വനംവകുപ്പിന്റെ പുതിയ കരാർ സമ്പ്രദായം: ആദിവാസി പങ്കാളിത്തം കുറച്ചുവെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട് : വനംവകുപ്പിന്റെ പുതിയ കരാർ സമ്പ്രദായം: ആദിവാസി പങ്കാളിത്തം കുറച്ചുവെന്ന് ധനകാര്യ റിപ്പോർട്ട്. നേരത്തെയുള്ള കൺവീനർ വ്യവസ്ഥ പ്രകാരം പ്രവർത്തികൾ നടപ്പിലാക്കിയിരുന്ന സമയത്ത് വനാതിർത്തിയിൽ താമസിച്ചുവരുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട തൊഴിലാളികളുടെ പങ്കാളിത്തം വനസംരക്ഷണ പ്രവർത്തനങ്ങളിൽ ഉറപ്പാക്കിയിരുന്നു. അത് അവർക്ക് ജീവനോപാധി കണ്ടെത്താൻ സഹായിക്കുകയും ചെയ്തു.
അതുപോലെ കാട്ടുതീ, മനുഷ്യ-വന്യജീവി സംഘർഷം പോലുള്ള അത്യാപത്തുകൾ തടയുന്നതിൽ വകുപ്പിന് ഈ തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്താനും കഴിഞ്ഞിരുന്നു. എന്നാൽ വകുപ്പിൽ പുതിയ കരാർ സമ്പ്രദായം നിലവിൽ വന്നതോടെ ഈ പ്രവർത്തനങ്ങളിൽ അവരുടെ പങ്കാളിത്തത്തിൽ കുറവുണ്ടായി. അതിനാൽ, കരാർ വ്യവസ്ഥ പ്രകാരമുള്ള പ്രവർത്തികളുടെ നിർവഹണത്തിൽ തദ്ദേശവാസികളുടെ പങ്കാളിത്തം കൂടി ഉറപ്പുവരുത്തുന്നതിനും അതിലൂടെ വന സംരക്ഷണ പ്രവർത്തികളിൽ അവരെ കൂടി ഉൾപ്പെടുത്തുന്നത് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.
2017 ഡിസംബർ മുതലാണ് വനമേഖല കോൺടാക്ട് സിസ്റ്റം നിലവിൽ വന്നത്. വൻതുകുകൾ ഡിപ്പോസിറ്റ് ചെയ്ത ലൈസൻസ് എടുക്കാൻ നിർവാഹം ഇല്ലാത്തതിനാൽ ആദിവാസികൾക്ക് ലൈസൻസ് എടുക്കാൻ കഴിഞ്ഞിരുന്നില്ല.
വന്യജീവി ആക്രമണങ്ങളിൽ നിന്നും വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന്റെ ഭാഗമായി സോളാർ പദ്ധതി വനം വകുപ്പ് നടപ്പിലാക്കുന്നുണ്ട്. എന്നാൽ, ഈ പ്രവർത്തികളുടെ എസ്റ്റിമേറ്റ് തയാറാക്കുന്നതിനും പ്രവർത്തിയുടെ നടത്തിപ്പിലും പരിപാലന പ്രവർത്തനത്തിനും വഹിക്കുന്ന സാങ്കേതിക പരിജ്ഞാനമുള്ളവർ വകുപ്പിൽ ഇല്ല.
വകുപ്പിലെ ഡ്രാഫ്റ്റ്മാന് (സിവിൽ) ഇലക്ട്രിക്കൽ അനുബന്ധപ്രവർത്തികളുടെ വിലയിരുത്താനുള്ള വൈദഗ്ധ്യമില്ല. അതിനാൽ സോളാർ പദ്ധതി പോലെയുള്ള പ്രവർത്തികളുടെ എസ്റ്റിമേറ്റ് തയാറാക്കൽ, അവയുടെ പരിശോധന, നിർമാണ മേൽനോട്ടം, തുടർ പരിപാലനം തുടങ്ങിയ വിഷയങ്ങളിൽ ഈ മേഖലയിൽ പരിജ്ഞാനമുള്ള സർക്കാർ എൻജിനീയറിങ് കോളജുകളിലെയോ പോളിടെക്നിക്കലുകളിലെയോ ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെയോ, അനെർട്ട് പോലുള്ള സർക്കാർ ഏജൻസികളുടെയോ ഉപദേശവും സാങ്കേതിക സഹായവും തേടണമെന്നാണ് റിപ്പോർട്ടിലെ ശുപാർശ.
സോളാർ ഫെൻസിങ്ങിന്റെ ശരിയായ തുടർപരിപാലനവും അറ്റകുറ്റപ്പണികളും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി പദ്ധതിയുടെ നടത്തിപ്പ് വേളയിൽ തന്നെ കരാറുകാരുമായി ഇത് സംബന്ധിച്ച് വിശദമായ കരാറിൽ ഏർപ്പെടണം. അതിനുള്ള സാധ്യത പരിശോധിക്കണം. സോളാർ ഫെൻസിങ് പരിപാലന സംരക്ഷണം തദ്ദേശവാസികളുടെ കൂടി പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു. വനംവകുപ്പ് നടപ്പാക്കിയ പല സോളർ പദ്ധതികളും ഫലം കാണാതെ പോകുന്നുവെന്ന ആക്ഷേപം ഉയരുമ്പോഴാണ് ധനകാര്യ വിഭാഗം റിപ്പോർട്ട് സമർപ്പിച്ചത്. കുളത്തുപ്പുഴ, പാലോട്, പരുത്തിപ്പള്ളി റേഞ്ച് ഓഫീസുകളിലാണ് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

