Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
K P Mohammed Musthafa
cancel
Homechevron_rightNewschevron_rightKeralachevron_right'പിണറായി വിജയന്‍റെ...

'പിണറായി വിജയന്‍റെ ഭരണം ആകർഷിച്ചു'; എൽ.ഡി.എഫ്​ സ്​ഥാനാർഥിയാകുമെന്ന സൂചന നൽകി മുൻ ലീഗ്​ നേതാവ്​ കെ.പി. മുസ്​തഫ

text_fields
bookmark_border

മലപ്പുറം: എൽ.ഡി.എഫ്​ സ്​ഥാനാർഥിയാകുമെന്ന സൂചന നൽകി മുസ്​ലിം ലീഗ്​ നേതാവും മലപ്പുറം നഗരസഭ മുൻ പ്രസിഡന്‍റുമായ കെ.പി. മുഹമ്മദ്​ മുസ്​തഫയുടെ ഫേസ്​ബുക്ക്​ പോസ്റ്റ്​. 'സഖാവ് പിണറായി വിജയൻ നേതൃത്വം കൊടുത്ത ഈ ഭരണം എന്നെ ഇടതുപക്ഷത്തേക്ക് ആകർഷിച്ചു. ഇത്രയും വികസനവും സാമൂഹ്യസുരക്ഷയും ഉറപ്പാക്കിയ ഭരണം കേരളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല.

രാഷ്ട്രീയം ഒരു സേവന മാർഗമായാണ്​ ഞാൻ കാണുന്നത്. അല്ലാതെ സമ്പാദിക്കാനുള്ള ഒരു തൊഴിലല്ല. ശിഷ്​ടകാലം ജനങ്ങളെ സേവിച്ച്​ ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതിന് കിട്ടുന്ന ഒരു അവസരവും ഇനി പാഴാക്കാൻ ഉദ്ദേശിക്കുന്നില്ല. ഒരു നല്ല ജനസേവകനായി ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്' -കെ.പി. മുഹമ്മദ്​ മുസ്​തഫ ഫേസ്​ബുക്കിൽ കുറിച്ചു.

ഇദ്ദേഹം പെരിന്തൽമണ്ണയിൽ മത്സരിക്കുമെന്ന്​ നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. നിലവിൽ മുസ്​ലിം ലീഗിലെ മഞ്ഞളാംകുഴി അലിയാണ് ഇവിടത്തെ​ എം.എൽ.എ. സി.പി.എം നേതാവും മുൻ എം.എൽ.എയുമായ വി. ശശികുമാറിനെയാണ്​ 2016ൽ അലി പരാജയപ്പെടുത്തിയത്​. എന്നാൽ, 579 വോട്ടുകൾ മാത്രമായിരുന്നു ഭൂരിപക്ഷം. മുൻ മുഖ്യമന്ത്രി ഇ.എം.എസിന്‍റെ ജന്മസ്​ഥലം നിലകൊള്ളുന്ന പെരിന്തൽമണ്ണ സി.പി.എമ്മിന്​ ഏറെ സ്വാധീനമുള്ള മണ്ഡലമാണ്​. എന്നാൽ, പാർട്ടി ചിഹ്​നമില്ലാതെ സ്വതന്ത്രനായിട്ടാകും കെ.പി. മുഹമ്മദ്​ മുസ്​തഫ മത്സരിക്കുകയെന്നാണ്​ വിവരം.

ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പൂർണരൂപം:


പ്രിയ സുഹൃത്തുക്കളെ സഹോദരി സഹോദരന്മാരെ. ഞാൻ മലപ്പുറത്ത് മുസ്​ലിം ലീഗ് പ്രവർത്തകൻ ആകുന്നത് 2002ലാണ്. മലപ്പുറത്തെ മൈലപ്പുറം വാർഡിൽ വൈസ് പ്രസിഡന്‍റായി എന്‍റെ രാഷ്​ട്രീയ പ്രവർത്തനമാരംഭിച്ചു. പിന്നീട് മലപ്പുറത്തെ സ്വതന്ത്ര മോട്ടോർ തൊഴിലാളി യൂനിയൻ പ്രസിഡൻറായി. മോട്ടോർ തൊഴിലാളി യൂനിയൻ വളരെ ശക്തമായി തന്നെ സംഘടിപ്പിച്ചു. പിന്നീട് ഇലക്ഷനിലൂടെ സ്വതന്ത്ര മോട്ടോർ തൊഴിലാളി യൂനിയൻ ജില്ലാ പ്രസിഡന്‍റായി. 2005ൽ വലിയങ്ങാടിയിലും 2010ൽ മൈലപ്പുറത്തും മത്സരിച്ച് ജയിച്ചു. മലപ്പുറം മുനിസിപ്പൽ ചെയർമാൻ ആയി.

