കതിന അപകടം: വെടിപ്പുരയിൽ ഫോറന്‍സിക്ക് സംഘത്തിന്‍റെ പരിശോധന
text_fieldsശബരിമല: കതിന നിറയ്ക്കുന്നതിടെ പൊട്ടിത്തെറിയുണ്ടായി മൂന്നു പേർക്ക് പരിക്കേൽക്കാൻ ഇടയായ മാളികപ്പുറം നടയ്ക്ക് സമീപത്തെ വെടിപ്പുരയിൽ ഫോറന്‍സിക്ക് സംഘം പരിശോധന നടത്തി. തൃശൂര്‍ ഫോറന്‍സിക് കെമിസ്ട്രി ലാബ് അസി. ഡയറക്ടര്‍ ബി.എസ്. ജിജി, കൊല്ലം ഫോറന്‍സിക് സയന്റിഫ് ഓഫീസര്‍ രാഹുല്‍ രാജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ് പരിശോധന നടത്തിയത്.
സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള ബി.ഡി.ഡി.എസ് തൃശൂര്‍ റേഞ്ച് എസ്.ഐ എ. രാജൻ, സന്നിധാനം എസ്.ഐ അനൂപ് ചന്ദ്രൻ എന്നിവരടങ്ങുന്ന സംഘവും പരിശോധനാ വേളയിൽ ഒപ്പമുണ്ടായിരുന്നു. കത്തി നശിച്ച ഷെഡില്‍ നിന്നും ചിതറിയ നിലയിൽ കിടന്നിരുന്ന കതിന, ഇത് നിറയ്ക്കാന്‍ ഉപയോഗിക്കുന്ന ആപ്പ് , വെടിമരുന്നിന്റെ സാമ്പിൾ, ഷെഡിലെ ചാരം എന്നിവ സംഘം വിദഗ്ധ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.
വെടിമരുന്ന് നിറയ്ക്കുന്നതിനിടെ കുറ്റികൾ തമ്മിൽ കൂട്ടിയിടിച്ചതോ, ജീവനക്കാരുടെ അശ്രദ്ധയോ ആവാം അപകട കാരണമെന്നാണ് സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. സാമ്പിളുകളുടെ വിദഗ്ധ പരിശോധനയ്ക്ക് ശേഷമേ യഥാർത്ഥ അപകട കാരണം വ്യക്തമാകുവെന്ന് സംഘം വ്യക്തമാക്കി.

