Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right25 ലക്ഷം പിഴയിട്ടെന്ന...

25 ലക്ഷം പിഴയിട്ടെന്ന വാർത്ത തെറ്റ്​; നിയമ നടപടി സ്വീകരിക്കും -എൻ. പ്രശാന്ത്​

text_fields
bookmark_border
25 ലക്ഷം പിഴയിട്ടെന്ന വാർത്ത തെറ്റ്​; നിയമ നടപടി സ്വീകരിക്കും -എൻ. പ്രശാന്ത്​
cancel

കോഴിക്കോട്​: സ​ര്‍ക്കാ​ര്‍ വാ​ഹ​നം ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ 25 ലക്ഷം രൂ​പ പി​ഴ അ​ട​ക്കാൻ​ ധ​ന​വ​കു​പ്പ് ഉ​ത്ത​ര​വി​ട്ട​തായി മാധ്യമങ്ങളിൽ വന്ന വാർത്തക്കെതിരെ കോ​ഴി​ക്കോ​ട് ജി​ല്ല മു​ന്‍ ക​ല​ക്ട​ര്‍ എ​ൻ. പ്ര​ശാ​ന്ത്​. വാർത്ത തെറ്റാണെന്നും ഒരു കൊല്ലം മുമ്പ്​ അന്വേഷിച്ച്‌ തള്ളിയ വ്യാജ പരാതിയാണിതെന്നും പ്രശാന്ത്​ ഫേസ്​ബുക്ക്​ പോസ്​റ്റിലൂടെ വ്യക്തമാക്കി. വാർത്താസമ്മേളനത്തിലൂടെ വ്യാജ വാർത്ത പ്രചരിപ്പിച്ചയാൾക്കും അത്​ നൽകിയ മാധ്യമങ്ങൾക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വിഷയത്തിൽ കൂടുതൽ പറയാനോ എഴുതാനോ ഇനിയില്ല. കോടതിയിൽ അഭയം പ്രാപിക്കുക എന്നതേ തന്നെപ്പോലുള്ളവർക്ക്‌ സാധിക്കൂ. പ്രവാസികളെ ഊറ്റി വളരുന്ന പ്രാഞ്ചികളുടെ തണലോ മണൽ-ക്വാറി മുതലാളിമാരുടെ സമ്മാനങ്ങളോ ടൂറിസം വികസനത്തിലൂടെ സ്വയം വികസനമോ ശീലിക്കാത്തത്‌ കൊണ്ട്‌ നമുക്ക്‌ ശരണം കോടതി മാത്രമാണ്​. കോടതിയിൽ എല്ലാം പറയുമെന്നും എൻ. പ്രശാന്ത്​ പോസ്​റ്റിൽ പറയുന്നു.

ഫേസ്​ബുക്ക്​ പോസ്​റ്റി​​​​​​െൻറ പൂർണരൂപം:

ജോലിക്കിടെ വളരെ കഴിവുറ്റ മാധ്യമപ്രവർത്തകരെ പരിചയപ്പെടാൻ സാധിച്ചിട്ടുണ്ട്‌. ഏറെ ബഹുമാനം തോന്നിയവരും ഉണ്ട്‌. നിലപാടുകൾ കൊണ്ടും ഒബ്ജക്റ്റിവിറ്റി കൊണ്ടും. എന്നാൽ ഇവർക്കൊരപവാദമായ കുറേ പേരെക്കുറിച്ചാണ്‌ ഇന്നത്തെ പോസ്റ്റ്‌.

സത്യസന്ധരായ ഉദ്യോഗസ്ഥരെ പരസ്യമായി അവഹേളിക്കുന്ന ട്രാക്‌ റെക്കോർഡ്‌ ഉള്ള, ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരു വ്യക്തി, ഒരു കടലാസ്‌ സംഘടനയുടെ പേരിൽ പത്രസമ്മേളണം നടത്തുന്നതും, ഒരു ഡ്യൂ ഡിലിജൻസും ഇല്ലാതെ അയാൾ പറയുന്നത്‌ അതേ പടി ചില മാധ്യമങ്ങൾ വാർത്തയായി കൊടുക്കുന്നതും‌ ഇന്നലെ കണ്ടു. ഈയുള്ളവന്റെ കയ്യിൽ നിന്ന് 25 ലക്ഷം പിടിക്കാൻ 'സർക്കാർ ഉത്തരവ്'‌ ഇറങ്ങി എന്നാണ്‌ ഒരു മാന്യദേഹം കോഴിക്കോട്ട്‌ പത്രസമ്മേളണം നടത്തി പറഞ്ഞത്‌‌. കൊള്ളാല്ലോ? അപ്പൊ ഉത്തരവിന്റെ കോപ്പി പത്രക്കാർക്ക്‌ കൊടുത്ത്‌ കാണും-അല്ലാതെ അവർ അങ്ങനെ ഒരു വാർത്ത ചെയ്യില്ലല്ലോ. ‌അന്വേഷിച്ചപ്പൊ അങ്ങനൊരു ഉത്തരവും ഇല്ല, ഉത്തരവിന്റെ കോപ്പിയും ഇല്ല. ശ്ശെടാ!

