ആദിവാസികളുടെ അവകാശങ്ങൾ നടപ്പിലാക്കാനുള്ള നിയമങ്ങളിൽ ഉദ്യോഗസ്ഥർ വെള്ളം ചേർക്കരുത് -മന്ത്രി എ.കെ ശശീന്ദ്രൻ
text_fieldsവനാവകാശ ശിൽപശാല വനം മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: വനാവകാശ നിയമം ഫലപ്രദമായി നടപ്പാക്കിയാൽ തദ്ദേശീയ മേഖലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. വനാവകാശ നിയമം സംബന്ധിച്ച് പട്ടികവർഗ വികസന വകുപ്പ് സംഘടിപ്പിച്ച ദ്വിദിന ബോധവൽക്കരണ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വനഭൂമിയിൽ നിയമാനുസൃതം അവകാശമുള്ള ജനതയാണ് ആദിവാസികൾ. അവർക്ക് ഭൂമിയടക്കമുള്ള അവകാശങ്ങൾ ലഭ്യമാക്കേണ്ട നിയമത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ വെള്ളം ചേർക്കരുതെന്നും പ്രതിബദ്ധതയോടെ പ്രവർത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
നിയമം നടപ്പാക്കുന്നതിൽ മെല്ലപ്പോക്ക് ഉണ്ടായിട്ടുള്ളതായി യോഗത്തിൽ അധ്യക്ഷനായ പട്ടിക ജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രി ഒ.ആർ കേളു പറഞ്ഞു. 2006 ൽ നടപ്പാക്കിയ നിയമത്തിലൂടെ 19 വർഷമായിട്ടും 29, 139 പേർക്ക് മാത്രമാണ് പട്ടയം നൽകാനായത്. നിയമത്തിൽ മികച്ച അവബോധം നൽകി കൂടുതൽ ജനങ്ങൾക്ക് പ്രയോജനപ്പെടുത്തണമെന്ന് കേളു വ്യക്തമാക്കി.
പട്ടികവർഗം, വനം, റവന്യു വകുപ്പുകളിലെയും തൊഴിലുറപ്പ് മിഷൻ, ജൈവ വൈവിധ്യ ബോർഡ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും പട്ടിക വർഗ സംഘടന നേതാക്കളും ശിൽപശാലയിൽ പങ്കെടുക്കുന്നു. അസീം പ്രേംജി സർവകലാശാലയുമായി ചേർന്നാണ് ശിൽപശാല നടത്തുന്നത്. പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടർ ഡോ. രേണു രാജ്, ഡോ. സീമ പുരുഷോത്തമൻ, ഷുമിൻ എസ് ബാബു എന്നിവർ സംസാരിച്ചു. വ്യാഴാഴ്ച വൈകിട്ട് 4 ന് സമാപന സമ്മേളനം റവന്യൂമന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

