സീറ്റ് നിഷേധിച്ചു; തൃശൂർ കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ സി.പി.ഐ വിട്ടു, പിന്നാലെ പുറത്താക്കി പാർട്ടി
text_fieldsബീന മുരളി
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിന് കളമൊരുങ്ങവേ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് തൃശൂർ കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയറും കൗൺസിലറുമായ ബീന മുരളി സി.പി.ഐയിൽനിന്ന് രാജിവെച്ചു. കൃഷ്ണാപുരം ഡിവിഷനിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ഇവർ പ്രഖ്യാപിച്ചു.
പിന്നാലെ, പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ച് ബീന മുരളിയെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി സി.പി.ഐ തൃശൂർ മണ്ഡലം കമ്മിറ്റി അറിയിച്ചു. 15 വർഷമായി കോർപറേഷൻ കൗൺസിലറാണ് ബീന മുരളി. സിറ്റിങ് സീറ്റായ കൃഷ്ണാപുരം ഇത്തവണ വനിതാ സംവരണമായിട്ടും പാർട്ടി ഘടകകക്ഷിയായ ജനതാദളിന് (എസ്) വിട്ടുനൽകിയതാണ് രാജിക്ക് കാരണമായത്. പാർട്ടിയിൽനിന്ന് കടുത്ത അവഗണനയാണ് നേരിട്ടതെന്ന് ബീന മുരളി ആരോപിച്ചു.
അതേസമയം, അധികാരമോഹംകൊണ്ടുള്ള ‘മതിഭ്രമം’ ബാധിച്ചതിനാലാണ് ബീന മുരളി പാർട്ടി വിട്ടതെന്ന് സി.പി.ഐ മണ്ഡലം കമ്മിറ്റി പറഞ്ഞു. മുന്നണിമര്യാദയുടെ ഭാഗമായാണ് പഴയ നടത്തറ ഡിവിഷനും കൃഷ്ണാപുരം ഡിവിഷന്റെ ഭാഗങ്ങളും ചേർത്ത വാർഡ് ജനതാദളിന് നൽകിയത്. മാത്രമല്ല, മൂന്ന് ടേം മത്സരിച്ചവരെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്ന സംസ്ഥാന കൗൺസിൽ മാനദണ്ഡം അംഗീകരിക്കാൻ ബീന തയാറായില്ലെന്നും നേതൃത്വം ചൂണ്ടിക്കാട്ടി.
2005ൽ മത്സരിക്കാൻ വേണ്ടി മാത്രമാണ് ബീന മുരളി പാർട്ടി അംഗത്വമെടുത്തതെന്നും 15 വർഷം ജനപ്രതിനിധിയായും ഒരു തവണ ഡെപ്യൂട്ടി മേയറായും പാർട്ടി അവസരം നൽകിയിട്ടുണ്ടെന്നും നേതൃത്വം വിശദീകരിച്ചു. കഴിഞ്ഞ കൗൺസിലിൽ സി.പി.ഐക്ക് ഡെപ്യൂട്ടി മേയർ പദവി നഷ്ടമായത് ഇവരുടെ നിലപാടുകൾ കാരണമായിരുന്നുവെന്നും പാർട്ടി അച്ചടക്കം ലംഘിച്ചതിനാലാണ് പുറത്താക്കുന്നതെന്നും മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

