ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിലെ അതിക്രമ ദൃശ്യങ്ങൾ പുറത്ത്
text_fieldsപത്തനംതിട്ട: യൂട്യൂബർ രാജൻ ജോസഫിനെ കസ്റ്റഡിയിലെടുത്ത് എത്തിച്ച സമയത്ത് അടൂർ പൊലീസ് സ്റ്റേഷനിൽ കോൺഗ്രസ് ജില്ല പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെയും യൂത്ത് കോൺഗ്രസ് നേതാവ് ഫെനി നൈനാന്റെയും നേതൃത്വത്തിൽ നടത്തിയ അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ ജൂലൈ 11ന് നടന്ന സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
പൊലീസ് ജീപ്പിൽ പ്രതിയെ കൊണ്ടുവരുമ്പോൾ സ്റ്റേഷൻ വളപ്പിൽ കയറി ഒരു സംഘം പ്രതിയെ മർദിക്കുന്നതും സ്റ്റേഷനുള്ളിൽ കയറിയ ശ്രീനാദേവി കുഞ്ഞമ്മ പൊലീസ് നോക്കിനിൽക്കെ ലോക്കപ്പിലുള്ള പ്രതിയെ ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്. ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ കേസിലാണ് യൂട്യൂബർ രാജൻ ജോസഫിനെ എറണാകുളത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്.
അടൂർ പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുന്ന സമയത്ത് ശ്രീനാദേവിയുടെയും മറ്റും നേതൃത്വത്തിൽ ഇരുപതോളം വരുന്ന സംഘമാണ് സ്റ്റേഷൻ വളപ്പിൽ കാത്തുനിന്ന് അതിക്രമത്തിന് മുതിർന്നത്. സംഭവത്തിൽ രണ്ട് പൊലീസുകാർക്കും പരിക്കേറ്റിരുന്നു. പൊലീസ് ഇയാളെ പിടിച്ചുവലിച്ച് സ്റ്റേഷനുള്ളിലേക്ക് കൊണ്ടുപോയതിന് പിന്നാലെ ഫെനി നൈനാനൊപ്പം സ്റ്റേഷനുള്ളിൽ കയറിയ ശ്രീനാദേവി ലോക്കപ്പിന് മുന്നിലെത്തി ഉള്ളിലുള്ള രാജൻ ജോസഫിനോട് എന്തോ പറയുന്നതും ഇതെല്ലാം പൊലീസുകാരൻ മൊബൈലിൽ ചിത്രീകരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

