വിദേശ വിദ്യാർഥിക്ക് പീഡനം; ‘കേരള സർവകലാശാല’യിൽ വകുപ്പ് മേധാവിക്ക് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: കേരള സർവകലാശാല കാര്യവട്ടം കാമ്പസിലെ ബംഗ്ലാദേശ് സ്വദേശിയായ നാലുവർഷ ബിരുദ വിദ്യാർഥിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അക്വാട്ടിക് ബയോളജി വകുപ്പ് മേധാവി ഡോ. എസ്.എം. റാഫിയെ സസ്പെൻഡ് ചെയ്തു. വകുപ്പ് മേധാവി സ്ഥാനത്തു നിന്ന് നീക്കാനും സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ഐ.സി.സി.ആർ) സ്കോളർഷിപ്പോടു കൂടി ഇൻറർനാഷനൽ റിലേഷൻ സ്റ്റഡീസ് കോഴ്സിൽ പഠിക്കുന്ന വിദ്യാർഥിയുടെ പരാതിയിൽ കാമ്പസ് ഡയറക്ടർ അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നു. സർവകലാശാല അണ്ടർ ഗ്രാജ്വേറ്റ് സ്റ്റഡീസ് ഡയറക്ടറും റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനു പുറമെ, കാമ്പസ് യൂനിയൻ ചെയർമാനും അധ്യാപകനെതിരെ പരാതി നൽകിയിരുന്നു.
ചൊവ്വാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ വി.സി ഡോ. മോഹനൻ കുന്നുമ്മൽ പ്രത്യേക അജണ്ടയായി വിഷയം കൊണ്ടു വരികയും തുടർന്ന്, സസ്പെൻഡ് ചെയ്യാനും വകുപ്പ് മേധാവി സ്ഥാനത്തു നിന്ന് നീക്കാനും തീരുമാനിക്കുകയായിരുന്നു.
മൂന്നുവർഷം മുമ്പാണ് സർവകലാശാല റാഫിയെ അസോസിയറ്റ് പ്രഫസറായി നേരിട്ട് നിയമിച്ചത്. അന്വേഷണത്തിന് സിൻഡിക്കേറ്റിന്റെ മൂന്നംഗ ഉപസമിതിയെ നിയോഗിക്കാനും അക്വാട്ടിക് ബയോളജി പ്രഫസർ എ. ബിജു കുമാറിന് വകുപ്പ് മേധാവിയുടെ ചുമതല നൽകാനും യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

