വിദേശ തൊഴിൽ തട്ടിപ്പ്; പിടിയിലായ യുവതിക്കെതിരെ നിരവധി പരാതികൾ
text_fieldsപിടിയിലായ കാർത്തിക
കൊച്ചി: വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പിടിയിലായ യുവതിക്കെതിരെ പരാതികളേറെ.
യു.കെയിൽ ജോലി വാഗ്ദാനം ചെയ്ത് 5.23 ലക്ഷം രൂപ തട്ടിയ ടേക് ഓഫ് ഓവർസീസ് എജുക്കേഷനൽ കൺസൾട്ടൻസി ഉടമ കാർത്തിക പ്രദീപിനെതിരെയാണ് പരാതികളുമായി നിരവധിപേർ രംഗത്തെത്തിയത്.
തൃശൂർ സ്വദേശിനിയുടെ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. യു.കെയിൽ സോഷ്യൽ വർക്കറായി ജോലി നൽകാമെന്നുപറഞ്ഞ് പല തവണയായി തൃശൂർ സ്വദേശിനിയുടെ പക്കൽനിന്ന് പുല്ലേപ്പടിയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം 5.23 ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു.
പത്തനംതിട്ട സ്വദേശിനിയായ കാർത്തിക തൃശൂരിലാണ് നിലവിൽ താമസിക്കുന്നത്. പരാതിയായതോടെ കൊച്ചിയിലെ സ്ഥാപനം പൂട്ടി ഇവർ മുങ്ങിയിരുന്നു. കോഴിക്കോട്ടുനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പ്രതി യുക്രെയ്നിൽനിന്നും എം.ബി.ബി.എസ് പാസായതാണെന്നാണ് മൊഴിയെന്ന് പൊലീസ് പറഞ്ഞു.
തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട് ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലും സ്ഥാപനത്തിനെതിരെ പരാതികളുണ്ട്. കൊച്ചിയിൽ മാത്രം 30 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക വിവരം.
സ്ഥാപനത്തിന് ലൈസൻസില്ലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

