ആർ.എസ്.എസ് ഗണവേഷം ധരിച്ച് ജേക്കബ് തോമസ്; ആർ.എസ്.എസിന് ജാതിയും മതവും ഇല്ലെന്നും മുൻ ഡി.ജി.പി
text_fieldsജേക്കബ് തോമസ്
കൊച്ചി: ആർ.എസ്.എസ് ഗണവേഷം ധരിച്ച് വിജയദശമി മഹോത്സവത്തിൽ പങ്കെടുത്ത് മുൻ ഡി.ജി.പി ജേക്കബ് തോമസ്. എറണാകുളം പള്ളിക്കരയിൽ നടന്ന ആർ.എസ്.എസിന്‍റെ പദസഞ്ചലനത്തിലാണ് മുൻ ഡി.ജി.പി ഗണവേഷത്തിലെത്തിയത്.
ജേക്കബ് തോമസ് ആർ.എസ്.എസിൽ സജീവമാകുമെന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ആർ.എസ്.എസിന് ജാതിയും മതവും ഇല്ലെന്നും കാലോചിതമായ ശക്തി കൊണ്ടുള്ള രാഷ്ട്ര നിർമാണമാണ് ആർ.എസ്.എസിന്റെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു. ‘ഓരോ വ്യക്തിയും ശക്തിയാർജിക്കുകയാണ് ആർ.എസ്.എസ് ലക്ഷ്യം. കായിക ശക്തിയും മാനസിക ശക്തിയും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ശക്തിയും സോഷ്യൽ മീഡിയ ശക്തിയും ആർജിക്കണം. വ്യക്തികൾ പലതരം ശക്തികൾ ആർജിക്കുമ്പോൾ രാഷ്ട്രം കൂടുതൽ ശക്തമാകും. ആർ.എസ്.എസിന് മതമോ പ്രദേശികതയോ ഇല്ല’ -ജേക്കബ് തോമസ് പറഞ്ഞു.
പൊലീസിൽ നിന്നും വിരമിച്ചശേഷം 2021ൽ അദ്ദേഹം ബി.ജെ.പിയിൽ ചേർന്നിരുന്നു. ഹൃദയപൂർവം ഭാരതത്തോട് ചേർന്ന നിൽക്കുക എന്ന ആശയത്തോടെയാണ് നൂറാം വർഷമാകുന്ന ആർ.എസ്.എസിൽ സജീവമാകുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 1997 മുതൽ തന്നെ ആർ.എസ്.എസിൽ ആകൃഷ്ടനായിരുന്നു. ഇനി ആർ.എസ്.എസ് ആശയത്തിനൊപ്പമായിരിക്കും തന്റെ യാത്രയെന്നും അദ്ദേഹം വ്യക്തമാക്കി.
2021ൽ ജെ.പി നദ്ദയിൽ നിന്നാണ് ജേക്കബ് തോമസ് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇരിഞ്ഞാലക്കുടയിൽ മത്സരിച്ച് 33,000ത്തിലേറെ വോട്ട് നേടിയിരുന്നു. അതേസമയം, നിലവിൽ ജേക്കബ് തോമസ് ബി.ജെ.പിയിൽ പദവികളൊന്നും വഹിക്കുന്നില്ല. സംസ്ഥാനത്തെ ആദ്യ വനിത ഡി.ജി.പിയായ ആർ.ശ്രീലേഖ വിരമിച്ചതിന് പിന്നാലെ ബി.ജെ.പി അംഗത്വമെടുത്തിരുന്നു.
നിലവിൽ അവർ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റാണ്. മറ്റൊരു ഡി.ജി.പിയായ ടി.പി സെൻകുമാർ ഹിന്ദുഐക്യവേദിയുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. അഴിമതി വിരുദ്ധ പോരാട്ടങ്ങളുടെ പേരിൽ ശ്രദ്ധേയനായ ഡി.ജി.പിയായിരുന്നു ജേക്കബ് തോമസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

