ധർമടം മുൻ എം.എൽ.എ കെ.കെ. നാരായണൻ അന്തരിച്ചു
text_fieldsകണ്ണൂർ: ധർമടം മണ്ഡലം മുൻ എം.എൽ.എയും സി.പി.എം മുൻ ജില്ല സെക്രട്ടേറിയറ്റംഗവുമായ കെ.കെ. നാരായണൻ (77) നിര്യാതനായി. മുണ്ടലൂർ ന്യൂ എൽ.പി സ്കൂളിൽ എൻ.എസ്.എസ് ക്യാമ്പിലെ കുട്ടികളുമായി സംസാരിച്ചിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ്, ജില്ല ബാങ്ക് പ്രസിഡന്റ്, വിസ്മയ അമ്യൂസ്മെന്റ് പാർക്ക് ചെയർമാൻ, കണ്ണൂർ എ.കെ.ജി സഹകരണ ആശുപത്രി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ സംസ്ഥാന സഹകരണ യൂനിയൻ അംഗമാണ്. സി.ഐ.ടി.യു ജില്ല സെക്രട്ടറി, ജനറൽ വർക്കേഴ്സ് യൂനിയൻ ജില്ല ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
അടിയന്തരാവസ്ഥക്കാലത്തും അതിനു ശേഷവും ക്രൂരമായ പൊലീസ് മർദനങ്ങൾക്കിരയായി. ബീഡിത്തൊഴിലാളി നേതാവായാണ് പൊതുജീവിതം ആരംഭിച്ചത്. ടുബാക്കോ വർക്കേഴ്സ് യൂനിയന്റെയും മോട്ടോർ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂനിയന്റെയും നേതൃത്വം വഹിച്ചു.
പരേതരായ കൈപ്പച്ചേരി കുന്നുമ്പ്രത്ത് കണ്ണന്റെയും വാഴവളപ്പിൽ മാതുവിന്റെയും മകനാണ്. ഭാര്യ: സുശീല (റിട്ട. മൗവ്വഞ്ചേരി റൂറൽ സഹകരണ ബാങ്ക്). മക്കൾ: സുനീഷ് (സി.പി.എം എടക്കാട് ഏരിയ കമ്മിറ്റി അംഗം, പെരളശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്, പെരളശ്ശേരി എ.കെ.ജി സ്മാരക ആശുപത്രി പ്രസിഡന്റ്), ഷാജേഷ് (ഐ.സി.എം, പറശ്ശിനിക്കടവ്).
മരുമക്കൾ: രമ്യ (പെരളശ്ശേരി ബാങ്ക്), ജിഷ (നീലേശ്വരം, കിനാനൂർ സർവിസ് സഹകരണ ബാങ്ക്). സഹോദരങ്ങൾ: പുരുഷോത്തമൻ, ഫൽഗുനൻ, സുഗുണൻ, രഘുനാഥ്, പരേതരായ പ്രദീപൻ, രാജു. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് പയ്യാമ്പലത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

