ഇടുക്കിയിൽ വനം വകുപ്പ് വാച്ചറെ കാട്ടാന ചവുട്ടി കൊന്നു
text_fieldsശക്‌തിവേൽ
അടിമാലി: കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിൽ കോഴിവണ്ണൻ കുടിയിലെ ചിന്നമുത്തുവിന്റെ മകൻ ശക്തിവേൽ (57) ആണ് കൊല്ലപ്പെട്ടത്. വനം വകുപ്പ് താൽകാലിക വാച്ചറാണ്. വീട്ടിൽ നിന്നും 4 കിലോ മീറ്റർ മാറി തെയിലക്കാടിലാണ് ശക്തിവേൽ മരിച്ച് കിടക്കുന്നത് കണ്ടെത്തിയത്.
ഇവിടെ നിന്നും 200 മീറ്റർ മാറി ശക്തി വേലിന്റെ ബൈക്കും കിടപ്പുണ്ടായിരുന്നു. ബുധനാഴ്ച പുലർച്ചെ 6 മണിയോടെയാണ് സംഭവം. ജോലിക്കായി വീട്ടിൽ നിന്നും ഓഫീസിലേക്ക് പോകും വഴിയാണ് സംഭവം. കാട്ടാന ഇറങ്ങിയ വിവരം ഓഫീസിലെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ചെയ്തിരുന്നു. കാട്ടാന അക്രമിക്കാൻ ശ്രമിച്ചപ്പോൾ സ്കൂട്ടർ ഉപേക്ഷിച്ച് രക്ഷപെടാൻ ശ്രമിച്ചപ്പോൾ തെയില ചെടിയിൽ കുരുങ്ങുകയും കുതിച്ചെത്തിയ കാട്ടാന കുത്തികൊ പ്പെടുത്തിയതാകാമെന്നാണ് കരുതുന്നത്.
കാട്ടാനകളെ വനത്തിലേക്ക് തുരുത്തുന്നതിൽ അതി വിദഗ്ക്തനാണ് ശക്തിവേൽ. കാട്ടാനകളെ ശക്തിവേൽ തുരത്തുന്ന വീഡിയോകൾ പലപ്പോഴും വൈറലായിട്ടുണ്ട്. നിരവധി വാഹന യാത്രക്കാരെ കാട്ടാന ആക്രമണത്തിൽ നിന്നും രക്ഷിച്ചിട്ടുണ്ട്. എറ്റവും ഒടുവിൽ ചിന്നക്കനാലിൽ കാട്ടാനയുടെ മുന്നിൽ അകപ്പെട്ട ബൈക്ക് യാത്രക്കാരെ രക്ഷിച്ചതും ശക്തിവേലാണ്. കൂടാതെ ചിന്നക്കനാൽ ബോട്ട് ലാൻഡിൽ നാശം വിതച്ച കാട്ടാനയെ ഓടിച്ചതും ശക്തി വേലിന്റെ തന്ത്രമാണ്.
ജോലിയിൽ ആത്മാർത്ഥതയോടെ പ്രവർത്തിച്ചിരുന്നു. രാവിലെ 5ന് തണുപ്പ് പോലും വകവക്കാതെ ജോലിക്ക് എത്തുന്നതിനാൽ വനം വകുപ്പിന്റെ പ്രത്യേക ആദരത്തിന് ശക്തിവേൽ അർഹനായിട്ടുണ്ട്. വേർപാട് വനം വകുപ്പിന് വലിയ നഷ്ടമാണ്. അമ്മ: അയ്യമ്മാൾ. ഭാര്യ: ശാന്തി. മക്കൾ: കുമുദ, വനിത, പ്രിയ, രാധിക. മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിൽ. ശാന്തൻപാറ പൊലീസ് മേൽനടപടി സ്വീകരിച്ചു.