വിഴിഞ്ഞത്ത് വിദേശ വനിതയെ കൂട്ടബലാത്സംഗം ചെയ്യാൻ ശ്രമിച്ചവർക്കെതിരെ കേസെടുക്കാൻ ഡി.സി.പിയുടെ നിർദേശം
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം അടിമലത്തുറയിൽ വിദേശ വനിതയെ അഞ്ചംഗ സംഘം കൂട്ടം ചേർന്ന് ബലാൽസംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ കേസ് എടുക്കാൻ ഡി.സി.പി നിർദേശം നൽകി. സംഭവം നടന്ന് 48 മണിയ്ക്കൂർ കഴിഞ്ഞിട്ടും വിഴിഞ്ഞം പോലീസ് കേസ് എടുക്കാതത് വിവാദമായതിനെ തുടർന്നാണ് ഡിസിപി ഇടപെട്ടത്.
രണ്ട് ദിവസം മുൻപ് രാത്രി അടിമലത്തുറ വഴി വരുകയായിരുന്ന വിദേശ വനിതയെ ടാക്സി ഡ്രൈവറുടെ നേതൃത്വത്തിൽ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ രാത്രി ജോലി കഴിഞ്ഞ് ഇതുവഴി മടങ്ങിയ ഹോട്ടൽ ഷെഫ് ഇതുകാണുകയും തടുക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവതി രക്ഷപ്പെട്ടു ഹോട്ടലിൽ അഭയം തേടുകയുമായിരുന്നു. തുടർന്ന് അഞ്ചംഗം സംഘം ഷെഫിനെ മാരകമായി ആക്രമിച്ചു.
സംഭവത്തെ തുടർന്ന് യുവതിയും ഹോട്ടൽ മാനേജ്മെന്റും പരാതി നൽകി. വിഴിഞ്ഞം സ്റ്റേഷനിലെ രണ്ട് പൊലീസുകാർ എത്തി ദ്വിഭാഷിയുടെ സഹായത്തോടെ മൊഴി എടുത്തിരുന്നുവെങ്കിലും വ്യാഴാഴ്ച വൈകുന്നേരം വരെ വിഴിഞ്ഞം പൊലീസ് കേസ് എടുക്കുവാനോ പ്രതികളെ പിടികൂടാനോ തയ്യാറായില്ല. തുടർന്ന് വിദേശികൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി എത്തി ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയച്ചു. ഇതിനുപിന്നാലെയാണ് ഡിസിപി വിഴിഞ്ഞം ഇൻസ്പെക്ടറോട് യുവതിയെ നേരിൽ കണ്ട് മൊഴി രേഖപ്പെടുത്തി കേസ് എടുക്കാൻ നിർദേശിച്ചത്.
അടിമലതുറ കേന്ദ്രീകരിച്ച് പകൽ സമയം പോലും ലഹരി ഉപയോഗിച്ച് വിദേശികൾ ഉൾപ്പെടെയുള്ളവർക്ക് നേരെയുള്ള അതിക്രമം നിത്യസംഭവമാണെന്ന് പറയപ്പെടുന്നു. എന്നാൽ പൊലീസ് ഈ ഭാഗത്ത് വേണ്ടത്ര ശ്രദ്ധ നൽകുന്നില്ലെന്നും ആരോപണം ഉണ്ട്.