ഫോർമലിൻ മീൻ: പേപ്പർ സ്ട്രിപ് തീർന്നു; പരിശോധന നിർത്തി
text_fieldsതിരുവനന്തപുരം: മത്സ്യങ്ങളിലെ വിഷാംശം കണ്ടെത്താനുള്ള പരിശോധന ‘ഒാപറേഷൻ സാഗർ റാണി’ തൽക്കാലം നിർത്തി. ഫോർമലിൻ, അമോണിയ സാന്നിധ്യം കണ്ടെത്താൻ ചെക്പോസ്റ്റ് കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിവന്ന പരിശോധനയാണ് വിഷാംശം തിരിച്ചറിയാനുള്ള പേപ്പര്‍ സ്ട്രിപ്പില്ലാത്തതിനാൽ പ്രതിസന്ധിയിലായത്. എറണാകുളം സെന്‍ട്രല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്) ആണ് പേപ്പർ സ്ട്രിപ് നിർമിച്ചുനൽകുന്നത്. പരിശോധന വ്യാപകമാക്കിയതോടെ പേപ്പർ സ്ട്രിപ് സ്റ്റോക്ക് തീർന്നു. പുതിയ സ്ട്രിപ് എത്തിയാലേ പരിശോധന തുടരാനാകൂ എന്നാണ് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ പറയുന്നത്.
പേപ്പർ സ്ട്രിപ്പിെൻറ വാണിജ്യാടിസ്ഥാനത്തിലുള്ള വിതരണം ഉടൻ ആരംഭിക്കുമെന്നും സ്ട്രിപ് നിർമിക്കാൻ താൽപര്യം അറിയിച്ച് ഒരു ഇന്ത്യൻ കമ്പനി എത്തിയിട്ടുണ്ടെന്നും സിഫ്റ്റ് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച ധാരണപത്രം ഒപ്പിടും. എന്നാൽ, കമ്പനി ഏതാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. വാണിജ്യാടിസ്ഥാനത്തിൽ സ്ട്രിപ് നിർമിച്ചുകഴിഞ്ഞാൽ രണ്ടു രൂപക്കുവരെ പേപ്പർ സ്ട്രിപ് പൊതുജനങ്ങൾക്ക് ലഭിക്കും. മെഡിക്കൽ ഷോപ് വഴി വിതരണം െചയ്യാനാണ് തീരുമാനം.
ഒാപറേഷൻ സാഗർ റാണിയുടെ ഭാഗമായി അമരവിള, ആര്യങ്കാവ്, വാളയാർ ചെക്പോസ്റ്റുകളിൽ ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ പരിശോധനയിലാണ് ഫോർമലിൻ കലർത്തിയ മത്സ്യം പിടിച്ചെടുത്തത്. മത്സ്യവും വാഹനവും തിരികെ തെലങ്കാനയിലേക്ക് തിരിച്ചയച്ചിട്ടുണ്ട്. അവിടത്തെ ഭക്ഷ്യസുരക്ഷ വിഭാഗത്തിന് നോട്ടീസും നൽകി. കസ് റ്റഡിലെടുത്ത് കേസെടുക്കാനും നിയമ നടപടികൾ സ്വീകരിക്കാനുമാണ് തീരുമാനമെന്നും ഭക്ഷ്യസുരക്ഷ വിഭാഗം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