പത്രസമ്മേളനത്തിൽ വിതരണം ചെയ്യുന്ന കടലാസ്സുകൾ എന്തെന്ന് വായിച്ച്‌ നോക്കാൻ തക്ക അക്ഷരാഭ്യാസമൊക്കെ ജേണലിസ്റ്റുകൾക്ക്‌ ഉണ്ട്‌ എന്നായിരുന്നു എന്റെ ധാരണ. അനിൽകുമാറെന്ന സെക്രട്ടേറിയറ്റ്‌ ഉദ്യോഗസ്ഥൻ തയ്യാറാക്കിയ, ഒരു കൊല്ലം മുൻപ്‌ അന്വേഷിച്ച്‌ തള്ളിയ വ്യാജ പരാതിയുടെ അഭിനവ 'റിപ്പോർട്ടിന്റെ' വിവരാവകാശ കോപ്പി തൂക്കിപ്പിടിച്ച്‌ വാർത്ത ചെയ്യുമ്പോൾ അതിൽ എന്താണെന്ന് വായിക്കാനുള്ള സാമാന്യ ബുദ്ധി കാണിക്കണമല്ലോ. 11.10.2018 ൽ മാന്യ സെക്രടേറിയറ്റ്‌ ഗുമസ്തൻ റിപ്പോർട്ട് തയ്യാറാക്കി കൊലക്കേസ്‌ ഒഴികെ എല്ലാം എന്റെ തലയിൽ വെക്കുമ്പോഴും 3.11.2017 ൽ ബഹു.റവന്യു വകുപ്പ്‌ മന്ത്രിയുടെ അധ്യക്ഷതയിൽ എടുത്ത റാറ്റിഫിക്കേഷൻ തീരുമാനം കണ്ടില്ലെന്ന് നടിക്കുന്നു. അത്‌ കണ്ടിരുന്നെങ്കിലോ? അയാൾ എന്റെ മേൽ ആരോപിച്ചതെല്ലാം ബഹു.മന്ത്രിയുടെ തലയിലാവും! അനിൽകുമാറെന്ന സെക്രടേറിയറ്റ്‌‌ ഉദ്യോഗസ്ഥൻ വ്യാജമായ റിപ്പോർട്ട്‌ സമർപ്പിച്ചതിന്‌ പിന്നിലുള്ള ഗൂഢാലോചന വെളിവാകും വിധം കേസെടുക്കാനുള്ള നടപടികൾ എടുത്ത്‌ വരികയാണെന്നതും കൂടി ചേർത്ത്‌ വായിക്കണം.

IAS ഉദ്യോഗസ്ഥരുടെ കാര്യങ്ങൾ തീരുമാനിക്കുന്ന എല്ലാ ഫയലുകളും ചീഫ്‌ സെക്രട്ടറിയും മുഖ്യമന്ത്രിയും കണ്ടിരിക്കും. അപ്പോൾ ഇവരിലാരെയെങ്കിലും, അല്ലെങ്കിൽ ഇവരുടെ ഓഫീസിൽ ആരെയെങ്കിലും ഒരു ഫോൺ വിളിച്ചാൽ അറിയാമല്ലോ നിജസ്ഥിതി? ഈ വാർത്ത ചെയ്തവർ എന്ത്‌ കൊണ്ട്‌ ആ ഒരു കോൾ ചെയ്യാൻ മടിച്ചു എന്നത്‌ ചിന്തിക്കേണ്ട ഒരു വിഷയമാണ്‌. സർക്കാർ 'ഉത്തരവിട്ടു' എന്ന് ഏതോ ഒരു വഴിപോക്കൻ, അതും നല്ല ബെസ്റ്റ്‌ ട്രാക്ക്‌ റെക്കോർഡുള്ള ഒരാൾ പത്രസമ്മേളനത്തിൽ പറഞ്ഞാൽ മതിയോ? പത്രസമേളനത്തിൽ എഴുതി കൊടുത്തത്‌ അതേപടി കൊടുത്താൽ അത്‌ ഇൻവെസ്റ്റിഗേറ്റീവ്‌ ജേണലിസമാണെന്ന് വിശ്വസിക്കുന്ന തലമുറയൊക്കെ പോയി.

RTI എന്ന് കേൾക്കുമ്പോൾ ശ്വാസം നിലച്ച്‌, എഴുതിക്കൊടുത്തത്‌‌ അതേ പടി വാർത്തയായി കൊടുത്ത റിപ്പോർട്ടർമാർക്ക്‌ സർക്കാരിന്റെ തുടർവിദ്യാഭ്യാസ പദ്ധതിയിൽ ചേരാവുന്നതാണ്‌. 96 വയസ്സുകാരി കാർത്ത്യായനി അമ്മൂമ്മ പറഞ്ഞ പോലെ എഴുത്തും വായനേം പഠിച്ച ശേഷം മാന്യമായി നല്ല ജോലി വാങ്ങി ജീവിക്കാവുന്നതാണ്‌.

