സി.പി.എം മൂട് താങ്ങികളുടെ പാർട്ടിയെന്ന് സി.പി.എം മുൻ എം.എൽ.എ; 'വി.എസ് ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ആകില്ല'
text_fieldsപത്തനംതിട്ട: കാലുവാരൽ ആരോപണത്തിന് പിന്നാലെ സി.പി.എം മൂട് താങ്ങികളുടെ പാർട്ടിയായി മാറിയെന്ന ആക്ഷേപവുമായി മുൻ എം.എൽ.എ കെ.സി. രാജഗോപാൽ.
വി.എസ് ഉണ്ടായിരുന്നെങ്കിൽ പാർട്ടി ഇങ്ങനെ ആകില്ലായിരുന്നു. മൂട് താങ്ങികളുമായി മുന്നോട്ടുപോയാൽ സി.പി.എം തകരും. മെഴുവേലിയിൽ തന്നെ കാലുവാരി തോൽപ്പിക്കാൻ ശ്രമിച്ച കോഴഞ്ചേരി ഏരിയ സെക്രട്ടറി സ്റ്റാലിനെ പോലുള്ളവർ പാർട്ടിയിൽ ഉണ്ടാകാൻ പാടില്ല. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും രാജഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നും മെഴുവേലി പഞ്ചായത്തിലെ ഭരണം അട്ടിമറിച്ചുവെന്നുമായിരുന്നു ഏരിയ സെക്രട്ടറിക്കെതിരായ രാജഗോപാലിന്‍റെ ആരോപണം.
അദ്ദേഹത്തിന്‍റെ പരാമർശങ്ങൾ ജില്ല കമ്മിറ്റി ചർച്ച ചെയ്യുമെന്ന് പത്തനംതിട്ട ജില്ല സെക്രട്ടറി രാജു എബ്രഹാം മാധ്യമങ്ങളോട് പറഞ്ഞു. പരാതികൾ ഉന്നയിക്കേണ്ടത് പാർട്ടി ഘടകത്തിലാകണമായിരുന്നു. മെഴുവേലിയിലെ ഇടതുപക്ഷത്തിന്റെ തോൽവി പരിശോധിക്കും. തോൽവിയുടെ കാരണം കണ്ടെത്തും. മെഴുവേലിയിൽ അദ്ദേഹത്തിന് വോട്ട് കുറഞ്ഞതും പരിശോധിക്കും. വിശദീകരണം തേടണോയെന്നത് ചർച്ചക്കുശേഷം തീരുമാനിക്കും. വ്യാഴാഴ്ച ചേരുന്ന ജില്ല കമ്മിറ്റി വിഷയം പരിശോധിക്കുമെന്നും രാജു എബ്രഹാം പറഞ്ഞു.
അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്നും മാധ്യമങ്ങളോട് തന്റെ നിലപാട് പറയാൻ താൽപര്യമില്ലെന്നും കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി.വി. സ്റ്റാലിൻ വ്യക്തമാക്കി. സംഘടനാതത്ത്വം അറിയാത്ത ആളല്ല കെ.സി. രാജഗോപാലൻ. തനിക്കെതിരെ പാർട്ടി നേതൃത്വത്തിന് പരാതി നൽകാമായിരുന്നു. താൻ ജില്ല കമ്മിറ്റി അംഗമാണെന്നും തന്റെ അഭിപ്രായം പാർട്ടി കമ്മിറ്റിയിൽ പറയുമെന്നും സ്റ്റാലിൻ പറഞ്ഞു.
മുതിർന്ന നേതാവായ രാജഗോപാലൻ പത്തനംതിട്ടയിൽ സി.പി.എമ്മിന്റെ മുഖമാണ്. തെരഞ്ഞെടുപ്പിൽ വി.എസിന്റെ ചിത്രംവെച്ച പോസ്റ്ററുമായാണ് അദ്ദേഹം പ്രചാരണം നടത്തിയത്. വാശിയേറിയ തെരഞ്ഞെടുപ്പിൽ കെ.സി. രാജഗോപാലന് 324 വോട്ടും കോൺഗ്രസ് സ്ഥാനാർഥി രാധാചന്ദ്രൻ 296 വോട്ടും ബി.ജെ.പിയുടെ അനൂപ് (ശിവാനി) 37 വോട്ടും നേടി. 14 വാർഡുള്ള മെഴുവേലി പഞ്ചായത്തിൽ യു.ഡി.എഫ് 9 സീറ്റിൽ വിജയിച്ചു. എൽ.ഡി.എഫ് 5 സീറ്റിൽ ഒതുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

