‘വനം വകുപ്പ് പിരിച്ചുവിടണം, ആനകളെ ഷോക്കടിപ്പിച്ച് കൊല്ലണം, എം.എൽ.എയും സ്തുതിപാഠകരും പശ്ചിമഘട്ടം വെട്ടിപ്പിടിക്കണം’; കെ.യു. ജനീഷ്കുമാറിനെ പരിഹസിച്ച് ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷന്
text_fieldsകോഴിക്കോട്: ഫോറസ്റ്റ് സ്റ്റേഷനിൽ കയറി ഭീഷണിപ്പെടുത്തിയ സി.പി.എം എം.എൽ.എ കെ.യു. ജനീഷ്കുമാറിനെ പരിഹസിച്ച് കേരള ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജനീഷ് കുമാർ മുൻകൈ എടുത്ത് വനം വകുപ്പ് പിരിച്ചുവിടണമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ അസോസിയേഷൻ വ്യക്തമാക്കി.
ആനകളെ മുഴുവൻ ഷോക്കടിപ്പിച്ച് കൊല്ലാൻ അണികൾക്ക് ആഹ്വാനം നൽകണം. കടുവകളെ വെടിവെച്ച് കൊല്ലണം. പുലികൾ മുതൽ പുഴുക്കൾ വരെയുള്ള ജീവികളെ തീയിട്ട് കൊല്ലണം. എം.എൽ.എയും സ്തുതിപാഠകരും പശ്ചിമഘട്ടം വെട്ടിപ്പിടിക്കണം. മനുഷ്യൻ മാത്രമാകുന്ന സുന്ദരലോകത്ത് എം.എൽ.എ, മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകണമെന്നും എഫ്.ബി പോസ്റ്റിൽ പരിഹസിക്കുന്നു. പോസ്റ്റ് വാർത്തയായതിന് പിന്നാലെ ഫേസ്ബുക്കിൽ നിന്ന് അസോസിയേഷൻ നീക്കിയിട്ടുണ്ട്.
'പ്രിയപ്പെട്ട എം.എൽ.എ, അങ്ങ് മുൻകൈ എടുത്ത് വനപാലകരെയെല്ലാം പുറത്താക്കി വനം വകുപ്പ് പിരിച്ചുവിടണം. ആനകളെ മുഴുവൻ ഷോക്കടിപ്പിച്ച് കൊല്ലാൻ അണികൾക്ക് ആഹ്വാനം നൽകണം. കടുവകളെ മുഴുവൻ വെടിവെച്ച് കൊല്ലണം. പുലികൾ മുതൽ പുഴുക്കൾ വരെയുള്ള ജീവികളെ തീയിട്ട് കൊല്ലണം. ശേഷം അങ്ങും അങ്ങയുടെ സ്തുതിപാഠകരും പശ്ചിമഘട്ടം വെട്ടിപ്പിടിക്കണം.
മനുഷ്യൻ മാത്രമാകുന്ന ആ സുന്ദരലോകത്ത് താങ്കൾ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകണം. ഈ വനപാലകരാണ് ഒരു ശല്യം, കത്തിച്ച് കളയണം... ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപിടിക്കേണ്ട അങ്ങ് അത് കീറിയെറിയുന്ന അശ്ലീല കാഴ്ച ഗുണ്ടായിസവും സത്യപ്രതിജ്ഞ സംഘനവുമാണ്. ആയതിന് ചൂട്ട് പിടിച്ച പൊലീസ് ഏമാന് നല്ല നമസ്കാരം. മുഖ്യമന്ത്രി ഈ വിഷത്തിൽ ഇടപെടണമെന്ന് സംഘടന ശക്തമായി ആവശ്യപ്പെടുന്നു.
കേരള ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷന്'
അതേസമയം, വനം വകുപ്പിന്റെ പാടം ഫോറസ്റ്റ് സ്റ്റേഷനിൽ കയറി ഭീഷണിപ്പെടുത്തി കസ്റ്റഡിയിലുള്ളയാളെ മോചിപ്പിച്ച സംഭവത്തിൽ കെ.യു ജനീഷ് കുമാറിനെതിരെ കൂടൽ പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിത 132 പ്രകാരം കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, 351(2) പ്രകാരം ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വനം വകുപ്പ് നടുവത്തുമൂഴി റേഞ്ച് ഓഫിസർ, പാടം ഡെപ്യൂട്ടി റേഞ്ച് ഓഫിസർ, ജീവനക്കാർ, എന്നിവർ എം.എൽ.എക്കെതിരെ മൊഴി നൽകി. ഇതിനിടെ ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫിസിലും മൊഴി രേഖപ്പെടുത്തി.
കോന്നി കുളത്തുമണ്ണിൽ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത തമിഴ്നാട് സ്വദേശി രാജുവിനെ എം.എൽ.എ കഴിഞ്ഞദിവസം പാടം ഫോറസ്റ്റ് സ്റ്റേഷനിലെത്തി മോചിപ്പിച്ചിരുന്നു. കോന്നി ഡിവൈ.എസ്.പി രാജപ്പൻ റാവുത്തറെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു.
അതേസമയം ആന ചെരിഞ്ഞതുമായി ബന്ധപ്പെട്ട് വനം വകുപ്പ് നാട്ടിലെ സാധാരണക്കാർക്കെതിരെ കേസെടുക്കാൻ ശ്രമിച്ചതിനെതിരെയാണ് താൻ ഇടപെട്ടതെന്നും നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും കെ.യു. ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.
കൈതച്ചക്ക കൃഷി പാട്ടത്തിന് എടുത്തവർ സോളാർ വേലിയിലൂടെ വലിയ തോതിൽ വൈദ്യുതി കടത്തി വിട്ടതാണ് കാട്ടാനക്ക് ഷോക്കേൽക്കാൻ കാരണമെന്നായിരുന്നു വനം വകുപ്പിന്റെ വിശദീകരണം. വിവരം പുറത്തറിഞ്ഞതോടെ ഡി.എഫ്.ഒ ആയുഷ് കുമാർ കോറിയുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ആനയുടെ ജഡത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നായിരുന്നു വിലയിരുത്തൽ.
കുളത്തുമണ്ണിലെ വനമേഖലയോട് ചേർന്ന മണ്ണിൽ ബൈജുവിന്റെ സ്വകാര്യ ഭൂമിയിലാണ് കാട്ടാനയെ ചെരിഞ്ഞനിലയിൽ കണ്ടെത്തിയത്. അന്ന് ബൈജുവിനെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. ബൈജുവിന്റെ വസ്തുവിൽ ഇടുക്കി സ്വദേശികളായ ജയ്മോൻ, ബൈജു ജോബ് എന്നിവരാണ് പാട്ടത്തിന് കൈതച്ചക്ക കൃഷി ചെയ്തിരുന്നത്.
ഇതിനിടെ എം.എൽ.എക്ക് പിന്തുണയുമായി ക്രിസ്ത്യൻ സഭകളുടെ കൂട്ടായ്മയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് രംഗത്തുവരുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

