റെയ്‍ല ഒഡിംഗയുടെ മൃതദേഹം കെനിയയിലെത്തിച്ചു; അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ; ഏഴ് ദിവസത്തെ ദുഃഖാചരണം
text_fieldsകൊച്ചി: കൂത്താട്ടുകുളത്ത് അന്തരിച്ച മുൻ പ്രധാനമന്ത്രി റെയ്‍ല അമോലോ ഒഡിംഗയുടെ മൃതദേഹം കെനിയയിൽ എത്തിച്ചു. നെയ്റോബിയിലെ ജോമോകിനിയ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം കാണാൻ വൻ ജനകൂട്ടമാണ് എത്തിയത്.
ഒഡിംഗയുടെ മൃതദേഹം കെനിയൻ പാർലമെന്‍റിൽ പൊതുദർശനത്തിന് വെക്കും. കൂടാതെ രാജ്യത്തെ വിവിധ ഇടങ്ങളിലും പൊതുദർശനം ഉണ്ടാകും. മുൻ പ്രധാനമന്ത്രി നിര്യാണത്തിൽ ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച ജന്മനാടായ പടിഞ്ഞാറൻ കെനിയയിലെ ബോണ്ടോയിലായിരിക്കും സംസ്കാരം.
കൂത്താട്ടുകുളം ശ്രീധരീയം നേത്രാശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ 9.30ഓടെ ഹൃദയാഘാതത്തെ തുടർന്നാണ് കെനിയൻ മുൻ പ്രധാനമന്ത്രി റെയ്‍ല അമോലോ ഒഡിംഗ അന്തരിച്ചത്. പ്രഭാത നടത്തത്തിനിടെ എട്ടു മണിയോടെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രി ജീവനക്കാരും അംഗരക്ഷകരും കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കഴിഞ്ഞ ശനിയാഴ്ചയാണ് റെയ്‍ല ഒഡിംഗ ശ്രീധരീയത്തിൽ എത്തിയത്. മകൾ റോസ്മേരി ഒഡിംഗയുടെ ചികിത്സക്ക് മുമ്പ് പലതവണ ഒഡിംഗ കൂത്താട്ടുകുളത്ത് എത്തിയിട്ടുണ്ട്. 2017ൽ രോഗത്തെ തുടർന്ന് കാഴ്ചശക്തി നഷ്ടമായ റോസ്മേരിക്ക് ഇസ്രായേലിലും ചൈനയിലും ചികിത്സ നടത്തി ഫലമുണ്ടാകാതെ വന്നപ്പോൾ 2019ൽ കൂത്താട്ടുകുളത്ത് എത്തുകയായിരുന്നു. ഇവിടത്തെ ചികിത്സയിലൂടെ കാഴ്ചശക്തി തിരിച്ചു കിട്ടിയിരുന്നു.
കെനിയൻ രാഷ്ട്രീയത്തിൽ പ്രമുഖനായ റെയ്‍ല ഒഡിംഗ ഓർഗാനിക് ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവാണ്. 2008 മുതൽ 2013 വരെയാണ് റെയ്‍ല ഒഡിംഗ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായത്. ദീർഘകാലം പ്രതിപക്ഷ നേതാവുമായിരുന്നു. 1997, 2007, 2013, 2017, 2022 എന്നീ വർഷങ്ങളിൽ പ്രസിഡന്‍റ് പദവിയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

