നഗരസഭമുൻ കൗൺസിലറുടെ തെരഞ്ഞെടുപ്പ് അസാധുവാക്കി
text_fieldsകായംകുളം: കഴിഞ്ഞ നഗരസഭ കൗൺസിലിലെ ഉപതെരഞ്ഞെടുപ്പ് ഫലം കോടതി റദ്ദാക്കി. വെയര്‍ഹൗസ് എട്ടാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച സി.പി.ഐയിലെ എ. ഷിജിയുടെ തെരഞ്ഞെടുപ്പാണ് കായംകുളം മുന്‍സിഫ് കോടതി അസാധുവായി പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പ് നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് എം.ആര്‍. സലിംഷാ അഡ്വ.എ.അഷറഫുദ്ദീന്‍ മുഖേന നല്‍കിയ ഹരജിയിലാണ് നടപടി. ഷിജി സ്ഥാനാർഥിയായി മത്സരിക്കുന്ന സമയം 51 ശതമാനത്തില്‍ കൂടുതല്‍ സര്‍ക്കാര്‍ മൂലധനമുള്ള ജില്ല സഹകരണബാങ്ക് ജീവനക്കാരനായിരുന്നു.
നഗരസഭ ചട്ടപ്രകാരം സര്‍ക്കാര്‍ ഓഹരിയുള്ള സഹകരണ സ്ഥാപനങ്ങളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ അയോഗ്യരാണ്. സൂക്ഷ്മപരിശോധന സമയത്ത് സലിംഷാ റിട്ടേണിങ് ഓഫിസര്‍ മുമ്പാകെ ഷിജിയുടെ അയോഗ്യത സംബന്ധിച്ച് ആക്ഷേപം ഉന്നയിച്ചത് അംഗീകരിച്ചിരുന്നില്ല.
കൂടാതെ ബാങ്കിലെ ജീവനക്കാരനല്ലെന്ന വ്യാജ സത്യവാങ്മൂലം നൽകിയിരുന്നതായും ആക്ഷേപം ഉയർന്നിരുന്നു. അന്നത്തെ കൗണ്‍സില്‍ കാലാവധി കഴിഞ്ഞതിനാലും പരാജയപ്പെട്ട അനീസ്മോന്‍ കക്ഷി ചേരാതിരുന്നതിനാലും ഇദ്ദേഹം വിജയിച്ചതായി പ്രഖ്യാപിക്കണമെന്നുമുള്ള പരിഹാരം കോടതി പരിഗണിച്ചില്ല.
വിധിയുടെ അടിസ്ഥാനത്തില്‍ ഷിജിയെ തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് അയോഗ്യനാക്കുന്നതും കൗണ്‍സിലര്‍ എന്ന നിലയില്‍ കൈപ്പറ്റിയിട്ടുള്ള പ്രതിഫലം തിരികെ നല്‍കുന്നത് സംബന്ധിച്ചുമുള്ള നടപടികള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനാണ് തീരുമാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

