മുൻ സി.പി.ഐ നേതാവ് മീനാങ്കല്‍ കുമാറും നൂറോളം പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേര്‍ന്നു
text_fieldsതിരുവനന്തപുരം: സി.പി.ഐ മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗവും എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറിയുമായിരുന്ന മീനാങ്കല്‍ കുമാറിന്റെ നേതൃത്വത്തില്‍ നൂറോളം സി.പി.ഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സി.പി.ഐ അംഗത്വം രാജി പ്രഖ്യാപിച്ച ശേഷം കെ.പി.സി.സി ആസ്ഥാനത്തെത്തിയ മീനാങ്കല്‍ കുമാറിനേയും പ്രവര്‍ത്തകരെയും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ ഷാള്‍ അണിയിച്ച് കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചു.
എ.ഐ.ടി.യു.സി ജില്ലാ ജോ. സെക്രട്ടറി വട്ടിയൂര്‍ക്കാവ് ബി. ജയകുമാര്‍, സംസ്ഥാന ജോയിന്റ് കൗണ്‍സില്‍ അംഗം ബിനു സുഗതന്‍, അരുവിക്കര ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും കളത്തറ വാര്‍ഡ് മെമ്പറുമായ മധു കളത്തറ, സി.പി.ഐ ചിറയിന്‍കീഴ് ലോക്കല്‍ കമ്മിറ്റി അസി. സെക്രട്ടറി പുളുന്തുരുത്തി ഗോപന്‍, റേഷന്‍ എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി മീനാങ്കല്‍ സന്തോഷ്, സി.പി.ഐ വര്‍ക്കല മുന്‍ മണ്ഡലം കമ്മിറ്റി അംഗം ബിജു വര്‍ക്കല തുടങ്ങിയവരെയും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ഷാള്‍ അണിയിച്ച് സ്വാഗതം ചെയ്തു.
സി.പി.ഐ രാഷ്ട്രീയപരമായി എൽ.ഡി.എഫില്‍ കൂടുതല്‍ ഒറ്റപ്പെടുന്ന സംഭവങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്നും വരും ദിവസങ്ങളില്‍ കൂടതല്‍ പേര് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സി.പി.ഐ വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്നും സണ്ണി ജോസഫ് പറഞ്ഞു. സി.പി.എമ്മിന്റെ വല്യേട്ടന്‍ മനോഭാവത്തിനും ഭീഷണിക്കും വഴങ്ങി സി.പി.ഐക്ക് അവരുടെ നിലപാടുകള്‍ പോലും വിഴുങ്ങേണ്ട അവസ്ഥയാണ്. അത്തരമൊരു അവസ്ഥയില്‍ മീനാങ്കല്‍ കുമാറും സഹപ്രവര്‍ത്തകരും സി.പി.ഐ വിട്ടത് ഏറെ സന്തോഷകരമാണ്.
കമ്യൂണിസ്റ്റ് രാഷ്ട്രീയം അവസാനിപ്പിച്ച് വരുന്ന മുഴുവന്‍ നേതാക്കളെയും പ്രവര്‍ത്തകരേയും കോണ്‍ഗ്രസ് സ്വീകരിക്കും. ജനാധിപത്യ മതേതര മൂല്യങ്ങളില്‍ അടിയുറച്ച് പ്രവര്‍ത്തിക്കുന്ന ജനകീയ പൊതുപ്രവര്‍ത്തകനായ മീനാങ്കല്‍ കുമാറിന്റെയും സഹപ്രവര്‍ത്തകരുടെയും പ്രവേശനം തിരുവനന്തപുരം ജില്ലയില്‍ കോണ്‍ഗ്രസിന് കൂടുതല്‍ കരുത്ത് പകരും. ഇതൊരു തുടക്കം മാത്രമാണ്. ഇതിന്റെ തുടര്‍ ചലനങ്ങളുണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
ബി.ജെ.പിയുടെ വര്‍ഗീയ ഫാഷിസത്തെ ചെറുക്കാന്‍ കോണ്‍ഗ്രസിന് മാത്രമെ സാധിക്കൂവെന്ന് മീനാങ്കല്‍ കുമാര്‍ പറഞ്ഞു. ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായ സി.പി.ഐ കേരളത്തില്‍ വ്യത്യസ്ത മുന്നണിയുടെ ഭാഗമാകുന്ന സംവിധാനം മാറണമെന്നാണ് ഭൂരിപക്ഷം പ്രവര്‍ത്തകരും ആഗ്രഹിക്കുന്നതെന്നും മീനാങ്കല്‍ കുമാര്‍ വ്യക്തമാക്കി.
സി.പി.എമ്മിന്റെ ചവിട്ടും തൊഴിയുമേറ്റ് സി.പി.ഐ എല്‍.ഡി.എഫില്‍ തുടരാതെ യു.ഡി.എഫിന്റെ ഭാഗമാകണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

