കെണിയിലായിട്ടും മുഖത്ത് നിന്ന് ചോരയൊലിപ്പിച്ച്, ക്രൗര്യം വിടാതെ...; കരുവാരകുണ്ടിനെ വിറപ്പിച്ച നരഭോജി കടുവ ഇനി തൃശൂർ മൃഗശാലയിൽ
text_fieldsകേരള പാന്ത്രയിലെ മദാരി എസ്റ്റേറ്റിൽ സ്ഥാപിച്ച കൂട്ടിലകപ്പെട്ട കടുവ
കരുവാരകുണ്ട് (മലപ്പുറം): രണ്ട് മാസം മുമ്പ് അടക്കാക്കുണ്ട് റാവുത്തൻകാട്ടിൽ ടാപ്പിങ് തൊഴിലാളി ഗഫൂറലിയെ കൊലപ്പെടുത്തി മലയോരത്ത് ഭീതി പരത്തിയ കടുവ ഒടുവിൽ കൂട്ടിലായി. കരുവാരകുണ്ട് കേരള പാന്ത്രയിലെ മദാരി എസ്റ്റേറ്റിൽ സ്ഥാപിച്ച കൂട്ടിലാണ് ഞായറാഴ്ച പുലർച്ചെയോടെ കടുവ കുടുങ്ങിയത്. ഞായറാഴ്ച രാവിലെ എസ്റ്റേറ്റിലെത്തിയ തൊഴിലാളികളാണ് ആദ്യം കടുവയെ കണ്ടത്. ഉടൻ ദൗത്യസംഘത്തെ അറിയിച്ചു. വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകൾ മദാരി എസ്റ്റേറ്റിലെത്തി. ഇടത് കണ്ണിന് മുകളിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കൂടിന്റെ കമ്പിയിൽ ഇടിച്ചതാകാമെന്നാണ് സംശയം. ഇതിൽനിന്ന് ചോരയൊലിക്കുന്നുണ്ടയിരുന്നു.
കാളികാവ് റേഞ്ച് ഓഫിസർ പി. രാജീവ് സ്ഥലത്തെത്തി കടുവയെ കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഇതോടെ ജനം പ്രതിഷേധമുയർത്തി. കാട്ടിൽ വിടില്ലെന്ന് കലക്ടർക്ക് വേണ്ടി റേഞ്ച് ഓഫിസർ ഉറപ്പ് നൽകിയെങ്കിലും നാട്ടുകാർ വീണ്ടും പ്രതിഷേധവുമായി മുദ്രാവാക്യം വിളിച്ച് കൂടിന് ചുറ്റും നിലയുറപ്പിച്ചു. ഇതോടെ ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ നീക്കി കൂട് വാഹനത്തിൽ കയറ്റുകയും ഉച്ചക്ക് ഒരു മണിയോടെ കടുവയെ കരുളായിയിലെ ദ്രുതകർമസേന ആസ്ഥാനത്തേക്ക് ചികിത്സക്കായി കൊണ്ടുപോവുകയും ചെയ്തു.
ഇവിടെ നിന്ന് വൈകീട്ട് തൃശൂർ മൃഗശാലയിലേക്ക് കൊണ്ടുപോയി. 13 വയസ്സോളം തോന്നിക്കുന്ന കടുവ ക്ഷീണിതനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

