‘ഭർത്താവും ഇടനിലക്കാരനും ചേർന്ന് അവയവ കച്ചവടത്തിന് നിർബന്ധിച്ചു’
text_fieldsപേരാവൂർ (കണ്ണൂർ): ഭർത്താവും ഇടനിലക്കാരനും ചേർന്ന് അവയവ കച്ചവടത്തിന് നിർബന്ധിച്ചെന്ന് ആദിവാസി യുവതിയുടെ വെളിപ്പെടുത്തൽ. ഇവരെ വൃക്കദാനത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിൽ കേളകം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പേരാവൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. നെടുംപൊയിൽ 24ാം മൈൽ സ്വദേശിനിയാണ് കണ്ണൂർ ഡി.ഐ.ജിക്ക് പരാതി നൽകിയത്. ഭർത്താവ് അനിൽകുമാറും ഇടനിലക്കാരനായ പെരുന്തോടി സ്വദേശി ബെന്നിയും ചേർന്ന് അവയവദാനത്തിന് പ്രേരിപ്പിച്ചുവെന്നാണ് പരാതി. വൃക്ക ദാനം ചെയ്യാൻ ഇടനിലക്കാരൻ വാഗ്ദാനം ചെയ്തത് ഒമ്പത് ലക്ഷം രൂപയാണ്. അവയവ വിൽപനയിൽനിന്ന് പിന്മാറിയതിനു പിന്നാലെ വധഭീഷണിയുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു.
ഇവരുടെ വെളിപ്പെടുത്തൽ പ്രകാരം അവയവ കച്ചവടത്തിന് ആദ്യം ഇടനിലക്കാർ ബന്ധപ്പെട്ടത് ഭർത്താവിനെയാണ്. ആറ് ലക്ഷം രൂപക്കാണ് എട്ടുവർഷം മുമ്പ് ഭർത്താവിന്റെ വൃക്ക വിൽപന നടത്തിയത്. ഒന്നരവർഷം മുമ്പ് ഇതേ ഇടനിലക്കാരൻ വീണ്ടും യുവതിയുടെ വീട്ടിലെത്തി. ഇത്തവണ ആവശ്യപ്പെട്ടത് 29 കാരിയായ യുവതിയുടെ വൃക്ക. പ്രതിഫലമായി ഒമ്പതുലക്ഷം രൂപയും വാഗ്ദാനം ചെയ്തു. പിന്നാലെ ഇടനിലക്കാരനും ഭർത്താവും ചേർന്ന് യുവതിയെ ആലുവയിൽ എത്തിച്ചു. താൽക്കാലിക മേൽവിലാസം ഉണ്ടാക്കി വൃക്ക കൈമാറ്റത്തിനുള്ള രേഖകൾ ശരിയാക്കി. പിന്നാലെ മെഡിക്കൽ ടെസ്റ്റുകളും പൂർത്തിയാക്കി. എന്നാൽ, ശസ്ത്രക്രിയക്കുള്ള തീയതി നിശ്ചയിച്ചതിനു പിന്നാലെ വൃക്ക നൽകാനുള്ള തീരുമാനത്തിൽനിന്ന് യുവതി പിന്മാറി.
തിരികെ വീട്ടിലെത്തിയതിനുശേഷം ഏജന്റും ഭർത്താവും ചേർന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. ഇതോടെയാണ് കേളകം പൊലീസിൽ പരാതി നൽകിയത്. ഇടനിലക്കാരനായ ബെന്നി മുഖാന്തരം മറ്റു പലരും അവയവക്കച്ചവടത്തിന് ഇരയായിട്ടുണ്ടെന്നാണ് യുവതിയുടെ ആരോപണം. പേരാവൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ശനിയാഴ്ച ഇവരുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. ആരോഗ്യവകുപ്പും അന്വേഷണം നടത്തുന്നുണ്ട്. അവയവദാനത്തിന് ഭർത്താവ് ഒന്നരവർഷമായി നിരന്തരം പ്രേരിപ്പിക്കുകയും മർദിക്കുകയും ചെയ്യുന്നുവെന്ന് യുവതി പറയുന്നു.
ജോലി വാഗ്ദാനം ചെയ്ത്അവയവദാനത്തിന്പ്രേരിപ്പിച്ചെന്ന്
നെടുമ്പാശ്ശേരി: വിദേശത്ത് തൊഴിൽ വാഗ്ദാനം ചെയ്ത് കൊണ്ടുപോയും അവയവദാനത്തിന് ചിലരെ പ്രേരിപ്പിച്ചെന്ന് വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം പിടിയിലായ ഇടപ്പള്ളിയിൽ താമസിക്കുന്ന എടത്തല സ്വദേശി സജിത് ശ്യാമിനെ ചോദ്യം ചെയ്തതിൽനിന്നാണ് ഈ വിവരം ലഭ്യമായത്.
തട്ടിപ്പിനിരകളായ ആരും ഇതുവരെ പരാതിയുമായി രംഗത്തുവന്നിട്ടില്ല. തട്ടിപ്പ് സംഘത്തിൽ മലയാളികളായ കൂടുതൽ കണ്ണികളുണ്ട്. ഇവരിൽ പ്രധാനി കൊച്ചി സ്വദേശിയായ മധുവാണ്. ഇയാൾ ഇറാനിലാണെന്നാണ് വിവരം. തട്ടിപ്പിനിരയായ പാലക്കാട് സ്വദേശി ഷമീറും വിദേശത്താണ്. ഇൻസ്റ്റഗ്രാം വഴി ബന്ധപ്പെടാൻ പൊലീസ് ശ്രമിച്ചെങ്കിലും ഇയാൾ സഹകരിക്കുന്നില്ല. സജിത് ശ്യാമാണ് ഈ റാക്കറ്റിനുവേണ്ടി പണം കൈപ്പറ്റി ഏജൻറുമാർക്ക് ഉൾപ്പെടെ കൈമാറിയിരുന്നത്. തമിഴ്നാട്, ആന്ധ്ര, പശ്ചിമബംഗാൾ, ഒഡിഷ എന്നിവിടങ്ങളിലും ഏജൻറുമാരുണ്ട്.
അന്വേഷണം ഊർജിതമായി മുന്നോട്ടുപോകുകയാണെന്ന് റൂറൽ എസ്.പി ഡോ. വൈഭവ് സക്സേന പറഞ്ഞു. കൂടുതൽ മലയാളികൾ തട്ടിപ്പ് സംഘത്തിലുൾപ്പെട്ടിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

