നാല് വിമാനത്താവളം, അഞ്ചുകൊല്ലം, പിടികൂടിയത് 1296 കിലോ സ്വർണം
text_fieldsആലപ്പുഴ: സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങൾ വഴി കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ പിടിച്ചെടുത്തത് 1296 കിലോഗ്രാം കള്ളക്കടത്ത് സ്വർണം. ഇതിെൻറ മൂല്യം കണക്കാക്കിയിരിക്കുന്നത് 377.56 കോടി. വിമാനത്താവളം വഴിയല്ലാതെ പിടികൂടിയ കള്ളക്കടത്ത് സ്വർണം 230.43 കിലോവരും. മൂല്യം 70.59 കോടി. 1206 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്. കേന്ദ്ര റവന്യൂ വകുപ്പിലെ കസ്റ്റംസ് (പ്രിവൻറിവ്) കമീഷണർ ഒാഫിസിൽനിന്ന് 'പ്രോപ്പർ ചാനൽ' സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസ് വിവരാവകാശ നിയമപ്രകാരം സമ്പാദിച്ച വിവരങ്ങളാണിത്.
കൊച്ചി വിമാനത്താവളം വഴി 145.59 കോടിയുടെ 500 കിലോയും തിരുവനന്തപുരം വഴി 47.99 കോടിയുടെ 153.56 കിലോയും കോഴിക്കോട് വഴി 99.82 കോടിയുടെ 591.7 കിലോയുമാണ് കടത്തിയത്. 2018 ഡിസംബറിൽ മാത്രം തുറന്ന കണ്ണൂർ വിമാനത്താവളം വഴി 6.63 കോടിയുടെ 51.21 കിലോ കടത്തിയിരുന്നു. ആർക്കു വേണ്ടിയാണ് സ്വർണം കൊണ്ടുവരുന്നതെന്നും ആരാണ് യഥാർഥ ഉപഭോക്താവ് എന്നതും ഒരു കേസിലും പുറത്തുവന്നിട്ടില്ലെന്നത് കള്ളക്കടത്തിെൻറ വ്യാപ്തി വർധിപ്പിക്കുന്നതായി ഹരിദാസ് 'മാധ്യമ'ത്തോട് പറഞ്ഞു.