കാട്ടുതീ; പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി വനം വകുപ്പ്
text_fieldsrepresentational image
തിരുവനന്തപുരം: സംസ്ഥാനത്ത് കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊർജിതമാക്കി വനം വകുപ്പ്. സ്റ്റേഷന്, റേയ്ഞ്ച്, ഡിവിഷന്, സര്‍ക്കിള്‍ തലങ്ങളില്‍ ഫയര്‍ മാനേജ്മെന്റ് പ്ലാനുകള്‍ തയാറാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിവരികയാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.
ഏകദേശം 1120 കി.മീ ദൂരത്തില്‍ ഫയര്‍ ലൈനുകളും 2080 കി.മീ നീളത്തില്‍ ഫയര്‍ ബ്രേക്കുകളും തെളിക്കുകയും 6100 ഹെക്ടര്‍ വന പ്രദേശത്ത് കണ്ട്രോള് ബര്‍ണിങ് നടത്തുകയും ചെയ്തു. കാട്ടുതീ സംബന്ധിച്ച മുന്നറിയിപ്പ് ലഭിക്കുന്നതിന് ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യയുടെ വെബ്സൈറ്റില്‍ വനം വകുപ്പ് ജീവനക്കാരെയും താല്‍ക്കാലിക വാച്ചര്‍മാരെയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുവരെ 5647 പേരെയാണ് ഇത്തരത്തില്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത്.
കാട്ടുതീ സംബന്ധിച്ച വിവരങ്ങള്‍, മുന്നറിയിപ്പുകള്‍ എന്നിവ യഥാസമയം അറിയിക്കുന്നതിന് സര്‍ക്കിള്‍, ഡിവിഷന്, റെയ്ഞ്ച്, സ്റ്റേഷന് തലത്തില്‍ ഫയര്‍ കണ്ട്രോള് റൂമുകള്‍ സജ്ജമാക്കി. ഫോറസ്റ്റ് വിജിലന്‍സ് വിംഗിന്റെ മേല്‍നോട്ടത്തില്‍ വനം വകുപ്പ് ആസ്ഥാനത്ത് പൊതുജനങ്ങള്‍ക്ക് കാട്ടുതീ കണ്ടാല്‍ അറിയിക്കാനായി ഒരു ടോള്‍ ഫ്രീ നമ്പര്‍ (1800 425 4733) ക്രമീകരിച്ചിട്ടുണ്ട്. ഇവിടെ കോളുകള്‍ സ്വീകരിക്കുന്നതിനും മുന്നറിയിപ്പ് നല്‍കുന്നതിനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാന്‍ഡ് ലൈന്‍ നമ്പറും (0471-2529247) ക്രമീകരിച്ചു.