Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട് മുൻ മേയറും...

കോഴിക്കോട് മുൻ മേയറും സി.പി.എം നേതാവുമായ ടി.പി. ദാസൻ അന്തരിച്ചു

text_fields
bookmark_border
TP Dasan
cancel
camera_alt

ടി.പി. ദാസൻ 

കോഴിക്കോട്‌: സംസ്ഥാന സ്‌പോർട്‌സ്‌ കൗൺസിൽ മുൻ പ്രസിഡന്‍റും കോഴിക്കോട് മുൻ മേയറും മുതിർന്ന സി.പി.എം നേതാവുമായിരുന്ന ടി.പി. ദാസൻ (76) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി 11.24ഓടെ കോഴിക്കോട് സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം.

നിലവിൽ സി.പി.എം കോഴിക്കോട്‌ ടൗൺ ഏരിയ കമ്മിറ്റി അംഗമാണ്‌. ദീര്‍ഘകാലം കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റ് അംഗമായിരുന്നു. രോഗബാധയെ തുടര്‍ന്ന് അശോകപുരത്തെ വീട്ടിൽ ഏറെ നാളായി വിശ്രമത്തിലായിരുന്നു. സഹകാരി, കായിക സംഘാടകൻ തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങി. കെ.എസ്.വൈ.എഫിന്റെയും കെ.എസ്.എഫിന്റെയും സംസ്ഥാന നേതൃനിരയിൽ പ്രവര്‍ത്തിച്ച ദാസൻ, ഡി.വൈ.എഫ്.ഐ രൂപീകരണ വേളയിൽ പ്രഥമ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു. സംസ്ഥാന സെക്രട്ടറിയായുമായിരുന്നു.

കലിക്കറ്റ്‌ കോ-ഓപറേറ്റീവ്‌ അർബൻ ബാങ്ക് ചെയർമാനും കേരള അർബൻ ബാങ്ക്‌ ഫെഡറേഷൻ ചെയർമാനുമായിരുന്നു. 1992 മുതൽ 94 വരെയാണ് കോഴിക്കോട്‌ കോർപറേഷൻ മേയറായത്. 1996 മുതൽ 2001 വരെ നഗരാസൂത്രണ സ്ഥിരം സമിതി ചെയർമാനും എൽ.ഡി.എഫ്‌ കൗൺസിൽ പാർട്ടി നേതാവുമായിരുന്നു.1967ൽ സി.പി.എം അംഗമായി. ജില്ലാ സെക്രട്ടറിയേറ്റംഗം, കോഴിക്കോട്‌ മണ്ഡലം കമ്മിറ്റി അംഗം, ടൗൺ ഏരിയാ സെക്രട്ടറി തുടങ്ങി ഒട്ടേറെ സ്ഥാനങ്ങൾ വഹിച്ച്‌ ജില്ലയിലുടനീളം സി.പി.എം കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ചു.

1950 ജൂൺ ഒന്നിന്‌ കൊയിലാണ്ടിയിലാണ്‌ ജനനം. കാരയാട്‌ എൽപി, കൽപ്പത്തൂർ യുപി, മേപ്പയ്യൂർ ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തുടർന്ന്‌ കോഴിക്കോട്‌ ഫിസിക്കൽ എജുക്കേഷൻ കോളജിൽനിന്ന്‌ ഡിപ്ലോമയും നേടി. പഠനശേഷം തളി ഗവ. യു.പി സ്‌കൂളിൽ താൽക്കാലിക കായികാധ്യാപകനായി. 1973ലെ അധ്യാപക സമരത്തിൽ ജയിലിലായതോടെ ജോലി നഷ്ടമായി. കെ.എസ്‌.എഫിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ടി.പി, സംഘടനയുടെ ജില്ല സെക്രട്ടറി, സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു.

സംസ്ഥാന സ്‌പോർട്‌സ്‌ കൗൺസിൽ അധ്യക്ഷൻ, ഉപാധ്യക്ഷൻ, കെ.ടി.ഡി.സി ഡയറക്ടർ, കല പ്രസിഡന്റ്‌ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. നടക്കാവിലെ ബാബുരാജ്‌ മ്യൂസിക്‌ അക്കാദമി സെക്രട്ടറിയായിരുന്നു. കോർപറേഷൻ മുൻ സ്ഥിരം സമിതി അധ്യക്ഷയും റിട്ട. കോ-ഓപറേറ്റീവ്‌ ഡെപ്യൂട്ടി രജിസ്‌ട്രാറുമായ ടി.വി. ലളിതപ്രഭ (സി.പി.എം ടൗൺ ലോക്കൽ കമ്മിറ്റിയംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ ടൗൺ ഏരിയാ കമ്മിറ്റിയംഗം) യാണ്‌ ഭാര്യ. മക്കൾ: മിലി (ആർക്കിടെക്ട്‌, യു.എൽ.സി.സി.എസ്‌), മിനി (എച്ച്‌.ആർ ഓഫിസർ, കെൽട്രോൺ--തിരുവനന്തപുരം), മിഥുൻ (എൻജിനിയർ യു.കെ). മരുമക്കൾ: ബൈജു (പ്രിന്റിങ്‌ പ്രസ്‌, വെസ്‌റ്റ്‌ഹിൽ), എൻ.പി. സജീഷ്‌ (ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ, ചലച്ചിത്ര നിരൂപകൻ), നീതു (യു.കെ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports council keralakozhikode mayortp dasan
News Summary - Former Kozhikode Mayor and CPM leader TP Dasan passes away
Next Story