Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജീവിതം തന്നെ...

ജീവിതം തന്നെ പണയത്തിലായ നാട്

text_fields
bookmark_border
ജീവിതം തന്നെ പണയത്തിലായ നാട്
cancel

ചേരികളിലെ പാലായനങ്ങള്‍

കൊച്ചിയെന്നാല്‍ സ്മാര്‍ട് സിറ്റിയാണ്. വാണിജ്യ -വ്യാപാരങ്ങളുടെ തലസ്ഥാന നഗരി. പാഠപുസ്തക താളുകളിലെ ‘അറബിക്കടലിന്‍െറ റാണി’. ജലഗതാഗതത്തിന്‍െറ കേന്ദ്രം. വിദേശികള്‍ കച്ചവടം നടത്താന്‍ തെരഞ്ഞെടുത്ത ഈ നഗരത്തില്‍ രാജ്യത്തിന്‍െറ ആധിപത്യത്തിന് വേണ്ടി ഇവര്‍ പോരാടി. ലോകമൊട്ടുക്കുമുള്ള വിനോദസഞ്ചാരികളുടെ പറുദീസ. പൈതൃകവും പാരമ്പര്യവും സമന്വയിക്കുന്ന തെരുവുകള്‍ കൊച്ചിയുടെ സമ്പത്താണ്. മൂക്ക് പതിഞ്ഞവരും കണ്ണ് ഇറുങ്ങിയവരും വലിയ തലയുള്ളവരും ആജാനുബാഹുകളും കുറിയവരും വെളുപ്പും കറുപ്പും മഞ്ഞയും ചുവപ്പും നിറമുള്ളവരുമായി വര്‍ണ വര്‍ഗ വിന്യാസങ്ങളുടെ സങ്കരഭൂമി. ജപ്പാന്‍, ഈജിപ്ത്, ഇസ്രയേല്‍, ചൈന, പോര്‍ച്ചുഗല്‍, ബ്രിട്ടന്‍, നേപ്പാള്‍ തുടങ്ങിയ ലോകരാജ്യങ്ങളില്‍ നിന്നും ഇന്ത്യയുടെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ നിന്നും ഇവിടെയത്തെി സ്ഥിരതാമസമാക്കിയ എത്രയോ ജനതതികളുടെ ആവാസകേന്ദ്രമാണ് മട്ടാഞ്ചേരിയും ഫോര്‍ട്ട്കൊച്ചിയും. ജൈനരും സിക്കുകാരും പാര്‍സികളും പഠാണികളും ബോറികളും കച്ചികളും ആലായിമാരും സേട്ടുമാരും ജൈനരും കുഡുംബികളും ഈഴവരും മുസ്ളിങ്ങളും ജൂതരും കൃസ്ത്യാനികളും അടക്കം വിവിധ മതവിശ്വാസികള്‍ ഒത്തൊരുമയോടെ കഴിയുന്നയിടം.

