'അന്നം മുടക്കികൾ കടക്ക് പുറത്ത്': ബാനർ വെച്ച് ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോർ വിതരണം
text_fieldsതിരുവനന്തപുരം: ആരോഗ്യമന്ത്രി കെ. മുരളീധരന്റെ ഫ്ലക്സ് വെച്ച് ഡി.വൈ.എഫ്.ഐ പൊതിച്ചോറ് വിതരണം നടത്തി. 'അന്നം മുടക്കികൾ കടക്ക് പുറത്ത്' എന്ന് എഴുതിയ ബാനറുമായാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡി.വൈ.എഫ്.ഐ പൊതിച്ചോറ് വിതരണം നടത്തിയത്. ഡി.വൈ.എഫ്.ഐ കോവിൽവിള യൂണിറ്റാണ് പരിപാടി സംഘടിപ്പിച്ചത്. മുൻമന്ത്രി വി. ശിവൻകുട്ടി സ്ഥലത്തെത്തി പൊതിച്ചോറ് വിതരണം നിർവഹിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ 4000-ത്തോളം വരുന്ന ആളുകൾക്ക് ദിനംപ്രതി ഡി.വൈ.എഫ്.ഐ പൊതിച്ചോർ നൽകുന്നുണ്ട്.
മന്ത്രിയുടെ രാഷ്ട്രീയ പാർട്ടിയിലെ യുവജന സംഘടനകൾ ഇത് ചെയ്യുന്നുണ്ടോ എന്നും മന്ത്രി പ്രസ്താവനയിൽ നിന്ന് പിൻവാങ്ങിയാൽ മാത്രം പോരാ, ഖേദം പ്രകടിപ്പിക്കണമെന്നും വി. ശിവൻകുട്ടി പറഞ്ഞു. പൊതിച്ചോർ പദ്ധതിക്ക് തിരുവനന്തപുരത്ത് ആദ്യമായി തുടക്കം കുറിച്ചത് അന്നത്തെ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഐ. സാജുവും മെഡിക്കൽ കോളജിലെ പ്രതിഷേധത്തിൽ പങ്കെടുത്തു. പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ. മുരളീധരൻ നടത്തിയ പരാമർശം വലിയ വിവാദത്തിനും പ്രതിഷേധത്തിനും കാരണമായിരുന്നു.
സർക്കാർ ആശുപത്രികളിൽ ബാനർ, കൊടി എന്നിവയോടെ സംഘടനകൾ നടത്തുന്ന പൊതിച്ചോർ വിതരണം നിർത്തലാക്കാമെന്നായിരുന്നു പ്രസ്താവന. കമ്യൂണിറ്റി കിച്ചണിലൂടെ മാത്രമേ ഭക്ഷണ വിതരണം നടത്താവൂ എന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതോടെ ജനങ്ങളിൽ നിന്നും ഇടതു സംഘടനകളിൽ നിന്നും കടുത്ത പ്രതിഷേധം ഉയർന്നു. വിമർശനം കടുത്തതോടെ മന്ത്രി നിലപാട് മാറ്റിയെങ്കിലും പ്രതിഷേധം നിർത്താൻ ഡി.വൈ.എഫ്.ഐ തയാറായിട്ടില്ല.
അതേസമയം, പൊതിച്ചോർ വിവാദത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തുവന്നിരുന്നു. പൊതിച്ചോർ വിതരണം നിരോധിക്കുന്നതു കൊണ്ട് എന്ത് നേട്ടമാണ് യു.ഡി.എഫ് സർക്കാറിനും ആരോഗ്യമന്ത്രിക്കും ഉള്ളതെന്നും പിണറായി വിജയൻ ചോദിച്ചു. സങ്കുചിത രാഷ്ട്രീയത്തിന്റെ വിഷം കലക്കാൻ മനുഷ്യത്വമില്ലാത്തവർക്ക് മാത്രമേ സാധിക്കുകയുള്ളൂ. ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം മനുഷ്യർക്ക് ആഹാരം നിഷേധിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നത്. രാഷ്ട്രീയ വൈരമല്ല, ജനങ്ങളുടെ ക്ഷേമമാണ് സർക്കാരിനെ നയിക്കേണ്ടത്. വിശക്കുന്നവന് ആഹാരം നൽകുക എന്നത് മനുഷ്യത്വമാണെന്ന് തിരിച്ചറിയാനുള്ള വിവേകമെങ്കിലും സർക്കാറിന് ഉണ്ടാകണമെന്നും പിണറായി വിജയൻ വിമർശിച്ചു. ഫേസ്ബുക്ക് വഴിയാണ് പിണറായി വിജയൻ വിമർശനം ഉന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

