പെരിന്തല്‍മണ്ണ: അറബിയില്‍ നിന്ന് സാമ്പത്തിക സഹായം വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 55കാരിയുടെ നാലര പവന്‍ സ്വര്‍ണാഭരണങ്ങളും രണ്ടായിരം രൂപയും കവര്‍ന്നതായി പരാതി. പെരിന്തല്‍മണ്ണ പൊന്ന്യാകുര്‍ശി സ്വദേശിനിയാണ് ഈ മാസം അഞ്ചിന് നടന്ന സംഭവത്തില്‍ പരാതിയുമായി പെരിന്തല്‍മണ്ണ പൊലീസ് സ്‌റ്റേഷനിലെത്തിയത്.
പെരിന്തല്‍മണ്ണ ടൗണില്‍ ബസ് കാത്ത് നില്‍ക്കവേ അടുത്തെത്തിയ ഒരാള്‍, ഇവരുടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച ഭര്‍ത്താവിെൻറ പേരടക്കം പറഞ്ഞ് പരിചയപ്പെടുകയും മുമ്പ് വീട്ടില്‍ വന്നതായും പറഞ്ഞു. വിദേശത്തായിരുന്നെന്നും തനിക്ക് പരിചയമുള്ള ഒരു അറബിയുണ്ടെന്നും അദ്ദേഹത്തിൽ നിന്ന് സാമ്പത്തിക സഹായം വാങ്ങിത്തരാമെന്നും വിശ്വസിപ്പിച്ചു. ബസില്‍ കോട്ടക്കല്‍ വരേയും പിന്നീട് തൃശൂരിലുമെത്തി.
ദേഹത്തെ ആഭരണങ്ങള്‍ കണ്ടാല്‍ അറബി സഹായിക്കില്ലെന്ന് പറഞ്ഞ് മാലയും വളകളും ഊരിവാങ്ങി. കൈയിലുണ്ടായിരുന്ന രണ്ടായിരം രൂപയും വാങ്ങി പോക്കറ്റിലിട്ടു. സ്ത്രീയെ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തി ഉടനെയെത്താമെന്ന് പറഞ്ഞ് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.
ടാക്‌സിക്കാരും മറ്റും ചേര്‍ന്ന് സ്ത്രീയെ തൃശൂർ പൊലീസിന് കൈമാറി. പരാതി സ്വീകരിച്ച് പൊലീസ് നാട്ടിലേക്കയക്കുകയായിരുന്നു. അന്വേഷണത്തിൽ പുരോഗതിയില്ലാതായതോടെ പെരിന്തൽമണ്ണ പൊലീസിനെ സമീപിക്കുകയായിരുന്നു. മുമ്പും പെരിന്തല്‍മണ്ണയില്‍ ഇത്തരം സംഭവമുണ്ടാകുകയും പ്രതിയെ പിടികൂടുകയും ചെയ്തിട്ടും സമാന തട്ടിപ്പുകൾ കൂടുകയാണ്.