പക്ഷെ, ഇന്ന് അതൊരു തുരുത്താണ്. വരാനും പോകാനും അതിനിടയില്‍ അല്‍പ്പകാലം തങ്ങാനും വേണ്ടി മാത്രമുള്ള സ്ഥലം. പുറത്തുള്ളവര്‍ മട്ടാഞ്ചേരിയടക്കമുളള പശ്ചിമകൊച്ചിയെ അവജ്ഞയോടെയാണ് കാണുന്നത്. അപരിഷ്കൃതരെന്ന് മുദ്രകുത്തി സമൂഹത്തിന്‍െറ മുഖ്യധാരയില്‍ നിന്ന് നഗരിയെ മാറ്റി നിറുത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നതിനാലാണ് പുറത്തുളളവര്‍ക്ക് അത്തരമൊരുമൊരു തോന്നല്‍ ഉണ്ടായതെന്ന് ഇവിടുളളവര്‍ പറയുന്നു .എന്നാല്‍, എത്തിപ്പെട്ട ഒരാളും ഇവിടം വിട്ടുപോകാത്തവിധം അത്രയും ഹൃദയഹാരിയാണ് ഈ തുറമുഖ നഗരിയെന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു. അക്ഷരപ്രേമവും സംഗീതവും ആഘോഷപെരുമയും ഭക്ഷണവൈവിധ്യവും കാല്‍പന്ത് കളികമ്പവും മറ്റുമായി മുന്നേറുമ്പോഴും പ്രതാപത്തിന്‍െറ പഴമ പറയലല്ലാതെ വികസനത്തിന്‍െറ എത്തിനോട്ടം പോലും ഇങ്ങോട്ട് പതിക്കുന്നില്ല. തുറമുഖകാലത്ത് ഉച്ചിയില്‍ നിന്നിരുന്ന മട്ടാഞ്ചേരി പെരുമ പിന്നീട് ക്ഷയിച്ചു. കപ്പലുകള്‍ക്കൊപ്പം പട്ടണപ്രതാപവും വിസ്മൃതിയിലായി. വില്ലിങ്ടണ്‍ ഐലന്‍റിലേക്ക് ഗതിമാറി ഒഴുകിയ തുറമുഖത്തോടൊപ്പം പൈതൃകനഗരിയെന്ന ചെല്ലപേരിട്ട് മട്ടാഞ്ചേരിയെ ഇപ്പോള്‍ ചില്ലിട്ട് വെച്ചിരിക്കുകയാണ്. അതോടെ ഇവിടങ്ങളിലെ ജനത പാര്‍ശ്വവത്കരിക്കപ്പെട്ടു. പൊതുജനസേവകരാകേണ്ടവര്‍ തിരിഞ്ഞ് നോക്കാതെ കൂടിയായപ്പോള്‍ മട്ടാഞ്ചേരി മുരടിച്ചു. ഇപ്പോള്‍ ചേരികളുടെയും ഗുണ്ടകളുടെയും നാടെന്ന് പറയാനാണ് പലര്‍ക്കും താല്‍പ്പര്യം.

 

കൊച്ചി കണ്ടവന് അച്ചി വേണ്ട

പഴഞ്ചൊല്ലുകളില്‍ പലതും പതിരായി മാറിക്കഴിഞ്ഞിരിക്കുന്നു. മട്ടാഞ്ചേരി എന്ന പഴയ കൊച്ചിയെ കുറിച്ചുള്ള ഈ പഴഞ്ചൊല്ലും കാലഹരണപ്പെട്ടു. നേരത്തെ മട്ടാഞ്ചേരിയില്‍ കിട്ടാത്തതായി ഒന്നുമുണ്ടായിരുന്നില്ല. കപ്പലുകളിലും ഉരുകളിലും മച്ചുവകളിലും ചെറിയ തോണികളിലും കരക്കത്തെിയിരുന്ന എല്ലാ വിധ ചരക്കു സാമഗ്രികളും വസ്ത്രങ്ങളും വരെ സൂക്ഷിച്ചിരുന്നത് ഈ പ്രദേശങ്ങളിലെ വലിയ പാണ്ടികശാലകളില്‍ ആയിരുന്നു. ചെറുതും വലുതുമായ വ്യാപാരികള്‍ ഇവിടെ നിന്നാണ് കേരളത്തിന്‍റെ വിവിധ പ്രദേശങ്ങളിലേക്ക് ചരക്കുകള്‍ കൊണ്ടു പോയിരുന്നത്. ഇതെല്ലാം കയറ്റിയിറക്കാന്‍ ആയിരക്കണക്കിന് തൊഴിലാളികള്‍. അവരുടെ കുടുംബങ്ങളും ഇവിടെയായിരുന്നു താമസിച്ചിരുന്നത്. എന്നാല്‍ എല്ലാം ഇപ്പോള്‍ ഓര്‍മ്മകള്‍ മാത്രമായി.നേരത്തെ ജലം, വായു, റെയില്‍ മാര്‍ഗങ്ങള്‍ എല്ലാം കുറഞ്ഞ ദൂരത്തില്‍ ഉണ്ടായിരുന്ന രാജ്യത്തെ ഒരേയൊരു നഗരവും മട്ടാഞ്ചേരി ആയിരുന്നു. എന്നാല്‍ എല്ലാം നഷ്ടപ്പെട്ടു. വാത്തുരുത്തി പഴയ കൊച്ചിന്‍ എയര്‍പോര്‍ട്ട് ഇന്ന് നെടുമ്പാശേരിയിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ഇതിപ്പോള്‍ നാവിക ആവശ്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. പ്രമുഖര്‍ വന്നിറങ്ങിയ കൊച്ചിന്‍ ഹാര്‍ബര്‍ ടെര്‍മിനല്‍ ഇന്ന് നിശബ്ദമാണ്. പൈതൃക തുറമുഖത്ത് നിന്നു ജലയാനങ്ങള്‍ വല്ലാര്‍പ്പാടം കണ്ടെയ്നര്‍ ടെര്‍മിനലിലേക്ക് ഗതി മാറി. അതോടെ ചരക്കു ഗോഡൗണുകളെല്ലാം പരിസര ജില്ലകളിലേക്കും മാറ്റി സ്ഥാപിക്കപ്പെട്ടു. ഇന്നിപ്പോള്‍ യഥാര്‍ത്ഥ കൊച്ചി വെറും വിനോദ സഞ്ചാരവും ചീന വലകളും പൈതൃക ഓര്‍മകളും പഴമ പേറുന്ന പുരാവസ്തുക്കള്‍ വില്‍ക്കുന്ന കച്ചവട കേന്ദ്രങ്ങളും മാത്രമായി മാറി.

