ഫോർട്ട്കൊച്ചിയിലെ റേ ഫ്ലാറ്റ് പദ്ധതി: കോർപറേഷൻ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ഫോർട്ട്കൊച്ചി തുരുത്തി കോളനിയിൽ നടക്കുന്ന ഭവനരഹിതരുടെ ഫ്ലാറ്റ് നിർമാണത്തിെൻറ തുടർനടപടികളിൽ കൊച്ചി കോർപറേഷൻ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈകോടതി. ചേരി നിർമാര്ജനത്തിെൻറ ഭാഗമായി രാജീവ് ആവാസ് യോജന (റേ) പദ്ധതി പ്രകാരം നടപ്പാക്കുന്ന പദ്ധതിയുടെ കരാർ പുതുക്കിയതിനെ തുടർന്നുള്ള നടപടികളിൽ പൊതുതാൽപര്യം മുൻനിർത്തി കോർപറേഷൻ ഉണർന്നു പ്രവർത്തിക്കുമെന്നും സത്യസന്ധവും നീതിയുക്തവും പ്രായോഗികവുമായ തീരുമാനമെടുക്കുമെന്നും കരുതുന്നതായി ജസ്റ്റിസ് അലക്സാണ്ടർ തോമസ് വ്യക്തമാക്കി.
നിർമാണം മുടങ്ങി 14 മാസമായിട്ടും പുനർനിർമാണം പുനരാരംഭിക്കാൻ കഴിയുന്നില്ലെന്നും നഗരസഭ നടപടിയെടുക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി കരാറുകാരായ സിറ്റ്കോ അസോസിയേറ്റ്സ് നൽകിയ ഹരജി തീർപ്പാക്കിയാണ് ഉത്തരവ്. കരാർ പ്രകാരം ജോലി പൂർത്തിയാക്കേണ്ടത് 2019 ഫെബ്രുവരി 20നായിരുന്നെങ്കിലും എസ്റ്റിമേറ്റിലെ ചില അപാകതകളെ തുടർന്ന് പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കുകയും അംഗീകാരം ലഭ്യമാക്കുകയും ചെയ്തു. തുടർന്ന് ജോലികൾ ജനുവരിയിൽ പുനരാരംഭിച്ചു. എന്നാൽ, പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം സപ്ലിമെൻററി കരാർ ഒപ്പിടണം, പൂർത്തീകരണ സമയം നീട്ടി നൽകണം, ബാങ്ക് ഗാരൻറിയായി സെക്യൂരിറ്റി ഡെപ്പോസിറ്റ് നിക്ഷേപിക്കാൻ അനുവദിക്കണം, ബിൽ തുക എത്രയും വേഗം നൽകാൻ നടപടി വേണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോർപറേഷന് നിവേദനം. നടപടിയുണ്ടാകാതിരുന്നതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്. തുക നൽകാത്ത പക്ഷം ജോലികൾ തുടരാൻ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.
തുടർന്നാണ് ഒരു മാസത്തിനകം ഹരജിക്കാരെൻറ ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ കോടതി നിർദേശിച്ചത്. ഹരജിക്കാരനിൽനിന്ന് സെക്രട്ടറി നേരിട്ട് തെളിവെടുത്ത് റിപ്പോർട്ട് കൗൺസിലിന് കൈമാറണം. കൗൺസിലിന് നേരിട്ട് തെളിവെടുപ്പ് ബുദ്ധിമുട്ടായതിനാൽ സെക്രട്ടറി മുമ്പാകെ മാത്രം നേരിട്ടുള്ള തെളിവെടുപ്പ് മതിയാകും. റിപ്പോർട്ട് കിട്ടിയാലുടൻ ഇക്കാര്യത്തിൽ കൗൺസിൽ തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു. തുടർ നടപടി സംബന്ധിച്ച കാര്യത്തിൽ തീരുമാനം കൗൺസിൽ നേരിട്ടെടുക്കുകയോ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയോ ചെയ്യണം. ഹരജിക്കാരൻ ഉത്തരവ് ഹാജരാക്കുേമ്പാൾ നടപടികൾ സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചു. 2013ൽ കേന്ദ്ര സർക്കാർ അംഗീകാരം നൽകിയ പദ്ധതിയാണിത്.