ജയസൂര്യക്ക് ഒപ്പമുണ്ടായിരുന്നത് എ.ബി.വി.പി മുൻ ഭാരവാഹികൾ; മർദനത്തിൽ കേസെടുത്തു
text_fieldsകണ്ണൂർ: കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ കൂടെയുണ്ടായിരുന്ന സംഘം ദേവസ്വം ഫൊട്ടോഗ്രാഫറെ മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ കേളകം പൊലീസാണ് കേസെടുത്തത്. നടൻ ജയസൂര്യക്കൊപ്പം എത്തിയവരാണ് മർദിച്ചതെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
അതേസമയം, ജയസൂര്യയുടെ കൂടെ എത്തിയവർ എ.ബി.വി.പി മുൻ ഭാരവാഹികളാണെന്നാണ് റിപ്പോർട്ട്. മുന്‍ സംസ്ഥാന സംഘടനാ സെക്രട്ടറി ഒ. നിതീഷും മുന്‍ സഹ സംഘടനാ സെക്രട്ടറി ഷിജിലുമാണ് ജയസൂര്യക്കൊപ്പം ഉണ്ടായിരുന്നത്.
അക്രമികൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് കൊട്ടിയൂർ ദേവസ്വം ചെയർമാൻ ടി. നാരായണൻ നായരും പൊലീസിൽ പരാതി നൽകി.
ഇന്ന് രാവിലെ എട്ടരയോടെ അക്കര കൊട്ടിയൂരിലാണ് സംഭവം. ജയസൂര്യയുടെ കൂടെയുണ്ടായിരുന്നവരാണ് മർദിച്ചതെന്ന് ദേവസ്വം ഫോട്ടോഗ്രാഫർ സജീവ് നായർ പറഞ്ഞു.
ദേവസ്വം ബോര്‍ഡ് തന്നെ വൈശാഖ മഹോത്സവം കഴിയുംവരെ ഫോട്ടോ എടുക്കാൻ താല്‍ക്കാലികമായി ഏര്‍പ്പാടാക്കിയ ആളാണ് പ്രാദേശിക മാധ്യമപ്രവര്‍ത്തകൻ കൂടിയായ സജീവ് നായര്‍. ജയസൂര്യ ക്ഷേത്ര ദര്‍ശനം നടത്താൻ എത്തിയപ്പോള്‍ ഫോട്ടോ എടുക്കണമെന്ന് ദേവസ്വം ആവശ്യപ്പെട്ടപ്രകാരമാണ് സജീവ് ഫോട്ടോ എടുത്തത്. ഇതോടെ ജയസൂര്യയുടെ കൂടെ എത്തിയവർ തടയുകയും മർദിക്കുകയുമായിരുന്നെന്ന് സജീവ് പറയുന്നു.
ജയസൂര്യയുടെ കൂടെ വന്നയാളുകൾ കൈയേറ്റംചെയ്യുകയും കാമറ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായും തുടർന്ന് ദേവസ്വം ഓഫിസിലെത്തി ആക്രമിച്ച് പരിക്കേൽപിച്ചതായും സജീവ് പരാതിയിൽ പറയുന്നു. ദേവസ്വം ഫോട്ടോഗ്രാഫർ ആണെന്ന് പറഞ്ഞിട്ടും മർദനം തുടർന്നെന്നും പരാതിയിലുണ്ട്. സജീവ് കൊട്ടിയൂരിലെ ആശുപത്രിയിൽ ചികിത്സ തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

