ഗർഭഛിദ്രത്തിന് വ്യാജരേഖ; സഹായിച്ചത് യുവതി; സുകാന്തിനെതിരെ കൂടുതൽ തെളിവുകൾ
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഇന്‍റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥ ആത്മഹത്യചെയ്‌ത സംഭവത്തിൽ സുഹൃത്ത് സുകാന്ത് സുരേഷിനെതിരെ കൂടുതൽ തെളിവുകൾ. യുവതിയെ സുകാന്ത് ഗർഭഛിദ്രത്തിനായി ആശുപത്രിയിലെത്തിച്ചത് വ്യാജ രേഖകൾ തയാറാക്കി. ഇരുവരും വിവാഹിതരായെന്ന് തെളിയിക്കുന്ന രേഖകളാണ് സുഹൃത്തുകളുടെ സഹായത്തോടെ സുകാന്ത് തയാറാക്കിയതായി പേട്ട പൊലീസ് കണ്ടെത്തിയത്. യുവതിയുടെ ബാഗിൽനിന്ന് വ്യാജ വിവാഹ ക്ഷണക്കത്ത് ഉൾപ്പെടെ അന്വേഷണസംഘം കണ്ടെത്തി. കഴിഞ്ഞ ജൂലൈയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് യുവതി ഗർഭഛിദ്രം നടത്തിയത്. ഗർഭഛിദ്രം നടത്താനായി സുഹൃത്തായ മറ്റൊരു യുവതിയുടെ സഹായവും ഇരുവർക്കും ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച ചികിത്സ രേഖകള്‍ പൊലീസിന് കുടുംബം കൈമാറിയിരുന്നു.
3.25 ലക്ഷം രൂപയാണ് യുവതിയുടെ അക്കൗണ്ടില്‍നിന്ന് സുകാന്തിന്‍റെ അക്കൗണ്ടിലേക്ക് പല തവണയായി മാറ്റിയത്. ഗര്‍ഭഛിദ്രത്തിന് പിന്നാലെ പ്രണയബന്ധത്തില്‍നിന്ന് സുകാന്ത് പിന്മാറുകയും ചെയ്തിരുന്നു. വിവാഹത്തിന് താല്‍പര്യമില്ലെന്ന് വ്യക്തമാക്കുന്ന സന്ദേശം യുവതിയുടെ അമ്മക്കാണ് സുകാന്ത് അയച്ചത്. തുടർന്ന് ഇരുവരും തമ്മിൽ തര്‍ക്കമായി. ഈ നിരാശയിലാണ് ഐ.ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ സുകാന്തിനെതിരെ ബലാത്സംഗം, ആത്മഹത്യ പ്രേരണ, വഞ്ചന എന്നീ കുറ്റങ്ങളുടെ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞ മാസം 24നാണ് ചാക്കയിലെ റെയിൽവേ ട്രാക്കിൽ യുവതിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. അടുത്ത ദിവസം തന്നെ മകളുടെ മരണത്തിന് കാരണക്കാരൻ സുകാന്ത് ആണെന്നാരോപിച്ച് യുവതിയുടെ പിതാവ് പരാതി നൽകിയെങ്കിലും പൊലീസ് ഇത് കാര്യമായി എടുത്തില്ല. തന്‍റെ മകളെ സുകാന്ത് സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തതിന്‍റെ തെളിവുകൾ പിതാവ് സ്വന്തം നിലയ്ക്കു കണ്ടെത്തി ഹാജരാക്കിയതിനൊടുവിലാണ് പൊലീസ് കേസെടുക്കാൻ തയാറായത്. ഇന്‍റലിജൻസ് ബ്യൂറോയിലെ പരിശീലന കാലത്താണ് ഇരുവരും അടുപ്പത്തിലായത്.
സംഭവത്തിന് ശേഷം സുകാന്തും കുടുംബവും ഒളിവിലാണ്. പാലക്കാട്, എറണാകുളം, മലപ്പുറം ജില്ലകളിൽ പൊലീസിന്‍റെ രണ്ടു സംഘങ്ങൾ ഒരാഴ്ചയായി അന്വേഷണം നടത്തിയിട്ടും സുകാന്തിനെ കണ്ടെത്താനായില്ല. ഏകമകനാണ് സുകാന്ത്. കുടുംബത്തിന് പരിസരവാസികളുമായി അധികം ബന്ധമില്ല. അതിനാൽതന്നെ കുടുംബം ഒളിവിൽ പോയശേഷം ഇവരുടെ വീട്ടിലുണ്ടായിരുന്ന വളർത്തുമൃഗങ്ങൾ ഭക്ഷണവും വെള്ളവും കിട്ടാത്ത അവസ്ഥയിലായിരുന്നു. ദുരിതം കണ്ട് പഞ്ചായത്ത് ഈ മൃഗങ്ങളെ ഏറ്റെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

