വീണ്ടും സർപ്രൈസുമായി കോൺഗ്രസ്; മുൻ എം.എൽ.എ അനിൽ അക്കര പഞ്ചായത്തിൽ സ്ഥാനാർഥി
text_fieldsതൃശ്ശൂർ: മുൻ എം.എൽ.എ കെ.എസ്. ശബരിനാഥനെ തിരുവനന്തപുരം കോർപറേഷനിലേക്ക് സ്ഥാനാർഥിയാക്കിയതിന് പിന്നാലെ മറ്റൊരു എം.എൽ.എയെയും കളത്തിലിറക്കി കോൺഗ്രസ്. വടക്കാഞ്ചേരി മുൻ എം.എൽ.എയും എ.ഐ.സി.സി അംഗവുമായിരുന്ന അനിൽ അക്കരയാണ് കോൺഗ്രസിന് വേണ്ടി അടാട്ട് ഗ്രാമപഞ്ചായത്തിൽ സ്ഥാനാർഥിയാകുന്നത്. സ്വന്തം പഞ്ചായത്തിലെ 15-ാം വാർഡിലാണ് അനിൽ മത്സരിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 14 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർഥി 15-ാം വാർഡിൽ വിജയിച്ചത്. മണ്ഡലം ഉപസമിതിയാണ് അനിൽ അക്കരയുടെ പേര് സ്ഥാനാർഥിയാക്കാൻ ശിപാർശ ചെയ്തത്. 11 മണിക്ക് ഉപസമിതി വീണ്ടും യോഗം ചേരുന്നുണ്ട്.
2000-2010 വരെ അനിൽ അക്കര ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. 2000-2003 വരെ വൈസ് പ്രസിഡന്‍റും 2003-2010 വരെ പ്രസിഡന്‍റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. മികച്ച പഞ്ചായത്തിനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ അനിലിന്‍റെ കാലത്ത് അടാട്ട് പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്. ഇതോടെ അനിൽ അക്കര എന്ന പുതിയ താരം കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉദിച്ചത്.
2000ലെ കന്നിയങ്കിൽ ഏഴാം വാർഡിൽ നിന്ന് 400 വോട്ടിന്‍റെയും 2005ൽ 11-ാം വാർഡിൽ 285 വോട്ടിന്‍റെയും ഭൂരിപക്ഷത്തിലാണ് അനിൽ വിജയിച്ചത്. ജില്ലാ പഞ്ചായത്തിൽ 14,000 വോട്ടായിരുന്നു അനിലിന്‍റെ ഭൂരിപക്ഷം.
2010ൽ ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അനിൽ അക്കരം രണ്ടര വർഷം വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനായിരുന്നു. ഒരു മാസം ജില്ലാ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്‍റിന്‍റെ പദവി വഹിച്ചു. 2016ലാണ് വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ സ്ഥാനാർഥിയായ അനിൽ 45 വോട്ടിന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2021ലെ തെരഞ്ഞെടുപ്പിൽ 11,000 വോട്ടിന് പരാജയപ്പെട്ടു. ഇതിന് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അനിൽ അക്കര പ്രഖ്യാപിച്ചു.
ലൈഫ് മിഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണം ആദ്യം ഉന്നയിച്ചത് അനിൽ അക്കരയായിരുന്നു. അനിലിന്‍റ വെളിപ്പെടുത്തലുകൾ നിയമസഭയിലും പുറത്തും വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചു. ലൈഫ് മിഷൻ ആരോപണങ്ങൾ എൽ.ഡി.എഫ് സർക്കാറിന് വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കാൻ ഇടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

