സിസ്റ്റ’ത്തിനെതിരെ ആഞ്ഞടിച്ച് മുൻ എസ്.ഐ ശ്രീജിത്ത്; ‘മലപ്പുറം സ്വർണക്കടത്തിന്റെ ഹബ്ബാണെന്ന് വരുത്തിത്തീർക്കുകയാണ്’
text_fieldsശ്രീജിത്ത്
കൊല്ലം: മലപ്പുറത്തെ മോശമായി ചിത്രീകരിക്കാൻ ആസൂത്രിത ശ്രമമുണ്ടെന്നും സിസ്റ്റം വിചാരിച്ചാൽ എന്തും നടക്കുമെന്നും രാജിവെച്ച എസ്.ഐ എൻ. ശ്രീജിത്ത്. മലപ്പുറം എസ്.പി ക്യാമ്പ് ഓഫിസിലെ മരംമുറിയിൽ മുൻ എസ്.പി സുജിത്ത് ദാസിനെതിരെ പരാതി നൽകിയ കൊല്ലം പുത്തൂർ സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ ദിവസം ജോലി ഉപേക്ഷിച്ചതായി അറിയിച്ച് പൊലീസ് മേധാവിക്ക് കത്തയച്ചിരുന്നു. ഇതേക്കുറിച്ച് കൊല്ലത്ത് ‘മാധ്യമ’ത്തോട് പ്രതികരിച്ചപ്പോഴാണ് ശ്രീജിത്ത് ‘സിസ്റ്റ’ത്തിനെതിരെ ആഞ്ഞടിച്ചത്.
പൊലീസും സർക്കാറും ഒക്കെ ചേരുന്നതാണ് സിസ്റ്റം. ഒരാളെ കുറ്റക്കാരനാക്കാനും അല്ലാതാക്കാനും അതിന് പറ്റും. സഞ്ജീവ് ഭട്ടിന്റെ ജീവിതം തന്നെ ഉദാഹരണമാണ്. മലപ്പുറം സ്വർണക്കടത്തിന്റെയും ക്രിമിനലുകളുടെയും ഹബ്ബാണെന്ന് വരുത്തിത്തീർക്കുകയാണ്. പൊലീസ് എയർപോർട്ടിൽനിന്ന് സ്വർണം പിടികൂടുന്ന ഏക സ്ഥലം കരിപ്പൂർ ആയിരിക്കും. ഇതിൽ വലിയ വീഴ്ചയാണ് പൊലീസ് വരുത്തുന്നത്. സ്വർണത്തിന്റെ മൂല്യം കണക്കാക്കുന്ന ആളും പൊലീസും തമ്മിൽ രഹസ്യ ബന്ധമുണ്ട്. അപ്രൈസർ ഉണ്ണിക്കുണ്ടായ ഉയർച്ച നാട് മുഴുവൻ കണ്ടതാണ്. വിമാനത്താവളത്തിൽനിന്ന് പൊലീസ് സ്വർണം പിടികൂടിയതിൽ 99 ശതമാനവും സുജിത്ത് ഉണ്ടായിരുന്ന സമയത്താണ്.
സൗത്ത് ഇന്ത്യയുടെ ക്രൈം ക്യാപിറ്റൽ എന്ന നിലയിൽ മലപ്പുറം മാറുകയും മലപ്പുറത്തുകാരെല്ലാം സ്വർണം കടത്തി രാജ്യദ്രോഹ പ്രവർത്തനത്തിന് ഉപയോഗിക്കുന്നു എന്ന രീതിയിൽ വരുത്തിത്തീർക്കുകയും ചെയ്തു. മരം മുറി കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹരജി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