കൊച്ചി ഇന്നൊരുപാട് മാറി. അതിരുകളും അതിരില്ലായ്മകളും കായല്‍ പരപ്പ് പോലെ വിശാലമായി കൊണ്ടിരിക്കുന്നുളം. വികസനം സ്മാര്‍ട്ട് സിറ്റിയിലും മെ¤്രടാ റെയിലിലും കേറി വരുമ്പോള്‍ എല്ലാ മലയാളികളും കൊച്ചിയുടെ ഭാഗ്യത്തെ കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ അറിയാതെ പോകുന്ന ഒന്നുണ്ട്. ആഡംബരവും സുഖ സൗകര്യങ്ങളും വലുതായി കൊണ്ടിരിക്കുന്നതിന്‍െറ മറുപുറത്ത് അതേ അളവില്‍ ചേരികളും അഭയാര്‍ഥികളുടെ എണ്ണവും കൂടിക്കൊണ്ടെയിരിക്കുന്നു. എന്നാല്‍ മലയാളിയത് സൗകര്യപ്പൂര്‍വ്വം മറക്കുന്നു .ലോക പൈതൃക നഗരമെന്ന കേള്‍വി കേട്ട കൊച്ചിയിലാണ് ചേരികളുടെ ആധിക്യമുള്ളതെന്നു ഓര്‍ക്കണം. നിരവധി ഫണ്ടുകളും പദ്ധതികളും വകയിരുത്തുന്നുണ്ടെങ്കിലും അവയെല്ലാം യഥാര്‍ത്ഥ കൊച്ചിയായ മട്ടാഞ്ചേരി , ഫോര്‍ട്ട് കൊച്ചി എന്നിവിടങ്ങളില്‍ നിന്നും അവയുടെ പരിസര പ്രദേശങ്ങളില്‍ നിന്നും വളരെ അകലെയാണ്. കേരളത്തിന്‍െറ വികസനത്തിന് വേണ്ടി സ്വയം കുടിയൊഴിഞ്ഞു മാറി നരക തുല്യമായ ജീവിതം നയിക്കുന്നവരുടെ ഇടത്താവളമായി പശ്ചിമ കൊച്ചി മാറിക്കഴിഞ്ഞു. മാറി മാറി വരുന്ന ഭരണകൂട പ്രതിനിധികള്‍ വോട്ടിനു വേണ്ടിയല്ലാതെ ഇവിടെ വരാറില്ല. പല വ്യക്തികളും സംഘടനകളും പത്ര ദൃശ്യ മാധ്യമങ്ങളും ഇവരുടെ ദുരിതങ്ങള്‍ പുറംലോകത്തത്തെിച്ചെങ്കിലും തീര്‍ത്തും അവഗണിക്കപ്പെട്ട വിഭാഗമായി ഇവരുടെ ജീവിതം കാനയിലും പലകയടിച്ച തട്ടിക്കൂട്ട് മുറികളിലുമായി തുടരുന്നു. കൊല്ലം കുറെയായി അതിനു മാത്രം മാറ്റമില്ല. ബഹുനിലകളില്‍ മണിമാളികകള്‍ നിറഞ്ഞ സ്മാര്‍ട്ട് കൊച്ചിയില്‍ നിന്നും കൊച്ചിയെന്ന പേര് കൈമോശം വന്നു പോയ യഥാര്‍ത്ഥ കൊച്ചിയിലേക്കുള്ള ദൂരം വെറും 10 മിനിട്ടാണ് .അത്രയും നേരത്തെ ബോട്ട് യാത്രക്കപ്പുറം കണ്ടത് കുടിയിരിപ്പും ജീവിതവും പണയമാക്കപ്പെട്ട കുറെ ജീവിതങ്ങള്‍.

