വ്യാജരേഖ ചമച്ച് തട്ടിപ്പ്: ബസുകൾ പരിശോധിച്ച് എം.വി.ഡി
text_fieldsതിരുവനന്തപുരം: മുമ്പ് പരിശോധനക്കെത്തിച്ച് രജിസ്ട്രേഷന്‍ നേടിയ ബസുകളില്‍ നമ്പർ പ്ലേറ്റ് മാറ്റിയശേഷം വീണ്ടും വി.എല്‍.ടി.ഡി പിടിപ്പിച്ച് മറ്റൊരു ബസ് എന്ന പേരില്‍ പരിശോധനയ്‌ക്കെത്തിച്ചതായി വിജിലന്‍സിന് പരാതി. കഴിഞ്ഞ ഫെബ്രുവരിയിൽ രജിസ്ട്രേഷൻ നടത്തിയ ബസുകളാണ് വീണ്ടും പരിശോധിക്കുന്നത്. ഫെബ്രുവരിയിൽ ഏഴ് ബസുകളാണ് കൊല്ലത്ത് രജിസ്റ്റർ ചെയ്തത്. ബസുകൾ പരിശോധനക്ക് ഹാജരാക്കാതെ മുമ്പ് പരിശോധനക്ക് എത്തിച്ച വാഹനം രജിസ്ട്രേഷൻ നേടുകയും ശേഷം നമ്പർ പ്ലേറ്റ് മാറ്റിയശേഷം വീണ്ടും വി.എൽ.ടി.ഡി ഘടിപ്പിച്ച് പരിശോധനക്ക് ഹാജരാക്കിയെന്നുമാണ് വിജിലൻസിന് ലഭിച്ച പരാതി.
എന്നാൽ, പരിശോധന നടക്കുമ്പോൾ ഫാക്ടറിയിൽ നിർമാണത്തിലിരിക്കുന്ന ബസുകൾ കൊല്ലത്ത് എങ്ങനെ എത്തിയെന്നും വിജിലൻസിന് വിവരം ലഭിച്ചിട്ടുണ്ട്. വ്യാജരേഖയുണ്ടാക്കിയാണ് ബസിന്റെ രജിസ്ട്രേഷൻ നടത്തിയതെന്നും ലഭിച്ച പരാതിയിൽ പറയുന്നു. വ്യാജരേഖയിൽ രജിസ്ട്രേഷൻ നേടിയെന്ന് സംശയിക്കുന്ന രണ്ട് ബസുകൾ കൊല്ലം ജോയന്റ് ആർ.ടി.ഒയുടെ നേതൃത്വത്തിൽ മോട്ടോർ വാഹന ഉദ്യോഗസ്ഥർ പരിശോധിച്ചു. ബസ് ബോഡി കോഡിലെ ഇളവ് അവസാനിക്കുന്നതിന് മുമ്പ് ഫെബ്രുവരിയിൽ രജിസ്ട്രേഷൻ നേടിയ ബസുകളാണ് വീണ്ടും പരിശോധിക്കുന്നത്.
കൊല്ലത്ത് രജിസ്റ്റർ ചെയ്ത നാലു വാഹനങ്ങളിൽ രണ്ട് വാഹനങ്ങൾ പരിശോധിച്ചു. രണ്ടെണ്ണം പരിശോധനക്ക് എത്തിയിട്ടില്ല. വിജിലൻസിന് പുറമേ ഗതാഗത വകുപ്പിന്റെ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. ബുധനാഴ്ച ഉച്ചക്ക് കൊല്ലം കലക്ടറേറ്റിന് സമീപം വെച്ചാണ് ബസുകൾ ഉദ്യോഗസ്ഥർ പരിശോധിച്ചത്. രേഖകളിൽ വീഴ്ചയില്ലെന്നാണ് മോട്ടോർവാഹന വകുപ്പിന്റെ നിഗമനം. ബസ് പരിശോധന സമയത്തുണ്ടായിരുന്നു എന്നത് തെളിയിക്കാൻ വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസ് (വി.എൽ.ടി.ഡി) ഘടിപ്പിച്ചതിന്റെ രേഖകളാണ് മോട്ടോർ വാഹന വകുപ്പ് മുന്നോട്ടുവെക്കുന്നത്.
വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസ് (വി.എൽ.ടി.ഡി) വാഹനങ്ങൾ ട്രാക്ക് ചെയ്യുന്നതിനുള്ള ഡിവൈസാണ്. ഈ ഉപകരണം ഉപയോഗിച്ച് വാഹനത്തിന്റെ റൂട്ട് ട്രാക്ക് ചെയ്യാൻ സാധിക്കും. ഇത് ഗതാഗത വകുപ്പിന്റെ കൺട്രോൾ റൂമിൽ ലഭിക്കും. ബസിൽനിന്ന് ഉപകരണത്തിലേക്ക് വൈദ്യുതി നൽകുമ്പോൾ കൺട്രോൾ റൂമിൽ എസ്.എം.എസ് ലഭിക്കും. ഇതുപയോഗിച്ചാണ് ഉപകരണം ബസുമായി ബന്ധിപ്പിക്കുന്നത്.
എന്താണ് ബസ് ബോഡി കോഡ്
ഇന്ത്യൻ നിരത്തിലോടുന്ന ചെറുകിട വാഹനങ്ങൾക്കും സുരക്ഷാമാനദണ്ഡങ്ങൾ പലതുണ്ടെങ്കിലും ബസുകളിൽ സുരക്ഷക്ക് ഒരു മാനദണ്ഡവുമില്ലായിരുന്നു. യാത്രക്കാരുടെ സുരക്ഷക്ക് വേണ്ടിയാണ് സർക്കാർ ബസ് ബോഡി കോഡ് ഉണ്ടാക്കിയത്. സിറ്റി ബസുകൾ, ഇന്റർസിറ്റി ബസുകൾ, അന്തർസംസ്ഥാന ബസുകൾ, കാരവാനുകൾ തുടങ്ങി ടൈപ്പുകളാക്കി ബസുകളെ വേർത്തിരിച്ചു. ഇതിൽ ഓരോ ടൈപ്പുകൾക്കും വ്യത്യസ്ത സുരക്ഷ മാനദണ്ഡങ്ങളുമുണ്ട്.
ഓരോ ഷാസി മോഡലിനും അംഗീകൃത ടെസ്റ്റിങ് ഏജൻസിയുടെ അംഗീകാരം നിർബന്ധമാണ്. അംഗീകാരമില്ലാത്ത ബോഡി നിർമാണത്തിന് രജിസ്ട്രേഷൻ ലഭിക്കില്ല. മൂന്നുവശങ്ങളിൽ റൂട്ട് പ്രദർശിക്കുന്ന ബോർഡുകൾ, മുന്നിലും പിന്നിലും ഡിജിറ്റൽ ഡിസ് പ്ലേ ബോർഡുകളും വേണം. യാത്രക്കാരുടെ സുരക്ഷക്ക് മുൻഗണന നൽകി വാതിലുകൾ, അടിയന്തര വാതിലുകൾ, ജനലുകൾ, എമർജൻസി എക്സിറ്റ് എന്നിവ കൃത്യമായ അളവുകളിൽ നിർമിക്കണം. പരമാവധി സീറ്റുകളും സീറ്റുകൾ തമ്മിൽ 75 സെമി അകലവുമുണ്ടാകണം, സീറ്റുകൾ നിർമിക്കുന്ന മെറ്റീരിയലുകൾ എന്നിവ കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.
ഓട്ടമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI) പോലുള്ള ഏജൻസികളുടെ അംഗീകാരമുള്ള ബോഡി ഡിസൈനുകളാണ് ഉപയോഗിക്കാൻ പാടുള്ളൂ. അപകടം നടന്നാൽ ബസിനടിയിലേക്ക് വാഹനം ഇടിച്ചു കയറാതെയുള്ള ബാറുകൾ വേണം. 2017ലെ ബസ് ബോഡി കോഡ് (AIS-052) പ്രകാരം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ബസുകളുടെ രജിസ്ട്രേഷൻ തടഞ്ഞുവെങ്കിലും ബോഡി ബിൽഡർമാരുടെ ഫോം 22 ബി ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാൻ കേന്ദ്ര സർക്കാർ താൽക്കാലിക ഇളവുകൾ അനുവദിച്ചിരുന്നു. ഈ ഇളവുകൾ അവസാനിച്ചതോടെ അംഗീകൃത ടെസ്റ്റിങ് ഏജൻസികളുടെ (ARAI/ICAT) സർട്ടിഫിക്കേഷനുള്ള ബോഡി ഡിസൈനുകൾ മാത്രമേ രജിസ്ട്രേഷന് അനുവദിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

