വനം വകുപ്പിന് നഷ്ടമായത് രാജമലയെ അറിയുന്ന ജീവനക്കാരെ
text_fieldsകാണാതായ വനം വകുപ്പ് വാച്ചർ അച്യുതൻ
മൂന്നാർ: ഉരുൾപൊട്ടലിൽ വനം വകുപ്പിന് നഷ്ടമായത് രാജമലയെ അറിയുന്ന ജീവനക്കാരെ. വനം വകുപ്പ് വാച്ചർമാരായ മണികണ്ഠൻ, അച്യുതൻ, രാജ, ഡ്രൈവർമാരായ ഗണേശൻ, മയിൽസ്വാമി, ലേഡി വാച്ചർ രേഖ എന്നിവരെയാണ് ദുരന്തത്തിൽ കാണാതായത്.
ഇതിൽ രേഖയുടെ മൃതദേഹം മാത്രമാണ് ലഭിച്ചത്. ഇതോടൊപ്പം ഇടമലക്കുടിക്ക് അനുവദിച്ച ഒരു ജീപ്പും ഉരുളെടുത്തു.
പെട്ടിമുടിക്ക് മുകളിലുള്ള ഇടമലക്കുടി ആദിവാസി പഞ്ചായത്തുകാർക്ക് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് രണ്ട് ജീപ്പ് അനുവദിച്ചത്.
ആ ജീപ്പുകളിലൊന്നാണ് ഉരുളിലാണ്ട് പോയത്. മഴ മൂലം ഓട്ടമില്ലാത്തതിനാൽ വനം വകുപ്പിലെ താൽക്കാലിക ഡ്രൈവർ ജീപ്പ് പെട്ടിമുടിയിലാണ് പാർക്ക് ചെയ്തിരുന്നത്. ഉരുൾപൊട്ടിയെത്തിയതും അതുവഴിയാണ്. തകർന്ന ജീപ്പിെൻറ അവശിഷ്ടങ്ങൾ ദുരന്തഭൂമിക്ക് മുകളിൽ ഇപ്പോഴും കാണാം.
മരിച്ച ജീവനക്കാരുടെ കുടുംബങ്ങൾക്ക് 50,000 രൂപ വനം വകുപ്പിെൻറ സമാശ്വാസ ഫണ്ടിൽനിന്ന് നൽകുമെന്ന് മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ലക്ഷ്മി പറഞ്ഞു.