്തതിന് കോൺഗ്രസ് പ്രവർത്തകർ മർദിച്ചെന്നും ഇതിന്റെ പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നും അറസ്റ്റിലായവർ മൊഴി നൽകിയിട്ടുണ്ട്. 5000 രൂപ പലിശക്ക് വായ്പയെടുത്ത ഓട്ടോറിക്ഷ തൊഴിലാളിക്കു നേരെ അടവ് തെറ്റിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി ആക്രമണ ശ്രമമുണ്ടായിരുന്നു. കോൺഗ്രസ് പ്രവർത്തകർ പ്രശ്നം അവസാനിപ്പിക്കാൻ ഇടപെടുകയും പരിഹാര നടപടികൾ നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇവർ രാവിലെ ഓഫിസിലിരിക്കെ മാരകായുധങ്ങളുമായി എത്തിയ സംഘം വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു.
കണ്ണാടി സ്വദേശികളെ ആക്രമിച്ച കേസിലെ പ്രതികളെ സൗത്ത് പൊലീസ് എത്തിച്ച് പരിശോധിച്ചതിൽ ഗണേശൻ, ദിനേശ് എന്നിവർക്ക് മുഖത്തും ശരീരത്തിനും അടികൊണ്ട് പരിക്കുള്ളതിനാൽ ചികിത്സക്കായി ജില്ല ആശുപത്രിയിൽ എത്തിച്ചു. കഴിഞ്ഞ ദിവസം കണ്ണനൂർ ജങ്ഷനിൽ ചായ കുടിക്കാനായി വന്ന സമയത്ത് ഗണേശൻ, ദിനേശ് എന്നിവരെ വിനീഷും സംഘവും ചേർന്ന് മർദിച്ചെന്നും അത് ചോദിക്കുന്നതിനും തിരികെ മർദിക്കുന്നതിനുമായി രാവിലെ വന്നതാണെന്നും പ്രതികൾ സമ്മതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

