വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ സി.പി.എം നേതാവ് സക്കീർ ഹുസൈൻ അടക്കം നാല് പ്രതികളെ വെറുതെ വിട്ടു
text_fieldsകൊച്ചി: എറണാകുളത്ത് വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സി.പി.എം നേതാവ് സക്കീർ ഹുസൈൻ അടക്കമുള്ള പ്രതികളെ കോടതി വെറുതെ വിട്ടു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പരാതിക്കാരനായ ജൂബി പോള്‍ ഉള്‍പ്പടെയുള്ള കേസിലെ മുഴുവന്‍ സാക്ഷികളും കൂറുമാറിയ സാഹചര്യത്തിലാണ് നടപടി.
കോടതിക്ക് പുറത്ത് കേസ് ഒത്തുതീർപ്പാക്കിയതിനെ തുടർന്നാണ് പ്രതികളെ വെറുതെ വിട്ടത്. മുഖ്യ സാക്ഷി അടക്കമുള്ള മുഴുവൻ സാക്ഷികളും കൂറുമാറി. കേസ് തെളിയിക്കാൻ പൊലീസിന് യാതൊരു തെളിവും ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു.
പ്രതികൾക്കെതിരായ കേസ് സംശയാസ്പദമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായി പരാജയപ്പെട്ടെന്നും കോടതി വ്യക്തമാക്കി. ഒന്നാം പ്രതി സക്കീർ ഹുസൈൻ, രണ്ടാം പ്രതി കറുകപ്പള്ളി സിദ്ദിഖ്, മൂന്നാം പ്രതി തമ്മനം ഫൈസൽ, നാലാം പ്രതി തോമസ് എന്നിവരെയാണ് വെറുതെ വിട്ടത്.