കാട്ടുപോത്ത് ആക്രമണത്തിൽ മരണം: ഫോറസ്റ്റ് ഓഫിസർ വീഴ്ച വരുത്തി, സസ്‌പെൻഷൻ
text_fieldsകാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ച ബഷീർ
കൊല്ലം: കുളത്തൂപ്പുഴയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ട സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഗുരുതര വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് കളംകുന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ടി.ആർ. ഷിബുവിനെയാണ് സസ്‌പെൻഡ് ചെയ്തത്.
കാട്ടുപോത്തിന്റെ ആക്രമണമുണ്ടായ വിവരമറിഞ്ഞിട്ടും സംഭവസ്ഥലത്ത് കൃത്യസമയത്ത് എത്തുന്നതിൽ ഉദ്യോഗസ്ഥൻ വീഴ്ച വരുത്തിയെന്നാണ് വിവരം. അപകടസമയത്ത് നാട്ടുകാരും സഹപ്രവർത്തകരും നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഫോൺ കോളുകൾ എടുക്കാൻ തയാറായില്ലെന്നും ഉന്നത മേലധികാരികളെ അടിയന്തരമായി വിവരമറിയിച്ചില്ലെന്നും സസ്‌പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
കുളത്തൂപ്പുഴ കായിക്കര കുന്നുംപുറത്ത് ബീമാ മൻസൽ ബഷീർ (68) ആണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ചത്. കുളത്തൂപ്പുഴ തെങ്കാശി അന്തർസംസ്ഥാന പാതയിൽ കുളത്തൂപ്പുഴ ടൗണിനു സമീപം അയ്യമ്പിള്ള വളവ് പ്രദേശത്തായിരുന്നു സംഭവം. പുലർച്ചെ വീട്ടിൽ നിന്ന് ടൗണിലേക്ക് വരികയായിരുന്ന ബഷീറിനെ പാഞ്ഞെത്തിയ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു.
തുടർന്ന്, കാട്ടുപോത്ത് ആക്രമണത്തിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. കുളത്തൂപ്പുഴയിലും പരിസര പ്രദേശങ്ങളിലും അടിക്കടിയുണ്ടാകുന്ന വന്യമൃഗശല്യത്തിൽ പ്രതിഷേധിച്ച് ഇടതുമുന്നണി നേതൃത്വത്തിൽ കുളത്തൂപ്പുഴ വനം റേഞ്ച് ഓഫിസ് ഉപരോധിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാരും വനം വകുപ്പും മുൻകരുതൽ സ്വീകരിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
വനാവരണം പദ്ധതി പൂർത്തിയാക്കി സൗരോർജ വേലികൾ സ്ഥാപിച്ച് പൂർണമായി സുരക്ഷ ഉറപ്പാക്കുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, വന്യമൃഗ ആക്രമണമുണ്ടായാൽ സർക്കാർ അനുവദിച്ചു നൽകുന്ന നഷ്ടപരിഹാരത്തുക വർധിപ്പിക്കുക, ജനവാസമേഖലക്ക് ചുറ്റും ആനക്കിടങ്ങുകൾ സ്ഥാപിക്കുക, വഴിവിളക്ക് പരിപാലനപദ്ധതി നടപ്പാക്കുക, കുളത്തൂപ്പുഴ കേന്ദ്രീകരിച്ച് വനം ദ്രുതകർമ സേനയുടെ പ്രവർത്തനം ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

