വിചാരണ നേരിടുന്ന വിദേശികളെ ജാമ്യം ലഭിച്ചാൽ തടഞ്ഞുവെക്കാനാവില്ല -ഹൈകോടതി
text_fieldsഹൈകോടതി
കൊച്ചി: ഇന്ത്യയിൽ വിചാരണ നേരിടുന്ന വിദേശികളെ ജാമ്യം ലഭിച്ചതിനു ശേഷവും തടഞ്ഞുവെക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹൈകോടതി. ജാമ്യം നൽകുന്നതിന്റെ ലക്ഷ്യത്തിനുതന്നെ എതിരായ തീരുമാനമാണിത്. വ്യാജ പാസ്പോർട്ട് കേസിൽ പ്രതിയായ ബംഗ്ലാദേശ് സ്വദേശി ആപ്പിൾ ബറുവ (26), വിചാരണ തീരുന്നതുവരെ കൊല്ലം കൊട്ടിയത്തെ ട്രാൻസിറ്റ് സെന്ററിൽ തുടരണമെന്ന മജിസ്ട്രേറ്റ് കോടതിയുടെ വ്യവസ്ഥ നീക്കം ചെയ്താണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്.
നിയമവിരുദ്ധമായി ഇന്ത്യയിലെത്തിയ ഹരജിക്കാരൻ മറ്റൊരാൾ മുഖേന വ്യാജ ഇന്ത്യൻ പാസ്പോർട്ട് തരപ്പെടുത്തി രാജ്യം വിടാനൊരുങ്ങുമ്പോഴാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായത്. വലിയതുറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചെങ്കിലും വിചാരണ പൂർത്തിയാകുംവരെ തടങ്കൽകേന്ദ്രത്തിൽ തുടരണമെന്നും വ്യവസ്ഥവെച്ചു. ഇത് ചോദ്യംചെയ്തായിരുന്നു ഹരജി. ജാമ്യം ലഭിച്ചിട്ടും സഞ്ചാരസ്വാതന്ത്ര്യം തടയുന്നത് മൗലികാവകാശ ലംഘനമാണെന്ന് ഹരജിക്കാരൻ വാദിച്ചു.
വിചാരണ നേരിടുന്ന വിദേശികൾ പ്രത്യേക അനുമതിയില്ലാതെ രാജ്യം വിടരുതെന്നാണ് നിയമമെങ്കിലും ജാമ്യം ലഭിച്ച ശേഷവും തടഞ്ഞുവെക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ഹൈകോടതി വിലയിരുത്തി. ഇത് ജാമ്യത്തിന്റെ ലക്ഷ്യത്തിനും എതിരാണ്. മജിസ്ട്രേറ്റ് കോടതി അധികാരപരിധി മറികടന്നെന്ന് വിലയിരുത്തിയാണ് ഈ വ്യവസ്ഥ ഒഴിവാക്കിയത്.
ഹരജിക്കാരനെ കേട്ട് ഒരുമാസത്തിനകം നിയമപരമായ തീരുമാനമെടുക്കാൻ തിരുവനന്തപുരത്ത് ഫോറിനേഴ്സ് റീജനൽ രജിസ്ട്രേഷൻ ഓഫിസർക്ക് നിർദേശം നൽകി ഹരജി തീർപ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

