വിദേശ തോട്ടംഭൂമി ഏറ്റെടുക്കണം; പട്ടികജാതി-വർഗ അവകാശപത്രിക പ്രകാശനം തിങ്കളാഴ്ച
text_fieldsകോട്ടയം: പട്ടികജാതി- വർഗ അവകാശ പത്രിക പ്രകാശനം തിങ്കളാഴ്ച കോട്ടയത്ത്. കോട്ടയം നെഹ്രു സ്‌റ്റേഡിയത്തിൽ വൈകീട്ട് നാലിന് "പ്രതിധ്വനി" എന്ന പേരിൽ സംഘടിപ്പിക്കുന്ന അവകാശ പ്രഖ്യാപന സംഗമത്തിൽ അവകാശപത്രിക പ്രകാശനം ചെയ്യും.
ഭൂമിക്കും വിദ്യാഭ്യാസത്തിനും തൊഴിലും വേണ്ടിയുള്ള പ്രക്ഷോഭത്തിന് ദലിത് - ആദിവാസി സംയുക്ത സമിതിയുടെ സംസ്ഥാന കമ്മിറ്റിയാണ് അവകാശപത്രിക തയാറാക്കിയത്. മിച്ചഭൂമി പിടിച്ചെടുത്ത് കേരളത്തിലെ ഭൂരാഹിത്യം പരിഹരിക്കുന്നയെന്നത് വർത്തമാനകാലത്തെ മിത്താണ്. മിച്ചഭൂമിയുമായി ബന്ധപ്പെട്ട് കോടതി വ്യവഹാരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഏതാനും കേസുകൾ കോടതിയുള്ളത്. മിച്ചഭൂമി പിടിച്ചെടുത്ത് ഭൂരാഹിത്യം പരിഹരിക്കാനാവില്ലെന്ന് പത്രിക പറയുന്നു.
നിവേദിത പി. ഹരൻ മുതൽ ഡോ. എം.ജി രാജമാണിക്യം വരെ സർക്കാരിന് നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 1947ന് മുമ്പ് വിദേശ കമ്പനികൾ കൈവശം വെച്ചിരുന്ന തോട്ടംഭൂമി നിയമ നിർമാണത്തിലൂടെ ഏറ്റെടുക്കണമെന്നാണ് പത്രികയിലെ ഒന്നാമത്തെ ആവശ്യം. ജനാധിപത്യ വ്യവസ്ഥക്കുള്ളിൽ നിന്ന് സർക്കാരിന് നിയമനിർമാണത്തിലൂടെ വിദേശ തോട്ടങ്ങൾ ഏറ്റെടുക്കാൻ കഴിയുമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ 'മാധ്യമം' ഓൺലൈനോട് പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ മേഖലയിൽ പ്രവേശിക്കുന്നതിൽ എസ്.സി.-എസ്.ടി വിദ്യാർഥികൾ നിരവധി പ്രശ്നങ്ങൾ നേരിടുന്നു. അതിനെല്ലാം സർക്കാർ തലത്തിൽ പരിഹാരം ഉണ്ടക്കണമെന്നാണ് രണ്ടാമത്തെ ആവശ്യം. സർക്കാർ ധനം മുടക്കുന്ന കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലും സർക്കാർ ഭൂമിയും മറ്റ് ആനുകൂല്യങ്ങളും നൽകുന്ന സ്വാകര്യ സംരംഭ മേഖലയിലും പട്ടിക വിഭാഗങ്ങൾക്ക് സംവരണം അനുവദിക്കണമെന്നാണ് മൂന്നാത്തെ ആവശ്യം.
ചരിത്രത്തിൽ വിവേചനത്തിന്റെ സാമൂഹിക പരിസരം ജാതിയായിരുന്നുവെന്നും സാമ്പത്തികമല്ലെന്ന് അവകാശപത്രിക ഓർമ്മപ്പെടുത്തുന്നു. ജനധിപത്യ സമൂഹവും സർക്കാരും ചെയ്യേണ്ട സാമൂഹിക നീതിയെക്കുറിച്ചാണ് പത്രിക വിശദീകരിക്കുന്നത്. മലയാളി മെമ്മോറിയലിനും ഇഴവ മെമ്മോറിയലിനും ശേഷം ആദിവാസി ദലിത് സംഘടനകൾ പിറന്ന മണ്ണിൽ ജീവിക്കാനായി നടത്തുന്ന പുതിയൊരു പ്രഖ്യാനമാണിതെന്ന് സമിതി നേതാക്കൾ അവകാശപ്പെടുന്നു.
കേരളത്തിലെ 28ൽ അധികം ദലിത് ആദിവാസി സംഘടനകൾ പരിപാടിയിൽ പങ്കെടുക്കും. സമ്മേളനം ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. സംയുക്ത സമിതി ചെയർമാൻ കെ.കെ. സുരേഷ് അധ്യക്ഷത വഹിക്കും. ഖജാൻജി അഡ്വ. വി.ആർ. രാജു സ്വാഗതവും ജോ. കൺവീനർ എം.ടി. സനീഷ് നന്ദിയും പറയും. അവകാശങ്ങളെ സംബന്ധിച്ചും പ്രക്ഷോഭത്തിന്‍റെ തുടർ കാര്യങ്ങളെ സംബന്ധിച്ചുമുള്ള പ്രഖ്യാപനം സമിതിയുടെ വൈസ് ചെയർമാൻ പി.കെ. സജീവ് നടത്തും.
കെ.പി.എം.എസ്, ചേരമ സാംബവ ഡെവലപ്മന്റെ് സൊസൈറ്റി, അഖില കേരള ചേരമർ ഹിന്ദു മഹാസഭ, ഐക്യ മലയരയ മഹാസഭ, കേരള ചേരമ സംഘം, സാംബവ മഹാസഭ, അരുന്ധതിയാർ ചക്ലിയാർ സമുദായ സമിതി, അയ്യനവർ മഹാജനസംഘം, അഖില കേരള പാണർ സമാജം, കുറവർ സമുദായ സംരക്ഷണ സമിതി, ഭാരതീയ വേലൻ മഹാസഭ, ഉള്ളാട മഹാസഭ, പരവർ സർവീസ് സൊസൈറ്റി, ആദിവാസി ദലിത് സാംസ്കാരിക സഭ, സിറ്റിസൺ ഫോറം ഇന്ത്യ, തിരുവിതാംകൂർ വേടൻ മഹാസഭ, കേരള വേടർ സമാജം, ഭാരതീയ വേലൻ സഭ, എയ്ഡഡ് സെക്ടർ റിസർവേഷൻ ആന്റ് റെപ്രസെന്റേഷൻ മൂവ്മെന്റ്, അയ്യനവർ മഹാജന സംഘം, വേടൻ ഗോത്ര മഹാസഭ, കേരള സാബവ സഭ, ആദിവാസി മലവേടൻ മഹാസഭ, കാണി സമുദായ ഏകോപന സമിതി, കേരള കാക്കാല സർവീസ് സൊസൈറ്റി, കാക്കാല കുറവൻ മഹാസഭ, കേരള തണ്ടാർ മഹാസഭ തുടങ്ങിയ സംഘനകളാണ് സംയുക്ത സമിതിയിൽ അണി ചേർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