എന്നാൽ കഴിയുന്ന രീതിയിൽ അഞ്ചു വർഷം ഞാൻ മലപ്പുറം മുനിസിപ്പാലിറ്റിയെ നയിച്ചു. ഒരു അഴിമതി ആരോപണങ്ങൾക്ക് ഇടയാക്കുകയോ അല്ലെങ്കിൽ ഒരു അഴിമതിക്ക് കൂട്ടുനിൽക്കാതെ അഞ്ചുവർഷം ഞാൻ പൂർത്തീകരിച്ചു.

പിന്നീട് എനിക്ക് പാർട്ടിയിലെ ചില നേതാക്കളോടും ഉണ്ടായ അസ്വാരസ്യം മൂലം ഞാൻ എല്ലാ പ്രവർത്തനത്തിൽനിന്നും മാറി നിന്നതാണ്. കഴിഞ്ഞ അഞ്ചുവർഷം എന്നെ നിങ്ങൾ ഒരു പാർട്ടി പരിപാടിക്ക് പോലും കണ്ടിട്ട് ഉണ്ടാവാൻ ഇടയില്ല. കഴിഞ്ഞ മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ മൈലപ്പുറം വാർഡിൽ മാത്രം കുറച്ചു വീടുകളിൽ കയറി വോട്ട് അഭ്യർത്ഥിച്ചു. അഞ്ചുവർഷത്തെ ഭരണ സമയത്ത് ഞാൻ ഒരു പാർട്ടിയുടെ ചെയർമാനായി ഭരിച്ചിട്ടില്ല. എല്ലാ ജനങ്ങളെയും ഒരുപോലെ മാത്രമേ കണ്ടിട്ടുള്ളൂ.

അവിടെ എൽ.ഡി.എഫ് എന്നോ യുഡിഎഫ് എന്നോ ഹിന്ദുവെന്നോ മുസ്​ലിമെന്നോ നോക്കിയല്ല ഭരണം നടത്തിയത്. എന്നെ അറിയുന്ന എല്ലാവർക്കും അറിയാവുന്നതാണ്. മുസ്​ലിം ലീഗിന്‍റെ പാർട്ടി അണികൾ എനിക്ക് നല്ല സ്നേഹവും സപ്പോർട്ടും പ്രോത്സാഹനവും നൽകിയിരുന്നു. ഞാൻ അവരെ എന്നും എന്‍റെ ഹൃദയത്തിൽ സ്ഥാനവും നൽകിയിരുന്നു. എന്നെ പരിചയമുള്ള ആരും എന്നെ വെറുക്കില്ല എന്ന് എനിക്ക് ഉറപ്പാണ്.

മനുഷ്യരിൽ നിലപാടുകളിൽ ചിന്തകളിൽ മാറ്റം വന്നേക്കാം. മനുഷ്യന്‍റെ ശരിയും തെറ്റും
മാറ്റം വന്നേക്കാം. ചില നേതാക്കളിൽ ആകൃഷ്ടരായെകാം. എനിക്ക് രാജിവെക്കാൻ ഒരു സ്ഥാനവുമില്ല. കഴിഞ്ഞ അഞ്ചുവർഷം മുസ്ലിംലീഗിലെ മെമ്പർഷിപ്പും ഇല്ല. ഇന്ത്യൻ ഭരണഘടനയിൽ അനുവദിച്ചു തന്നിട്ടുള്ള സ്വാതന്ത്ര്യം എല്ലാ മനുഷ്യർക്കും തുല്യമാണ്.

