ഭക്ഷണ ബത്ത ലഭിച്ചില്ല; പോസ്റ്റിട്ട പൊലീസ് ഓഫിസർക്ക് സസ്പെൻഷൻ
text_fieldsപത്തനംതിട്ട: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള ഭക്ഷണ ബത്ത ലഭിച്ചില്ലെന്ന് ആരോപിച്ച് വാട്സ്ആപ് ഗ്രൂപ്പില്‍ പോസ്റ്റിട്ട സിവില്‍ പൊലീസ് ഓഫിസറെ സസ്പെന്‍ഡ് ചെയ്തതില്‍ സേനക്കുള്ളില്‍ അമര്‍ഷം. മോശമായ വാക്ക് ഉപയോഗിച്ചാണെങ്കിലും പൊലീസുകാരന് ചൂണ്ടിക്കാട്ടിയ പ്രശ്നം ഇതുവരെ പരിഹരിക്കപ്പെട്ടതുമില്ല. അടൂര്‍ ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂനിറ്റില്‍ ജോലി ചെയ്യുന്ന സുനില്‍കുമാറിനെയാണ് (സുനില്‍ മാവടി) ജില്ല പൊലീസ് മേധാവി വി. അജിത് സസ്പെന്‍ഡ് ചെയ്തത്. ഇദ്ദേഹത്തിനെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് തണ്ണിത്തോട് പൊലീസ് ഇന്‍സ്പെക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് വരണാധികാരി കൂടിയായ കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്. അടൂര്‍ മണ്ഡലത്തില്‍ ഡ്യൂട്ടിക്ക് നിയോഗിച്ച സര്‍വയ്ലന്‍സ് ടീമില്‍ അംഗമായിരുന്നു സുനില്‍കുമാര്‍. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരും നോഡല്‍ ഓഫിസര്‍മാരുമുള്ള എം.ഐ.സി.സി സ്ക്വാഡ്സ് എന്ന വാട്സ്ആപ് ഗ്രൂപ്പില്‍ ഭക്ഷണ ബത്ത ലഭിക്കുന്നില്ലെന്ന് കാട്ടി ഉപവരണാധികാരിയെ അടക്കം അപമാനിക്കുന്ന തരത്തില്‍ ഏപ്രില്‍ 19ന് ഇട്ട പോസ്റ്റുകളാണ് നടപടിക്ക് ആധാരം.
സമൂഹമാധ്യമങ്ങളില്‍ മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അപമാനിക്കുന്ന തരത്തില്‍ ഇട്ട പോസ്റ്റ് അച്ചടക്കലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെന്ഷന്. ‘‘ഇത് സര്‍ക്കാറിന്റെ ഖജനാവില്‍നിന്ന് എടുത്തുകൊടുക്കേണ്ടതല്ല. കേന്ദ്രം ഇലക്ഷന് കമീഷന്വക അയച്ചുകൊടുത്തിരിക്കുന്ന തുകയാണ്. ഇത് ഏതു തെണ്ടിക്കാണ് തടഞ്ഞുവെക്കാന്‍ അധികാരം...’’ എന്നിങ്ങനെയായിരുന്നു പരാമർശം. അടൂര്‍ ഉപവരണാധികാരി ഇതുസംബന്ധിച്ച് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും അദ്ദേഹം അത് അടിയന്തര നടപടി ആവശ്യപ്പെട്ട് എസ്.പിക്ക് കൈമാറുകയുമായിരുന്നു.
കലക്ടറുടെ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ സസ്പെന്ഷന് ഉത്തരവുമെത്തി. മറ്റ് എല്ലാ മണ്ഡലങ്ങളിലും ഭക്ഷണബത്ത കൃത്യമായി നല്‍കിയിട്ടുണ്ട്. മോശം വാക്കുകള്‍ പൊലീസുകാരന് ഉപയോഗിച്ചതിനെ സേനയില്‍ ആരും അനുകൂലിക്കുന്നില്ല. എങ്കിലും അയാളെ സസ്പെന്‍ഡ് ചെയ്തപ്പോഴെങ്കിലും ബത്ത നല്കാന് തയാറാകണമെന്നാണ് ഡ്യൂട്ടി ചെയ്തവര്‍ക്കിടയില്‍ ഉയരുന്ന ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.