 

പണയത്തിന്‍റെ നാട്

ഇവിടെ എല്ലാം പണയത്തിലാണ്. അല്ലെങ്കില്‍ വാടകക്ക്. വീടും ജീവിതവുമെല്ലാം പണയഭൂമിയില്‍ മാത്രമായി അനുഭവിക്കേണ്ടവര്‍. 11 മാസമാണ് പണയ കാലവധി. ഇതിനു ശേഷം ദേശാടനക്കിളികളെപോലെ കെട്ടും കിടക്കയുമെടുത്ത് മറെറാരു കൂട് തേടിയലയാനാണ് ഇവരുടെ വിധി. മുമ്പ് കുറഞ്ഞത് ഒരു ലക്ഷം പകിടി കൊടുത്താലെങ്കിലും വീട് കിട്ടുമായിരുന്നു. ഇപ്പോഴതുമില്ല. ഇവിടെ കഴിയുന്ന ലക്ഷക്കണക്കിനാളുകള്‍ താമസിക്കുന്ന ഭൂമിക്ക് കൈവശാവകാശം ഇല്ലാത്തവരാണ്. പട്ടയം നല്‍കാമെന്ന അധികൃതരുടെ പാഴ്വാക്കുകളില്‍ ഇവര്‍ വര്‍ഷങ്ങളായി പ്രതീക്ഷയര്‍പ്പിക്കുന്നുണ്ടെങ്കിലും കാര്യമില്ലെന്ന് അവരുടെ ജീവിതങ്ങള്‍ തന്നെയാണ് തെളിവ്. ട്രസ്റ്റുകളുടെ ഭൂമിയില്‍ വാടകയ്ക്ക് കഴിയുന്നവരാണ് കൂടുതലും. വാടക നല്‍കിയാല്‍ സ്വന്തം ഭൂമി പോലെ കഴിയാം. കുറെ നാള്‍ കഴിഞ്ഞാല്‍ കൂടുതല്‍ തുകക്ക് മറ്റൊരാള്‍ക്ക് ആ പണയം വില്‍ക്കാം. ട്രസ്റ്റിനു പഴയ വാടക നല്‍കിയാല്‍ മതി. ഇങ്ങനെ വീടുകളെന്ന് അവര്‍ സ്വയം വിശ്വസിപ്പിക്കുന്ന പലക അടിച്ച മറയിടങ്ങളില്‍ തലമുറകള്‍ ഇടുങ്ങി ജീവിക്കുന്നു. മന്ത്രിമാരും എം.എല്‍ എ മാരും ബിനാമികളെ നിറുത്തി ഭൂമി സ്വന്തമാക്കുന്നുവെന്ന ആരോപണം ഇന്നലെയും ഇന്നും തുടങ്ങിയതല്ല. നിയമ ബോധവും പണവും കയ്യലില്ലാത്ത ചേരിക്കാര്‍ കുറെ ഒച്ചപ്പടുണ്ടാക്കുമെങ്കിലും കുറെ കഴിഞ്ഞാല്‍ അവയും നിലക്കുകയാണ് പതിവ് . അധികാരികളുടെ കയ്യേറ്റത്തിനു പുറമേ വന്‍കിട ഹോട്ടലുകളും സംഘടനകളും ഭൂമി കയ്യറി റിസോര്‍ട്ടുകള്‍ നടത്തുന്നുണ്ടിവിടെ. പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പിന്‍െറ കയ്യറ്റത്തിനെതിരെ ആരംഭിച്ച നിയമപോരാട്ടത്തില്‍ കേസ് വിചാരണക്കത്തെിക്കാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. എന്നാല്‍, മീന്‍ മാര്‍ക്കറ്റിലും വഴിയോരത്തും കച്ചവടം ചെയ്യുന്നവരെ കുടിയൊഴിപ്പിക്കാന്‍ അധികാരികള്‍ ചര്‍ച്ച ചെയ്ത് പുതിയ പദ്ധതികള്‍ ഉണ്ടാക്കി കൊണ്ടേയിരിക്കുന്നു. കാരണം പറയുന്നതോ, വിനോദ സഞ്ചാരികള്‍ക്ക് വഴി നടക്കാന്‍ പറ്റാതാകുന്നു എന്ന്.

