ഭക്ഷ്യവസ്തുക്കളിലെ മായം ഇനി വീട്ടിൽതന്നെ കണ്ടെത്താം
text_fieldsrepresentative image
ബേപ്പൂർ: ഭക്ഷ്യവസ്തുക്കളിലെ മായം ശാസ്ത്രീയമായി അറിയാനുള്ള മാർഗങ്ങൾ കേരള ഫിഷറീസ് - സമുദ്രപഠന സർവകലാശാലയിലെ (കുഫോസ്) ഫുഡ് സയൻസ് വിദ്യാർഥികൾ പഠനത്തിലൂടെ കണ്ടെത്തി.
മലയാളിയുടെ അടുക്കളയിലെ നിത്യസാധനങ്ങൾ മായം കലർന്നതാണോ ശുദ്ധമായതാണോ എന്ന് തിരിച്ചറിയുന്നതിന് വീട്ടമ്മമാർക്ക് എളുപ്പത്തിൽ കണ്ടുപിടിക്കാനുള്ള മാർഗങ്ങളാണിവർ കണ്ടെത്തിയത്.
മുളക്,മല്ലി, മഞ്ഞൾ, ഗ്രീൻപീസ്, തേൻ, നെയ്യ്, വെളിച്ചെണ്ണ,ചായപ്പൊടി, പാൽ, പപ്പടം തുടങ്ങിയവയുടെ ഗുണമേന്മ കണ്ടുപിടിക്കുന്നതിനെക്കുറിച്ച് എട്ട് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയും വിദ്യാർഥികൾ അവതരിപ്പിച്ചിട്ടുണ്ട്. ലോക ഭക്ഷ്യ ദിനാചരണത്തോടനുബന്ധിച്ചാണ് പൊതുജനങ്ങൾക്ക് വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ കുഫോസ് വിദ്യാർഥികൾ വിഡിയോ വിശദമായി സമർപ്പിച്ചത്.
കുഫോസിലെ ഫുഡ് സയൻസ് ആൻഡ് ടെക്നോളജി വകുപ്പിൽ എം.എസ്സി ഫുഡ് സയൻസ് കോഴ്സിലെ മൂന്നാം സെമസ്റ്റർ വിദ്യാർഥികളായ അഞ്ജു ബാബു, ആൽഫി ജി. ഗാഥറിൻ, അശ്വതി അശോകൻ, ഉല്ലാസിനി, അഭിരാമി, ദീപ്തി ഡാവിഡ്സൺ, എയ്ഞ്ചൽ ജാസ്മിൻ, ടിൻറു സൈമൺ, പി.മുഹമ്മദ് ഹാസിൽ എന്നിവരുടെ നേതൃത്വത്തിലാണ് പരീക്ഷണ പഠനവും വിഡിയോയും തയാറാക്കിയത്.
വീട്ടമ്മമാർക്ക് അടുക്കളയിൽ നിന്ന് പുറത്തുപോകാതെ തന്നെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം അളക്കാനും മായം കലർന്നിട്ടുണ്ടോയെന്ന് കണ്ടെത്താനും കഴിയുന്ന ലളിതമായ മാർഗങ്ങളാണ് ഇതിൽ വിശദീകരിക്കുന്നത്. വിഡിയോയുടെ പ്രകാശനം കുഫോസ് ഭരണസമിതി യോഗത്തിൽ വൈസ് ചാൻസലർ ടിങ്കു ബിസ്മാൾ നിർവഹിച്ചു. കുഫോസിെൻറ യുട്യൂബ് ചാനലിൽ വിഡിയോ ലഭ്യമാണ്.