കാണാതായ മുൻ എസ്.എഫ്.ഐ പ്രവർത്തകൻ മാവോവാദി ക്യാമ്പിൽ
text_fieldsകഴക്കൂട്ടം (തിരുവനന്തപുരം): ദുരൂഹസാഹചര്യത്തിൽ കാണാതായ മുൻ എസ്.എഫ്.ഐ പ്രവർത്തകൻ മാവോവാദി സംഘത്തിനൊപ്പം ചേർന്നതായി പൊലീസ് കണ്ടെത്തൽ. തൃശൂർ വിയ്യൂർ സ്വദേശിയും കേരള സർവകലാശാല കാര്യവട്ടം കാമ്പസിലെ പി.ജി ഫിലോസഫി വിദ്യാർഥിയുമായിരുന്ന മനോജാണ് കണ്ണൂർ, വയനാട് വനമേഖലയിലെ മാവോവാദി സംഘത്തിനൊപ്പം ഇപ്പോഴുള്ളത്. ഫെബ്രുവരിയിയാണ് മനോജിനെ കാണാതായത്. ‘ആഷിഖ് എറണാകുളം’ എന്ന പേരിലാണ് ഇയാളുടെ പ്രവർത്തനം.
മാവോവാദികളായ വിക്രം ഗൗഡ, കവിത, സുരേഷ് എന്നിവർക്കൊപ്പമാണ് മനോജുള്ളതെന്നും നിരവധി കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറയുന്നു. കഴക്കൂട്ടം പൊലീസ് സ്റ്റേഷന് പുറമെ മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ച കണ്ണൂർ കേളകം സ്റ്റേഷനിൽ രണ്ടു കേസും വയനാട് തലപ്പുഴയിൽ ഒരു കേസും ‘ആഷിഖ് എറണാകുള’ത്തിന്റെ പേരിലുണ്ട്. രണ്ടിടത്തും ജനവാസ മേഖലയിലെത്തിയ മാവോവാദി സംഘത്തിനൊപ്പം ഇയാളുണ്ടായിരുന്നുവത്രെ. കേസുകളും ആ വിധത്തിലുള്ളതാണ്. മാവോവാദി സംഘം വന്ന പ്രദേശത്ത് അന്വേഷണം നടത്തിയ പൊലീസ്, മനോജിന്റെ ഫോട്ടോ നാട്ടുകാരെ കാണിച്ച് തിരിച്ചറിഞ്ഞിട്ടുണ്ട്.
തുടർന്ന് ഇയാൾക്കെതിരായ നാലു കേസും കഴിഞ്ഞ ദിവസം ആന്റി ടെറർ സ്ക്വാഡിന് (എ.ടി.എസ്) കൈമാറി. മനോജിനെ ഫെബ്രുവരിമുതൽ കാണാനില്ലെന്ന് സൂചിപ്പിച്ച് മാതാവ് രജനി നൽകിയ കേസിൽ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ വെളിപ്പെട്ടത്. വിയ്യൂർ പൊലീസ് ഈ കേസ് കഴക്കൂട്ടം പൊലീസിന് കൈമാറിയിരുന്നു. കാര്യവട്ടം കാമ്പസിലെത്തിയ പൊലീസ് കൂടുതൽ അന്വേഷിച്ചു. തേഞ്ഞിപ്പലത്ത് ബി.ടെക് കഴിഞ്ഞശേഷം 2018 ലാണ് മനോജ് കാര്യവട്ടം കാമ്പസിൽ ഫിലോസഫി പഠിക്കാനെത്തിയത്.
പി.ജി പാസായശേഷവും മനോജ് കാര്യവട്ടത്ത് തന്നെയാണ് താമസിച്ചിരുന്നത്. ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളിലും മറ്റും ജോലി ചെയ്തിരുന്നെന്നാണ് സൂചന. തേഞ്ഞിപ്പലത്തെ പഠനകാലത്ത് എസ്.എഫ്.ഐയുടെ സജീവ പ്രവർത്തകനായിരുന്ന ഇയാൾ കാര്യവട്ടത്ത് സംഘടന പ്രവർത്തനത്തിൽ അത്ര സജീവമായിരുന്നില്ല. കാമ്പസിന് പുറത്തായിരുന്നു താമസവും.
താമസ സ്ഥലത്തെത്തി മുറി തുറന്നു പരിശോധിച്ചപ്പോൾ ലഘുലേഖകളും പുസ്തകങ്ങളും കണ്ടെത്തി. എറണാകുളത്ത് ജോലി കിട്ടി പോകുന്നെന്നാണ് സുഹൃത്തുക്കളോട് മനോജ് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.