മലപ്പുറം: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ പീഡനത്തിനിരയാക്കിയ കേസിൽ നഗരസഭ കൗൺസിലറും സി.പി.എം ബ്രാഞ്ച് അംഗവുമായിരുന്ന മലപ്പുറം സെന്‍റ് ജെമ്മാസ് സ്കൂൾ റിട്ട. അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം ഡി.ടി.ഒ റോഡ് കിഴക്കേ വെള്ളാട്ട് രോഹിണിയിൽ കെ.വി. ശശികുമാറാണ് (56) അറസ്റ്റിലായത്. നഗരസഭ 11ാം വാർഡിലെ (മൂന്നാംപടി) കൗൺസിലറും സി.പി.എം വെളുത്തേടത്തുമണ്ണ ബ്രാഞ്ച് അംഗവുമായിരുന്നു.
വെള്ളിയാഴ്ച വൈകീട്ടോടെ വയനാട്ടിൽനിന്ന് മലപ്പുറം പൊലീസ് ഇൻസ്പെക്ടർ ജോമി തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഈവർഷം സ്കൂളിൽനിന്ന് വിരമിച്ചപ്പോൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിനുതാഴെ പൂർവ വിദ്യാർഥികളിലൊരാൾ കമന്‍റിട്ടതോടെയാണ് വിവാദമുയർന്നത്. പിന്നാലെ പൂർവ വിദ്യാർഥിനികളടക്കം നിരവധിപേർ പരസ്യമായി രംഗത്തുവന്നു.
പൂർവ വിദ്യാർഥി കൂട്ടായ്മ പ്രതിനിധി അഡ്വ. ബീന പിള്ള മലപ്പുറത്ത് വാർത്തസമ്മേളനം നടത്തി മുപ്പതുവർഷത്തോളമായി അധ്യാപകൻ വിദ്യാർഥിനികളെ പീഡിപ്പിച്ചിരുന്നതായും ഒട്ടേറെ പേർ ലൈംഗിക ചൂഷണത്തിനിരയായതായും ആരോപിച്ചു. തുടർന്ന് ഇരകളിലൊരാൾ മലപ്പുറം വനിത സെല്ലിന് പരാതി നൽകിയതോടെ പോക്സോ നിയമം ചുമത്തി കേസെടുത്തു. ഒളിവിൽ പോയ പ്രതി നിയമസഹായത്തിന് ശ്രമിക്കവെയാണ് അറസ്റ്റിലായത്. എസ്.ഐ സന്ധ്യാദേവി, എ.എസ്.ഐ അജിത, എസ്.സി.പി.ഒ ഹമീദ് അലി, ഡൻസാഫ് സ്ക്വാഡ് അംഗങ്ങളായ ഷഹേഷ്, ദിനേശ്, സിറാജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ശശികുമാറിനെ പാർട്ടി അംഗത്വത്തിൽനിന്നും സസ്പെൻഡ് ചെയ്തതായും തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും നീക്കിയതായും സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ് അറിയിച്ചിരുന്നു. പാർട്ടി നിർദേശപ്രകാരം കൗൺസിലർ സ്ഥാനം രാജിവെച്ചുള്ള കത്ത് കഴിഞ്ഞദിവസം നഗരസഭ സെക്രട്ടറിക്ക് ശശികുമാർ അയക്കുകയും ചെയ്തു.
അതേസമയം, മൂന്നുപതിറ്റാണ്ടോളം അധ്യാപകനായിരുന്ന ശശികുമാറിനെതിരെ വിവിധ കാലങ്ങളിൽ വിദ്യാർഥിനികൾ നൽകിയ പരാതികൾ സെൻറ് ജെമ്മാസ് സ്കൂൾ അധികൃതർ അവഗണിച്ചതായി ആക്ഷേപമുണ്ട്. സ്കൂൾ കോർപറേറ്റ് മാനേജ്മെന്റിനടക്കം നൽകിയ പരാതി മുഖവിലക്കെടുക്കാതെ അധ്യാപകനൊപ്പം നിലകൊള്ളുകയാണുണ്ടായതെന്നും പൂർവ വിദ്യാർഥി കൂട്ടായ്മ പ്രതിനിധികൾ കുറ്റപ്പെടുത്തി. ശശികുമാറിന്‍റെ അറസ്റ്റ് വൈകുന്നതിനെതിരെ വെള്ളിയാഴ്ചയും വിവിധ സംഘടനകൾ മലപ്പുറത്ത് സമരം നടത്തി. എം.എസ്.എഫ് സെന്‍റ് ജെമ്മാസ് സ്കൂളിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.