രാഹുൽ ഗാന്ധി പെൺകുട്ടികളുടെ കോളജിലേ പോകൂ..., പെണ്ണ് കെട്ടിയിട്ടില്ല; അശ്ലീല പരാമർശവുമായി ജോയ്സ് ജോർജ്
text_fieldsഇരട്ടയാർ: കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് ഇടുക്കി മുൻ എം.പി ജോയ്സ് ജോർജ്. എറണാകുളം സെന്‍റ് തെരാസസ് കോളജിലെ പെൺകുട്ടികളുമായി രാഹുൽ സംവദിച്ചതിനെയാണ് ജോയ്സ് ജോർജ് പരിഹസിച്ചത്. വിദ്യാർഥികളെ രാഹുൽ ഐക്കിഡോ പരിശീലിപ്പിച്ചതിനെയാണ് ഇരട്ടയാറിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച എം.എം മണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കവെ അശ്ലീല പദപ്രയോഗത്തിലൂടെ അധിക്ഷേപിച്ചത്.
"രാഹുൽ ഗാന്ധി പെൺകുട്ടികൾ മാത്രമുള്ള കോളജുകളിലെ പോവുകയുള്ളു. അവിടെ ചെന്ന് വളഞ്ഞു നിൽക്കാനും നിവർന്നു നിൽക്കാനും പഠിപ്പിക്കും. പക്ഷെ അങ്ങനെയൊന്നും ചെയ്യരുത്. കാരണം, രാഹുൽ പെണ്ണ് കെട്ടിയിട്ടില്ല" -ഇതായിരുന്നു ജോയ്സ് ജോർജിന്‍റെ പരാമർശം. മന്ത്രി എം.എം മണിയുടെ സാന്നിധ്യത്തിലായിരുന്നു സ്ത്രീ വിരുദ്ധ പരാമർശം ജോയ്സ് നടത്തിയത്.
ജോയ്സ് ജോർജിന്‍റെ അധിക്ഷേപത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഇടുക്കി ഡി.സി.സി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാറും ഇടുക്കി എം.പി ഡീൻ കുര്യാക്കോസും രംഗത്തെത്തി. സ്വയം മ്ലേച്ഛനാണെന്ന് ജോയ്സ് ജോർജ് പൊതുസമൂഹത്തോട് വിളിച്ചു പറയുകയാണ് ചെയ്തതെന്ന് ഡീൻ കുര്യാക്കോസ് പ്രതികരിച്ചു. മുൻ എം.പി കൂടിയായ ജോയ്സ് അപമാനിച്ചത് വിദ്യാർഥിനികളെ കൂടിയാണെന്ന് ഡീൻ പറഞ്ഞു.
ഇടതുപക്ഷ നേതൃത്വത്തിന്‍റെ സ്ത്രീ വിരുദ്ധ മനോഭാവമാണ് പുറത്തുവന്നത്. ഇടത് നേതാക്കളുടെ സ്ത്രീ വിരുദ്ധ പ്രസംഗങ്ങൾ അതിരുകടന്നിരിക്കുന്നു. ഈ വിഷയത്തിൽ ഇടതുപക്ഷ നേതൃത്വം പൊതുസമൂഹത്തോട് മാപ്പു പറയണമെന്നും ഡീൻ ആവശ്യപ്പെട്ടു.
നിസാരമായ പരാമർശമല്ല ജോയ്സ് ജോർജ് നടത്തിയത്. സ്വയം മ്ലേച്ഛനാണെന്ന് അദ്ദേഹം പൊതുസമൂഹത്തോട് വിളിച്ചു പറയുകയാണ് ചെയ്തത്. അവനവന്‍റെ ഉള്ളിരിപ്പാണ് പുറത്തുവന്നത്. അശ്ലീല വികാരക്കാരനാണെന്ന് പരാമർശത്തിലൂടെ ജോയ്സ് തെളിയിച്ചിരിക്കുന്നു. ജോയ്സിനെതിരെ തെരഞ്ഞെടുപ്പ് കമീഷനും വനിതാ കമീഷനും പരാതി നൽകുമെന്നും ഡീൻ പറഞ്ഞു.
മന്ത്രി എം.എം മണിയുടെ സാന്നിധ്യത്തിലാണ് പരാമർശം നടത്തിയത്. എം.എം മണിയും നിരവധി തവണ സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടുള്ള കാര്യവും പൊതുസമൂഹത്തിന് അറിയാം. എം.എം മണിയെ സുഖിപ്പിക്കലാണ് കുറച്ചു നാളായി ജോയ്സ് ജോർജ് നടത്തി വരുന്ന രാഷ്ട്രീയം. മാന്യതയുടെ മുഖംമൂടി അണിഞ്ഞ് പൊതുസമൂഹത്തിന് മുമ്പിലെത്തുന്ന ഇവരുടെ ഉള്ളിലിരിപ്പ് പുറത്തായെന്നും ഡീൻ കുര്യാക്കോസ് മാധ്യമങ്ങളോട് വ്യക്തമാക്കി.