
വി.എസ്. അച്യുതാനന്ദന് കോവിഡ്; സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ
text_fieldsതിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധയെ തുടർന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ചയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. മകൻ അരുൺ കുമാറാണ് രോഗവിവരം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന് സമീപത്തേക്ക് സന്ദർശകരെ അനുവദിച്ചിരുന്നില്ല. ഇതിനിടെ പരിചരിച്ചിരുന്ന നഴ്സിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അച്യുതാനന്ദനും കോവിഡ് സ്ഥിരീകരിച്ചതെന്ന് അരുൺ കുമാർ ഫേസ്ബുക്കിൽ കുറിച്ചു. തുടർന്ന് ആരോഗ്യപ്രവർത്തകരുടെ നിർദേശ പ്രകാരം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
'മഹാമാരിയുടെ പിടിയിൽ പെടാതെ ഡോക്ടർമാരുടെ നിർദേശം കർശനമായി പാലിച്ച് വീട്ടിൽ കഴിച്ചുകൂട്ടിയ അച്ഛനും കോവിഡ് പോസിറ്റീവായിരിക്കുന്നു. സന്ദർശകരെപ്പോലും അനുവദിക്കാതെ ഒരർഥത്തിൽ ക്വാറന്റീനിലായിരുന്നു അച്ഛൻ. നിർഭാഗ്യവശാൽ അച്ഛനെ പരിചരിച്ച നഴ്സിന് കോവിഡ് പോസിറ്റീവായി. ഇന്നലെ പരിശോധിച്ചപ്പോൾ അച്ഛനും കോവിഡ് പോസിറ്റീവ്. ആരോഗ്യവിദഗ്ധരുടെ നിർദേശം പാലിച്ച് അച്ഛനിപ്പോൾ ആശുപത്രിയിലാണ്' -അരുൺ കുമാർ ഫേസ്ബുക്കിലൂടെ അറിയിച്ചു.