ഞാനീ പറയുന്നതിന്റെ വിഷമം മനസ്സിലാവണമെങ്കിൽ അദ്ധ്വാനിച്ച്‌ പഠിച്ച്‌, പരീക്ഷ പാസ്സായി ജോലിയിൽ കേറണം. അവിടെ ആത്മാർത്ഥമായി ജോലി ചെയ്യണം. നിലപാടെടുക്കണം. കാശുണ്ടാക്കി മുകളിലുള്ളവന്‌ മാസപ്പടി എത്തിക്കാൻ പറ്റില്ലെന്ന് മുഖത്ത്‌ നോക്കി പറയണം. മൊയ്‌ലാളിമാരെ പിടിച്ച്‌ പോസ്റ്റ്‌ വാങ്ങാതെ, ആരുടേം തിണ്ണ നിരങ്ങാതെ ആത്മാഭിമാനത്തോടെ ജീവിക്കണം. 10% കമ്മീഷൻ എന്ന ഇരട്ടപ്പേരില്ലാതെ ജീവിക്കണം. ഇങ്ങനെയല്ല ഒരുവന്റെ ജീവിതമെങ്കിൽ റെപ്യുട്ടേഷന്റെ വില‌ അയാൾക്ക്‌ മനസ്സിലാവില്ല.

ആദ്യമായല്ല ഇത്തരം ഉഡായിപ്പ്‌ പരിപാടി. വളരെയധികം ക്ഷമയോടെയാണ്‌ ഞാനിതുവരെ ഇത്തരക്കാരെ കൈകാര്യം ചെയ്തിട്ടുള്ളത്‌‌. ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യുമെങ്കിലും അത്‌ ദുഷ്ടനെ പന പോലെ വളർത്തും. ഈ ഫേക്‌ ന്യൂസ് പ്രചരിപ്പിച്ച മാന്യ ദേഹത്തിനും,‌ അച്ചടിച്ച‌/സംപ്രേക്ഷണം ചെയ്ത മാധ്യമങ്ങൾക്കും നിരുപാധികം മാപ്പ്‌ പറയുകയോ നിയമനടപടി നേരിടാൻ തയ്യറാവുകയോ ചെയ്യാം. എഡിറ്റർമാരുടെ നിലവാരമാണ്‌ ഇനി അറിയാനുള്ളത്‌. എത്ര പേർ മാപ്പു പറയും എന്നറിയാമല്ലോ. (കുന്ദംകുളം മാപ്പല്ല.)

ഈ വിഷയത്തിൽ കൂടുതൽ പറയാനോ എഴുതാനോ ഇനി ഇല്ല- കോടതിയിൽ അഭയം പ്രാപിക്കുക എന്നതേ എന്നെപ്പോലുള്ളവർക്ക്‌ സാധിക്കൂ. പ്രവാസികളെ ഊറ്റി വളരുന്ന പ്രാഞ്ചികളുടെ തണലോ, മണൽ-ക്വാറി മുതലാളിമാരുടെ സമ്മാനങ്ങളോ, ടൂറിസം വികസനത്തിലൂടെ സ്വയം വികസനമോ ശീലിക്കാത്തത്‌ കൊണ്ട്‌ നമുക്ക്‌ ശരണം കോടതി മാത്രം. അവിടെ എല്ലാം പറയും. എല്ലാം.

ഇന്നലത്തെ പൊറാട്ട്‌ നാടകത്തിന്റെ ടൈമിങ്ങിനെ കുറിച്ച്‌ ഒരു വാക്ക്‌. കോഴിക്കോട്ട്‌ എന്നെ സ്നേഹിക്കുന്നവരെ പോലെ എന്നെ ഭയപ്പെടുന്നവരും ഉണ്ടെന്ന് അറിയാം. കോഴിക്കോട്ട്‌ കലക്ടർക്ക്‌ ട്രാൻസ്ഫർ വരുന്ന എല്ലാ ക്യാബിനറ്റ്‌ ദിവസവും ഇങ്ങനെ ഫേക്‌ ന്യൂസും പൊറാട്ട്‌ നാടകവും കളിക്കണമെന്നില്ല. ഞാനാ ഭാഗത്തോട്ട്‌ ഇനി ഇല്ലെന്ന് ദയവായി മനസ്സിലാക്കൂ. കലക്ടർ എന്നത്‌ ഡയറക്റ്റ്‌ IAS കാരെ സംബന്ധിച്ചിടത്തോളം ഒരു ജൂനിയർ പോസ്റ്റാണെന്നും ഈയുള്ളവൻ ഇപ്പൊ ലേശം ഇടത്തരം സീനിയറാണെന്നും മനസ്സിലാക്കുക. തൽക്കാലം ചികിത്സയും ആശുപത്രിയുമായി കറങ്ങി നടക്കുന്നതുകൊണ്ട്‌ സമയാസമയത്ത്‌ പ്രതികരിക്കാനൊന്നും വയ്യ. പക്ഷേ കേസ്‌ ഗംഭീരമായി നടത്തും. അത്‌ വാക്ക്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsn prasanthfake newsmalayalam newsformer collector
News Summary - former kozhikode collector going to legal action against fake news about him -kerala news
Next Story