 

വഴി മുട്ടിയ ഗതാഗത സൗകര്യങ്ങള്‍

ജലം ഒരു കടലായി മുന്നില്‍ കിടക്കുമ്പോള്‍ കരക്കണയാന്‍ വഴിയില്ലാതെ വരുന്ന ഒരു ജനത. ആളുകളുടെ ആവശ്യത്തിന് ആനുപാതികമായി ജല ഗതാഗത വാഹനങ്ങള്‍ ഇല്ലാതെ വരുമ്പോള്‍ വികസനം എന്ന കൊട്ടിഘോഷങ്ങള്‍ വെറും വാചകമടി മാത്രമാകുന്നു. കര ഗതാഗതം ചെലെവേറുകയും സമയം നഷ്ടപ്പെടുത്തുകയും ചെയ്യമ്പോള്‍ അവര്‍ക്കുണ്ടാകുന്ന നഷ്ടം അവരുടേത് മാത്രമാകുന്നു. അത് നികത്താന്‍ ആരും തയ്യറല്ല. പണ്ട് പാഠപ്പുസ്തകത്തില്‍ ചാച്ചാജി റഷ്യയിലെ കുരുന്നുകള്‍ക്കായി ആനക്കുട്ടിയെ കപ്പലില്‍ കയറ്റി അയച്ച കഥ ഓര്‍ക്കുന്നില്ളേ? രാജ്യത്തിന് അഭിമാനമായ ആ പ്രവൃത്തിക്കായി അന്ന് തെരഞ്ഞെടുത്തത് മട്ടാഞ്ചേരി ഹാര്‍ബര്‍ ടെര്‍മിനല്‍ ആയിരുന്നു. ഇത് കെട്ടു കഥ എന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ ടെര്‍മിനലിന്‍്റെ പ്രതാപം നഷ്ടമായിരിക്കുന്നു. ഹാര്‍ബര്‍ ടെര്‍മിനലിലേക്കുള്ള ട്രെയിനും ഇന്നില്ല. നേരത്തെ ആലപ്പുഴക്കും കോട്ടപ്പുറത്തെക്കുമെല്ലാം ബോട്ട് സര്‍വീസ് ഉണ്ടായിരുന്നു. കാലക്രമേണ അവ നിലച്ചു. ഇപ്പോള്‍ വീണ്ടും അത്തരം യാത്ര സൗകര്യങ്ങള്‍ ഒരുക്കാന്‍ പദ്ധതികളുമായി ഭരണകൂടം രംഗത്ത് വന്നിട്ടുണ്ട്. ഇവിടേക്കുള്ള ബസുകളുടെ എന്നാവും വളരെ തുച്ഛമാണ്. പല കാലത്തും പല പ്രക്ഷോഭങ്ങളും ഉണ്ടായെങ്കിലും ഒന്നിനും മാറ്റം വന്നിട്ടില്ല . ഹാര്‍ബര്‍ പാലം അധികൃതരുടെ അവഗണന നിമിത്തം യാത്ര യോഗ്യമാല്ലാതായിട്ട് കാലമേറെയായി. വിവിധ വകുപ്പുകളുടെ മത്സരം നിമിത്തം പാലം പരിപാലനം നിലച്ചു. ഇതോടെ പാലത്തിന്‍റെ ആരോഗ്യം ക്ഷയിച്ചു. ഇപ്പോള്‍ ഈ പാലം പൈതൃക- പുരാവസ്തു ആക്കി മാറ്റാനാണ് ശ്രമങ്ങള്‍ നടക്കുന്നത്. അതില്‍ പലര്‍ക്കും നിക്ഷിപ്ത താല്‍പ്പര്യങ്ങളും ഉണ്ട്. പണം തന്നെ പ്രധാനം. പിന്നെ, പരിസരത്തെ ഭൂമിക്കച്ചവടവും ഹോട്ടല്‍ വ്യവസായവും തകൃതിയായി കൊണ്ടു നടക്കാമെന്ന ലാഭവുമുണ്ട് . എന്നാല്‍ പാലം വീണ്ടും ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാരില്‍ നിന്നും ആവശ്യമുയരുന്നുണ്ട്.

Show Full Article
TAGS:Fort kochi Mattanchery 
News Summary - Fortkochi and Mattanchery
Next Story