കെ.പി.സി.സി മുൻ സെക്രട്ടറി എം.ആർ. രാമദാസിനെ തിരിച്ചെടുത്തു
text_fieldsഅന്തിക്കാട്: പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട കെ.പി.സി.സി മുൻ സെക്രട്ടറി എം.ആർ. രാമദാസ് വീണ്ടും കോൺഗ്രസിലേക്ക്.
രാമദാസിെൻറ പേരിൽ സ്വീകരിച്ച അച്ചടക്കനടപടികൾ കെ.പി.സിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ പിൻവലിച്ചതായി സംഘടനാ ചുമതലയുള്ള ജന. സെക്രട്ടറി കെ.പി. അനിൽകുമാർ അറിയിച്ചു.
അയ്യന്തോളിലെ ഫ്ലാറ്റിൽ നടന്ന കൊലപാതക കേസുമായി ബന്ധപ്പെട്ടാണ് വി.എം. സുധീരൻ പ്രസിഡൻറായിരുന്നപ്പോൾ രാമദാസിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്.
പിന്നീട് കോടതി കുറ്റമുക്തനാക്കിയെങ്കിലും പാർട്ടി തിരിച്ചെടുക്കാത്തതിൽ രാമദാസ് കോൺഗ്രസിനെതിരെ വെല്ലുവിളിച്ച് രംഗത്ത് വന്നിരുന്നു. തിരിച്ചെടുത്തില്ലെങ്കിൽ കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ മത്സരിക്കുമെന്ന് അറിയിച്ച് ഈ മാസം അഞ്ചിന് വാർത്തസമ്മേളനം നടത്തിയിരുന്നു.
നേതാക്കളെ കുറിച്ച ചില വിവരങ്ങൾ പുറത്തുവിടുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. പലതും പുറത്തായാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥികൾക്ക് ഭീഷണി ഉയരുമെന്ന തോന്നലാണ് രാമദാസിനെ തിരിച്ചെടുക്കാൻ നേതാക്കളെ പ്രേരിപ്പിച്ചത്.
കെ.എസ്.യു ജില്ല വൈസ് പ്രസിഡൻറ്, യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർ, കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയൻ ചെയർമാൻ, 13 വർഷം കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻറ്, സംസ്ഥാന പ്രസിഡൻറ്, 12 വർഷം ഡി.സി.സി ജന. സെക്രട്ടറി, കെ.പി.സി.സി സെക്രട്ടറി എന്നീ സ്ഥാനങ്ങൾ അലങ്കരിച്ച രാമദാസിെൻറ തിരിച്ചുവരവ് നിയമസഭാ തെരെഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ജില്ലയിലെ കോൺഗ്രസിനും യൂത്ത് കോൺഗ്രസിനും കെ.എസ്.യുവിനും യുവാക്കൾക്കും പുതിയ ഊർജം നൽകുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