സഖാവ് പിണറായി വിജയൻ നേതൃത്വം കൊടുത്ത ഈ ഭരണം എന്നെ ഇടതുപക്ഷത്തേക്ക് ആകർഷിച്ചു. ഇത്രയും വികസനവും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കിയ ഭരണം കേരളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല.

കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രകൃതിദുരന്തവും മഹാമാരിയും തരണം ചെയ്യാൻ ഒരു അച്ഛനെ പോലെ അദ്ദേഹം നമ്മുടെ കൂടെനിന്ന് നമ്മെ നയിച്ചു. ലാൽസലാം.

എനിക്ക് ആരോടും ഒരു പരാതിയോ വെറുപ്പോ ദേഷ്യമോ ഒന്നുമില്ല. എന്നെ അറിയുന്നവർക്ക് അറിയാം, തിരിച്ച് ഒരു നല്ല സുഹൃത്തായി നിൽക്കാനേ എനിക്ക് കഴിഞ്ഞിട്ടുള്ളൂ. ഞാൻ മനുഷ്യരെ വേർതിരിച്ച് കാണാറില്ല, ഞാൻ അത് പഠിച്ചിട്ടില്ല. എന്നാൽ ചെയ്യാൻ കഴിയുന്നത് ചെയ്യുക, ഒരാളുടെ കണ്ണീരൊപ്പാൻ കഴിഞ്ഞാൽ അന്ന് സുഖമായി കിടന്നുറങ്ങാം എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. എനിക്ക് നിങ്ങളോടൊക്കെ ഒന്നേ പറയാനുള്ളൂ, ഒരുപാട് ഇഷ്ടമാണ് എനിക്ക് എല്ലാവരെയും😍😍 love you all 💓

എന്‍റെ പ്രവർത്തികൊണ്ട് ആർക്കെങ്കിലും വല്ല ഉപദ്രവവും ഉണ്ടായിട്ടുണ്ടെങ്കിൽ അത് തിരുത്താൻ ഞാൻ സന്നദ്ധനാണ്. എനിക്ക് ശത്രുക്കൾ ഇല്ല എന്നുതന്നെ പറയാം, എനിക്ക് മിത്രങ്ങളെ ഉള്ളൂ.
എൻറെ എതിർ സ്ഥാനാർത്ഥിയായി മത്സരിച്ചവർ എൻറെ അടുത്ത സുഹൃത്തുക്കളാണ്.
ജീവിതത്തിൽ ആവശ്യമായതെല്ലാം സർവ്വശക്തൻ എനിക്ക് നൽകിയിട്ടുണ്ട്. ഞാൻ കച്ചവടം എന്ന തൊഴിൽ ചെയ്തു ജീവിക്കുന്ന ഒരു വ്യക്തിയാണ്. രാഷ്ട്രീയം ഒരു സേവന മാർഗ്ഗമായാണ്​ ഞാൻ കാണുന്നത്. അല്ലാതെ സമ്പാദിക്കാനുള്ള ഒരു തൊഴിലായി അല്ല. ശിഷ്ടകാലം ജനങ്ങളെ സേവിച്ച്​ ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതിന് കിട്ടുന്ന ഒരു അവസരവും ഇനി ഞാൻ പാഴാക്കാൻ ഉദ്ദേശിക്കുന്നില്ല.

ഒരു നല്ല ജനസേവകൻ ആയി ജീവിക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിന് സർവശക്തൻ എനിക്ക് കഴിവും ബുദ്ധിയും വിവേകവും നൽകട്ടെ എന്ന് ഞാൻ പ്രാർത്ഥിച്ചുകൊള്ളുന്നു. നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും പിന്തുണയും ഉണ്ടാകണമെന്ന് വിനീതമായി ഞാൻ അപേക്ഷിച്ചുകൊള്ളുന്നു.

സ്നേഹപൂർവ്വം
കെ.പി. മുഹമ്മദ്‌ മുസ്തഫ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2021kp muhammed musthafa
News Summary - Former League leader KP muhammed musthafa has hinted that he will be the LDF candidate
Next Story