‘‘ഞങ്ങൾ തന്നെ നിങ്ങളെ കൊല്ലേണ്ടി വരും...’’ -സ്വതന്ത്രനായി മത്സരിക്കുന്ന സി.പിഎം മുൻ ഏരിയ സെക്രട്ടറിക്ക് ലോക്കൽ സെക്രട്ടറിയുടെ വധഭീഷണി
text_fieldsപാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ അടപ്പാടിയിൽ സ്വതന്ത്രനായി മത്സരിക്കുന്ന സി.പിഎം മുൻ ഏരിയ സെക്രട്ടറിക്ക് ലോക്കൽ സെക്രട്ടറിയുടെ വധഭീഷണി. സി.പിഎം മുൻ ഏരിയ സെക്രട്ടറി വി.ആർ. രാമകൃഷ്ണനെതിരെ ലോക്കൽ സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ ജംഷീർ നടുക്കോട്ടിലാണ് ഭീഷണി മുഴക്കിയത്.
‘നമ്മുടെ പാര്‍ട്ടിയെ തോൽപിക്കാൻ പാടില്ലെന്നും അല്ലെങ്കിൽ ഞങ്ങൾ തന്നെ നിങ്ങളെ കൊല്ലേണ്ടി വരും, തട്ടിക്കളയും’ എന്ന് ഭീഷണിപ്പെടുത്തുമ്പോൾ, ‘തട്ടിക്കോ, എനിക്ക് ഇനി പാർട്ടിയില്ല, മേലോട്ട് നോക്കിയാൽ ആകാശവും താഴോട്ട് നോക്കിയാൽ ഭൂമിയുമാണ്. ഇവിടെ കാണിച്ചിരിക്കുന്നത് കൊള്ളയാണ്. ഏത് ഒടയ തമ്പുരാൻ വന്ന് പറഞ്ഞാലും ശരി, വോട്ട് കിട്ടിയില്ലെങ്കിലും മാറില്ല’ എന്നായിരുന്നു മറുപടി.
എന്നാൽ, ഇത് ഗൗരവമായി പറഞ്ഞതല്ലെന്നും ഇവർ ഇത്തരത്തിൽ സംസാരിക്കുന്നവരാണെന്നുമാണ് സി.പി.എം അട്ടപ്പാടി ഏരിയ സെക്രട്ടറി എ. പരമേശ്വരൻ പ്രതികരിച്ചത്.
42 വർഷമായി സി.പി.എം പ്രവർത്തകനായിരുന്നു സ്വതന്ത്രനായി മത്സരിക്കുന്ന മുൻ ഏരിയ സെക്രട്ടറി വി.ആർ. രാമകൃഷ്ണൻ. ആറു വർഷം ഏരിയ സെക്രട്ടറിയായും 12 വർഷം ജെല്ലിപ്പാറ ലോക്കൽ സെക്രട്ടറിയുമായിരുന്നു. അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ കുറച്ചുകാലമായി പാർട്ടിയുമായി ബന്ധമില്ലെന്ന് അദ്ദേഹം പറയുന്നു. തുടർന്ന് അഗളി പഞ്ചായത്തിലെ 18-ാം വാർഡ് ഒമ്മലയിൽ സി.പി.എം സ്ഥാനാർഥിക്കെതിരെ വി.ആർ. രാമകൃഷ്ണൻ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

