പ്രവാസികൾക്കായി: ഇൻഷുറൻസ് പദ്ധതി, പ്രവാസി മിഷൻ
text_fieldsതിരുവനന്തപുരത്ത് ലോക കേരളസഭയുടെ സമാപനത്തിനുശേഷം വനിത പ്രതിനിധികൾക്കൊപ്പം സെൽഫിയെടുക്കുന്ന നോർക്ക സെക്രട്ടറി ഡോ. വാസുകി
തിരുവനന്തപുരം: പ്രവാസികൾക്ക് സമഗ്ര ഇൻഷുറൻസ് പദ്ധതിയെന്ന ദീർഘകാല ആവശ്യം നോർക്ക ഇൻഷുറൻസ് പദ്ധതി ആരംഭിക്കുന്നതോടെ യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുടുംബശ്രീ മാതൃകയിൽ പ്രവാസി മിഷൻ രൂപവത്കരിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. പ്രവാസി പുനരധിവാസത്തിന് കൂടുതൽ നടപടികൾക്കായി പ്രവാസി ഗ്രാമസഭകൾ വിളിച്ചുചേർത്ത് സ്വയം സഹായസംഘങ്ങൾ, സഹകരണ സംഘങ്ങൾ എന്നിവ രൂപവത്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാലാം ലോക കേരളസഭയുടെ സമാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീടില്ലാത്ത പ്രവാസികൾക്ക് വീട് വെക്കാൻ പ്രത്യേകപദ്ധതി രൂപവത്കരിക്കണമെന്ന നിർദേശം പരിശോധിച്ച് പ്രത്യേക പദ്ധതിയായി നടപ്പാക്കും. പ്രവാസി ക്ഷേമ ഫണ്ട് രൂപവത്കരിക്കേണ്ടത് അനിവാര്യമാണ്. കുടിയേറ്റ തൊഴിലാളികളെ കയറ്റിയയക്കുന്ന രാജ്യങ്ങളുടെ ഐക്യത്തിലൂടെ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാനാവൂ. കേരളത്തിൽ നിന്നുള്ള കുടിയേറ്റം വർധിക്കാനുള്ള സാധ്യത മുന്നിൽകണ്ട് കേരളീയർ തമ്മിലുള്ള കൂട്ടായ്മകൾ ശക്തിപ്പെടുത്തണം. കുടിയേറ്റ തൊഴിലാളികളെ അയക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മകളുമുണ്ടാകണം.
ആതിഥേയ രാജ്യങ്ങളിലെ മാറുന്ന തൊഴിൽ, കുടിയേറ്റ നിയമങ്ങളെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ അഭാവം പ്രവാസികൾക്ക് വെല്ലുവിളി ഉയർത്താറുണ്ട്. ഇതിന് പരിഹാരം കാണാൻ ഇടപെടലുണ്ടാകും. സീസൺ കാലത്ത് വലിയ തോതിൽ വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് പ്രവാസികളെ പിഴിയുന്ന പ്രവണതയുണ്ട്. ഗൾഫിലെ തുറമുഖങ്ങളിൽനിന്ന് കേരളത്തിലേക്ക് കുറഞ്ഞ ചെലവിൽ കപ്പൽ യാത്ര യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ നോർക്ക റൂട്സും മാരിടൈം ബോർഡും ആരംഭിച്ചിട്ടുണ്ട്. ഉത്സവ സീസണിൽ ഉത്തരേന്ത്യയിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ ട്രെയിൻ സർവിസുകൾ ഏർപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ തനത് കലകളും സംസ്കാരവും വിദേശരാജ്യങ്ങളിൽ പ്രദർശിപ്പിക്കുന്നതിന്റെയും ബ്രാൻഡ് ചെയ്യുന്നതിന്റെയും ഭാഗമായി കേരള കലാമണ്ഡലം വിവിധ കലകളെ കോർത്തിണക്കിയുള്ള ഷോ വിവിധ രാജ്യങ്ങളിൽ സംഘടിപ്പിക്കും. ആദ്യ ഷോ അമേരിക്കയിൽ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക കേരളസഭ മുടങ്ങാതിരിക്കാൻ നിയമപരിരക്ഷ
തിരുവനന്തപുരം: ലോക കേരളസഭ ഭാവിയിൽ ഏതെങ്കിലും സാഹചര്യത്തിൽ നിന്നുപോവാതിരിക്കാൻ നിയമപരിരക്ഷ നൽകുമെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷത്തോടടക്കം ഇത്തരം കാര്യം ചർച്ചചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

