‘വനം വകുപ്പിൽ രഹസ്യം ചോർത്താൻ ജീവനക്കാരും’; പുതിയ ‘ഡിറ്റക്ടീവ്’ സംവിധാനത്തിനെതിരെ അതൃപ്തി പുകയുന്നു
text_fieldsതിരുവനന്തപുരം: വനം വകുപ്പിൽ രഹസ്യങ്ങൾ ചോർത്താൻ തുടങ്ങിയ ‘സ്ലീപ്പർ സെൽ’ താഴിട്ടതോടെ വിശ്വസ്തരായ ജീവനക്കാർക്ക് ‘ഡിറ്റക്ടീവ്’ ആകാമെന്ന തരത്തിൽ രൂപവത്കരിക്കുന്ന പുതിയ സംവിധാനത്തിനെതിരെ അതൃപ്തി പുകയുന്നു. കഴിവും അഭിരുചിയുമുള്ള സ്ഥിരംജീവനക്കാർക്ക് രഹസ്യവിവരങ്ങൾ കൈമാറാമെന്ന രീതിയിൽ സംവിധാനം കൊണ്ടുവരാനാണ് തീരുമാനം.
ഇത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്നും ആർക്കും ആരെയും കുറ്റക്കാരായി ചിത്രീകരിക്കാനും നടപടിക്ക് വിധേയരാക്കാനും വഴിയൊരുക്കുമെന്നുമാണ് ആക്ഷേപം. ഓഫിസുകളിലെ സമാധാനാന്തരീക്ഷം തകരാൻ കാരണമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ശമ്പളം കിട്ടുന്ന അതേ ഓഫിസിൽതന്നെ പുതിയ രഹസ്യഡ്യൂട്ടിയും എന്നതാണ് പരിഷ്‍കാരം.
ആത്മാർഥതയുണ്ടാകണം, പ്രതിഫലം പ്രതീക്ഷിക്കരുത്, രഹസ്യമായി വിവരം ശേഖരിക്കണം, രഹസ്യമായി റിപ്പോർട്ട് നൽകണം എന്നതാണ് ഉത്തരവ്. വനം കുറ്റകൃത്യങ്ങൾ യഥാസമയം കണ്ടെത്തി തടയാൻ വകുപ്പിൽ വിജിലൻസും ഫ്ലൈയിങ് സ്ക്വാഡും ഇന്‍റലിജൻസുമുണ്ട്.
ലഭിക്കുന്ന പരാതികൾ അന്വേഷിക്കാൻ പൊലീസ് വിജിലൻസുമുണ്ട്. ഇതൊന്നും കാര്യക്ഷമമല്ലെന്ന് പരാതികളുണ്ട്. ഒന്നിലും കൃത്യമായ അന്വേഷണങ്ങൾ ഉണ്ടാകുന്നില്ല. സ്വാധീനക്കാരെ ഒഴിവാക്കുന്നതും നിരപരാധികൾ ശിക്ഷിക്കപ്പെടുന്നതും പതിവാണെന്ന് ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

