കാട്ടാനയെ തുരത്താൻ കത്തിച്ച പടക്കം കൈയിലിരുന്ന് പൊട്ടി; വനംവകുപ്പ് ജീവനക്കാരന് പരിക്ക്
text_fieldsവടുവഞ്ചാൽ (വയനാട്): നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താൻ കത്തിച്ച പടക്കം കൈയിലിരുന്ന് പൊട്ടി വനംവകുപ്പ് താൽക്കാലിക ജീവനക്കാരന് പരിക്കേറ്റു. മേപ്പാടി റേഞ്ച് ബഡേരി സെക്ഷന് കീഴിൽ വരുന്ന ചെല്ലങ്കോട് പ്രദേശത്ത് ഇറങ്ങിയ കാട്ടാനകളെ തുരത്താൻ പടക്കം പൊട്ടിക്കുമ്പോൾ താൽക്കാലിക വാച്ചറായ അനീഷിനാണ് പരിക്കേറ്റത്. ഇയാളെ അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി. വലത് കൈയുടെ രണ്ടു വിരലുകൾക്കാണ് പരിക്ക്.
ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ചെല്ലങ്കോട് ചന്ദ്രഗിരി റിസോർട്ട് പരിസരത്ത് എത്തിയ കാട്ടാനകളെ തുരത്താൻ സെക്ഷൻ ഓഫിസറോടൊപ്പം എത്തിയ അനീഷിനാണ് പരിക്കേറ്റത്. വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും ചേർന്നാണ് അനീഷിനെ ആശുപത്രിയിലെത്തിച്ചത്.

